Advertisment

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഒരു ആസ്വാദനം

author-image
സത്യം ഡെസ്ക്
Updated On
New Update

വായനാസ്വാദനം :ഹരിഹരൻ പങ്ങാരപ്പിള്ളി

നോവൽ : മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

എഴുത്തുകാരൻ : എം മുകുന്ദൻ

പ്രസാധകർ : ഡി സി ബുക്ക്സ്

പേജുകൾ : 304

വില : 295 രൂപ

------------------------------------------------------------------

ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാല് ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഈ നോവലിന് എം പി പോൾ അവാർഡും , മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട് .

------------------------------------------------------------------

Advertisment

publive-image

പ്രധാന കഥാപാത്രം :ദാസൻ

ദാസന്റെ പിറവിക്ക് മുൻപ് , ദാസന്റെ പിറവിക്ക് ശേഷം ഫ്രഞ്ച് അധിനിവേശ കോളനികളിൽ ഒന്നായ മയ്യഴിയുടെ ചരിത്രം . മയ്യഴിക്ക് സ്വാതന്ത്ര്യം വാങ്ങിച്ചുകൊടുത്ത സമര ചരിത്രമാണ് ഈ നോവൽ .

ഫ്രഞ്ച് ഭാഷയുടെ പ്രയോഗം പലയിടങ്ങളിലും ഉള്ളതിനാൽ അല്പം ശ്രദ്ധയോടെ വായിച്ച് പോയില്ലെങ്കിൽ ശരിയായ വായനയിലേക്കെത്തില്ലെന്നൊഴിച്ചാൽ ബാക്കിയെല്ലാം പഴയ കാല വിദേശ ഭരണത്തിൻ കീഴിലുള്ള ഇന്ത്യയുടെ അവസ്ഥയെ അടയാളപ്പെടുത്തി കടന്നുപോകുന്ന മനോഹരമായ നോവൽ എന്ന് തന്നെ പറയാം .

എഴുത്തുകാരൻ ജനിച്ച നാടും മയ്യഴി ആയതിനാൽ ആ നാട്ടിലെ ഓരോ മുഖങ്ങളെയും ജീവനോടെ വർണ്ണിക്കാൻ കഴിഞ്ഞതിൽ അദ്ദേഹത്തിന്റെ നിരീക്ഷണ പാടവത്തെ എടുത്തു പറയേണ്ട ഒന്നാണ് ........

തന്റെ അധ്യാപകനായ കുഞ്ഞനന്തൻ മാസ്റ്ററിൽ നിന്ന് കമ്മ്യൂണിസത്തിന്റെ ബാല പാഠങ്ങൾ ഉൾക്കൊണ്ട ദാസിന്റെ ഗുരുവും മാഷ് തന്നെ ആയിരുന്നു .

ദാസൻ എന്ന കേന്ദ്ര കഥാപാത്രം പറയുന്ന ഒരു വാചകത്തിൽ നിന്ന് തുടങ്ങാം .."എനിക്ക് ഗാന്ധിയും മാർക്‌സും ആകേണ്ട മനുഷ്യനായാൽ മതി " ......ഈ വാചകത്തിൽ നിന്ന് തന്നെ ആ രചനയുടെ പൂർത്തീകരണം എത്തിച്ചേരുന്നത് മനുഷ്യനെ പരാജയം ഉള്ളൂ എന്നതാണ്.

മയ്യഴിയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച് അവസാനം കിടക്കാൻ സ്വന്തം പേരിൽ ഒരിടമില്ലാതെ ദാസൻ എന്ന വിദ്യാസമ്പന്നനായ ചെറുപ്പക്കാരൻ ജീവിതം പോലും ഇല്ലാതെ ഈ ഭൂമിയിൽ നിന്ന് വിടപറയുന്ന കാഴ്ച നമ്മളെയും വിപ്ലവകാരിയാക്കുകയാണ് ചെയ്യുന്നത് .

ദാരിദ്ര്യത്തിൽ നിന്ന് പടവെട്ടി കേറി വന്ന് നല്ല വിദ്യാഭ്യാസം നേടിയിട്ടും , ഒരു വെള്ളക്കാരന്റെ മുന്നിലും ഓശാരത്തിന് നിൽക്കാതെ തന്റെ ജന്മദേശത്തിന് സ്വാതന്ത്ര്യം വാങ്ങിച്ചുകൊടുക്കലാണ് തന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കി വീടും കുടുംബവും ഉപേക്ഷിച്ച് സമരമുഖങ്ങളിലേക്ക് ധീരനായി മുന്നേറിയപ്പോൾ നാട്ടിൽ നിന്ന് അന്യദേശത്തിലേക്ക് ഒളിച്ചോടേണ്ടി വന്നതിന്റെയും പിന്നീട് ജയിൽ വാസം അനുഭവിക്കേണ്ടി വന്നതിന്റെയും നേർക്കാഴ്ച നമുക്ക് സമ്മാനിക്കുമ്പോൾ കേരളത്തിലെ പഴയകാല സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രവും ഒരുപോലിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും ....

സമരചരിത്ര നോവലിൽ മനോഹരമായ പ്രണയം ഒളിപ്പിച്ച് കേറ്റാൻ ശ്രമിച്ച എഴുത്തിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല .ദാസനും മാസ്റ്ററുടെ അനന്തരവളായ ചന്ദ്രികയും തമ്മിലുള്ള പ്രേമ സല്ലാപങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതും എടുത്തുപറയേണ്ടത് തന്നെ . അധികാരവും പണവും ഇല്ലാത്തവന് സൗഭാഗ്യവും നിഷിദ്ധമെന്നുള്ള വസ്തുത എടുത്ത് കാട്ടി ചന്ദ്രികയുടെ അച്ഛൻ ഭരതൻ അവളിൽ നിന്നും ദാസനെ അകറ്റുകയും പ്രണയത്തിന്റെ സ്ഥായിയായ ഭാവത്തെ ആർക്കും വിട്ടു കൊടുക്കാൻ കഴിയില്ലെന്ന് ഓർമ്മപ്പെടുത്തി ചന്ദ്രിക ജീവിതം ഇല്ലാതാകുന്നതുമായ കാഴ്ച വേദന പടർത്തുന്നുണ്ട് ..

ജീവിക്കുവാൻ വ്യഭിചാരത്തെ മനോഹരമായി ഉപയോഗിക്കുന്ന കുഞ്ഞിച്ചിരുത എന്ന കഥാപാത്രത്തെ എഴുത്തുകാരൻ നമ്മുക്ക് പരിചയപ്പെടുത്തുമ്പോൾ ചരിത്രം ഉറങ്ങുന്ന പല നാട്ടിലും പണ്ടേ ഇതെല്ലാം ഉണ്ടായിരുന്നെന്ന് മനസ്സിലാക്കി തരുന്നു ...

മറ്റുള്ളവയിൽ നിന്ന് ഈ പുസ്തകത്തിന്റെ പ്രത്യേകത എന്തെന്നാൽ , പല എഴുത്തുകളും എഴുത്തുകാരൻ കേന്ദ്ര കഥാപാത്രത്തെയും കൂടെ കുറച്ച് മറ്റ് കഥാപാത്രങ്ങളെയും കുറിച്ചുള്ള നേർകാഴ്ച മാത്രം സമ്മാനിക്കുമ്പോൾ ഇവിടെ കേന്ദ്ര കഥാപാത്രത്തെ സ്വാധീനിച്ചതും അല്ലാത്തതുമായ ആ മയ്യഴിയെ അടയാളപ്പെടുത്തുന്ന ഓരോന്നിനെയും കുറിച്ച് വ്യക്തമായ മുഴുനീള ചിത്രം നമ്മുക്ക് സമ്മാനിച്ച് കടന്നുപോകുന്നു എന്നുള്ളതാണ്.

ദാസന്റെ അച്ഛനായ ദാമുവിന് സായിപ്പു ഭരണാധികാരിയുടെ കുടുംബത്തോടുള്ള അടുപ്പം ദാമൂന്റെ അമ്മയായ കുറുമ്പിയമ്മ കാരണം ഉണ്ടായതായിരുന്നു . അതിലൂടെ ദാസനെയും ഉയർന്ന നിലയിൽ പഠിപ്പിക്കാൻ കഴിഞ്ഞു . ഫ്രാൻസിലേക്ക് ഉപരിപഠനത്തിനു യോഗ്യതയുണ്ടായിട്ടും എല്ലാ സഹായവും സായിപ്പ് വാഗ്ദാനം ചെയ്തിട്ടും , കൂടാതെ ഉപരി പഠനത്തിന് പോകുന്നില്ലേൽ മറ്റൊരു ജോലി കൂടി വാഗ്ദാനം ചെയ്തിട്ടും ഒന്നും കൂട്ടാക്കാതെ സമര മുഖത്തേക്ക് പോയ മകനെ ആദ്യം തള്ളിപ്പറഞ്ഞ ദാമു തന്റെ മകന്റെ മുന്നിൽ അയാൾ തോറ്റു എന്ന് പറഞ്ഞ് കണ്ണടയ്ക്കാൻ കിടക്കുമ്പോൾ അവസാനമായി മകന്റെ പേര് ഉരുവിട്ടപ്പോഴും ആ മകനെയും കാണാൻ കഴിയാതെ മയ്യഴിയുടെ ചരിത്രമുഖങ്ങളിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ദാമു എന്ന വ്യക്തിയും നമ്മെ വിട്ടു പിരിയുന്ന പ്രതീതി ......

ഏകദേശം വ്യത്യസ്തങ്ങളായ നൂറോളം കഥാപാത്രങ്ങളെ ഭംഗിയായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന നോവൽ പുതിയ മയ്യഴിയെ സമ്മാനിക്കുന്ന ചരിത്ര മുഹൂർത്തത്തിനും സാക്ഷ്യം വഹിക്കുന്നു .....

READING DAY5
Advertisment