Advertisment

രാജ്യസഭയില്‍ മോദിയുടെ പ്രസംഗത്തിനിടെ രേണുക ചൗധരിയുടെ ചിരി: പരിഹസിച്ച് മോദി; വിമര്‍ശിച്ച് വെങ്കയ്യ നായിഡു

New Update

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് എംപി രേണുക ചൗധരി നടത്തിയ ചിരിയെച്ചൊല്ലി വിവാദം. രേണുകയുടെ ചിരിയെ പരിഹാസപൂര്‍വമാണ് പ്രധാനമന്ത്രി നേരിട്ടത്. രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രേണുകയെ വിമര്‍ശിച്ചിരുന്നു. അതേസമയം, തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് രേണുക ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്.

Advertisment

publive-image

പ്രധാനമന്ത്രിയുടെ പ്രസംഗമധ്യേ ചിരി തുടങ്ങിയ രേണുക ചൗധരിക്ക് അതു നിയന്ത്രിക്കാനായില്ല. ശബ്ദം വളരെയുയര്‍ന്നതിനാല്‍ പ്രധാനമന്ത്രിയുടെ ശബ്ദത്തിനൊപ്പം എല്ലാവരും അത് കേട്ടു. ചിരി വകവയ്ക്കാതെ പ്രസംഗം മോദി തുടര്‍ന്നെങ്കിലും വെങ്കയ്യ നായിഡു രേണുകയെ വിമര്‍ശിച്ചു. നിങ്ങള്‍ക്ക് എന്താണു പറ്റിയതെന്നു വളരെ രൂക്ഷമായ ഭാഷയില്‍ നായിഡു രേണുകയോടു ചോദിച്ചു. ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റവും നിയന്ത്രണമില്ലാത്ത സംസാരവും അനുവദിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എന്നാല്‍ പിന്നീടും രേണുക ചൗധരി ചിരിക്കുന്നതു കേള്‍ക്കാമായിരുന്നു. ഇതേത്തുടര്‍ന്നാണു പ്രധാനമന്ത്രി ഇടപെട്ടത്.

രേണുക ചൗധരി തുടര്‍ന്നോട്ടെയെന്നും രാമായണം സീരിയലിനുശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രധാനമന്ത്രിയുടെ വാക്കുകളെ ബിജെപി അംഗങ്ങള്‍ ഡസ്‌കിലടിച്ചാണു പ്രോത്സാഹിപ്പിച്ചത്. എന്നാല്‍, തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമാണു പ്രധാനമന്ത്രി നടത്തിയതെന്നു രേണുക ചൗധരി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഇതില്‍ക്കൂടുതല്‍ അദ്ദേഹത്തില്‍നിന്നു പ്രതീക്ഷിക്കാനാകില്ല. ബിജെപി വനിതകള്‍ക്ക് എതിരാണെന്നു വ്യക്തമായി. ഞാന്‍ ചിരിച്ചതു വേദനിപ്പിച്ചെങ്കില്‍ അതു സത്യത്തിന്റെ ചിരിയായതു കൊണ്ടുമാത്രമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, താന്‍ സഭയിലുണ്ടായിരുന്നെന്നും പ്രധാനമന്ത്രി മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് അവര്‍ അവിടെ നടത്തിയതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. അവര്‍ക്ക് അത്തരം പരാമര്‍ശങ്ങള്‍ നടത്താം, എന്നാല്‍ അവയെ പരിഹാസപൂര്‍വം നേരിടുമ്പോള്‍ ലിംഗ അനീതിയെന്ന പരിചയ്ക്കുള്ളില്‍ സ്വയം നിര്‍ത്തുകയാണോയെന്നും സ്മൃതി ഇറാനി ചോദിച്ചു.

Advertisment