Advertisment

'അനാഥരായ ആ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം'; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ജനങ്ങളോട് ഇടപെടണം. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു.  ഭര്‍ത്താവിനു പുറമെ ഇന്ന് ഭാര്യയും മരിച്ചു. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.

നിയമങ്ങള്‍ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടത്.

കോവിഡ് സമയത്ത് തൊഴിലും വരുമാനവും ഇല്ലാതെ ദുരിതത്തിലാണ് ലക്ഷോപലക്ഷം ജനങ്ങള്‍.

ചോറ് ഉണ്ണാനിരുന്ന പിതാവിന്റെ ഷര്‍ട്ടിനു പിടിച്ചു വലിച്ച് വെളിയിലിറക്കി എത്രയും പെട്ടെന്ന് കുടിയൊഴിഞ്ഞു പോകണം എന്ന്  ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് മകന്‍ രാഹുല്‍രാജ്  മാധ്യമങ്ങളോട് പറഞ്ഞത്.

അര മണിക്കൂര്‍ സാവകാശം ചോദിച്ചിട്ടും ഉദ്യോഗസ്ഥര്‍ അത് നല്‍കിയില്ലെന്ന് മകന്‍ പറയുന്നു.

കോവിഡ് മൂലവും മറ്റു പലകാരണങ്ങളായും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയും. ഇനിയൊരിക്കലും ഇത്തരം ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നിര്‍ദ്ദേശവും നടപടിയും ഉണ്ടാകണം.

നെയ്യാറ്റിന്‍കരയിലെ സംഭവത്തില്‍ വിശദമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ  നടപടിയും വേണം. മാന്യമായും മനുഷ്യത്വപരമായും ജനങ്ങളോട് സര്‍ക്കാരും  അതിന്റെ പ്രതിനിധികളും ഇടപെടണം.

രാജനും അമ്പിളിക്കും  ആദരാഞ്ജലികള്‍. ആ കുടുംബത്തിന്റെ വേദനയോടൊപ്പം നില്‍ക്കുന്നു. അനാഥരായ മക്കളുടെ സംരക്ഷണം  സര്‍ക്കാര്‍ ഏറ്റെടുക്കണം.

remesh chennithala
Advertisment