Advertisment

തൊഴിലാളികൾക്കായി ചുവപ്പ് പരവതാനിവിരിച്ച്‌ പഞ്ചാബ് !

New Update

ഉത്തർ പ്രദേശ് - ബീഹാർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഞങ്ങളുടെ യജമാനന്മാർ . അവരുടെ അധ്വാനത്തിൻ്റെ ഫലമാണ് ഇന്ന് നിങ്ങൾ പഞ്ചാബിൽ കാണുന്ന സമൃദ്ധി. ഞങ്ങളുടെ കാർഷിക വ്യാവസായിക മേഖലയുടെ നട്ടെല്ലും അവരാണ്. അവരെ തിരികെക്കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്‌ഷ്യം." പഞ്ചാബിലെ വ്യവസായമന്ത്രി സുന്ദർ ശ്യാം അറോറയുടെ വാക്കുകളാണിത്.

Advertisment

publive-image

ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും ബസ്സുകളിൽ പഞ്ചാബിലെ ഹോഷിയാർപ്പൂരി ലെത്തിച്ച 30 തൊഴിലാളികളെ ഹാരമണിയിച്ചു സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹമിതു പറഞ്ഞത്.

ഇക്കഴിഞ്ഞ ജൂൺ 7 വരെ പഞ്ചാബ് സർക്കാർ 28 കോടി രൂപ മുടക്കി 391 ട്രെയിനുകൾ വഴിയാണ് തൊഴിലാളികളെ അവരുടെ നാടുകളിലേക്കയച്ചത്. ഇതിൽ 200 ട്രെയിനുകൾ ലുധിയാനയിൽ നിന്നും 77 എണ്ണം ജലന്ധറിൽ നിന്നും 32 ട്രെയിനുകൾ അമൃത്സർ തുടങ്ങിയ നഗരങ്ങളിൽനിന്നുമായിരുന്നു. ഇതുകൂടാതെ നിരവധി ബസ്സുകളിലും അവരെ നാട്ടിലേക്കയച്ചിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ ഇത്ര ചിട്ടയായി മറ്റൊരു സംസ്ഥാനവും പ്രവർത്തിച്ചിട്ടില്ല.പഞ്ചാബിലെ കാർഷിക - വ്യാവസായിക- നിർമ്മാണ മേഖലകളിൽ ഭൂരിഭാഗവും ജോലിചെയ്യുന്നത് ഇതരസംസ്ഥാനത്തൊ ഴിലാളികളാണ്. ലോക്ക് ഡൗൺ കാലത്തു ഇവരിൽ വലിയൊരു വിഭാഗം അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. വിളവെടുപ്പും കൃഷിയും ഒക്കെ അതോടെ അവതാളത്തിലായി.

നാട്ടിലേക്കുപോയ തൊഴിലാളികളിൽ പലർക്കും നാട്ടിൽ തൊഴിലൊന്നും ലഭിച്ചില്ല. മറ്റു വരുമാനങ്ങളൊ ന്നുമില്ലാത്തതിനാൽ കുടുംബം പട്ടിണിയാകുകയും യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ തിരിച്ച് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനാകാത്ത സ്ഥിതിയിലുമായിരുന്നു...

ഈ അവസരത്തിലാണ് പഞ്ചാബ് സർക്കാരിന്റെയും പഞ്ചാബ് കിസാൻ യൂണിയന്റെയും മറ്റു സംഘടന കളുടെയും ഇടപെടലുണ്ടാകുന്നത്.തൊഴിലാളികളുമായി ഫോണിൽ ബന്ധപ്പെട്ടശേഷം സർക്കാരിന്റെ അനുമതിയോടെ ബസ്സുകളിൽ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽനിന്നും തൊഴിലാളികളെ ഇപ്പോൾ മടക്കിക്കൊണ്ടുവരുകയാണ്. ഇതിനായി ഒരു കിസാൻ ആപ്പും തയ്യറാക്കിയിട്ടുണ്ട്. മടങ്ങാനാഗ്രഹിക്കുന്ന തൊഴിലാളികൾക്ക് ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം.

ഇതുവരെ 10 ബസ്സുകളിലായി 300 ലധികം തൊഴിലാളികൾ മടങ്ങിയെത്തിക്കഴിഞ്ഞു. 14 ബസ്സുകൾ ആളുകളെ കൊണ്ടുവരാനായി പോയിട്ടുമുണ്ട്. 60000 മുതൽ ഒരു ലക്ഷം വരെയാണ് ഒരു ബസ്സിന്റെ വാടക.

ജൂൺ 14 മുതൽ ഉത്തർപ്രദേശ് ,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെ പ്രത്യേക ട്രെയിനുകൾ വഴി പഞ്ചാബിലേക്കു സൗജന്യമായി മടക്കിക്കൊണ്ടുവരുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാർ ഇതിനായി കൂടുതൽ ട്രെയിനുകൾ അനുവദിച്ചുവെന്നും അതിൻ്റെ ചെലവെല്ലാം വഹിക്കുന്നത് സംസ്ഥാനമാണെന്നും തൊഴിലാളികൾക്ക് യാത്ര സൗജന്യമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പഞ്ചാബിൽ കൃഷി സീസൺ ആരംഭിക്കുകയാണ്.ഗോതമ്പ് ,ചോളം, നെല്ല് , ബസുമതി നെല്ല് എന്നിവയാണ് പ്രധാനകൃഷികൾ. വന്നെത്തുന്ന തൊഴിലാളികൾക്കെല്ലാം കൃഷിസ്ഥലത്തുതന്നെ 7 ദിവസത്തെ ക്വാറന്‍റൈന്‍ അനുവദിക്കുമെന്നും അതിനുശേഷം കോവിഡ് ടെസ്റ്റിന് വിധേയരാക്കി നെഗറ്റിവ് ആണെങ്കിൽ മാത്രമേ ജോലിതുടരാൻ അനുവദിക്കുകയുള്ളുവെന്നും തൊഴിലുടമകൾ സർക്കാരിന് സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്.

red carpet
Advertisment