Advertisment

വ്യാപാരക്കരാറുകള്‍ റബര്‍ ആക്ടിന്‍റെ പ്രസക്തി നഷ്ടപ്പെടുത്തി: വി.സി.സെബാസ്റ്റ്യന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ട വിവിധ രാജ്യാന്തര വ്യാപാരക്കരാറുകള്‍ റബര്‍ ആക്ടിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയെന്നും കാലങ്ങളായി കര്‍ഷകരെ ചതിക്കുന്നത് ജനപ്രതിനിധികളും രാഷ്ട്രീയ ഭരണനേതൃത്വങ്ങളും റബര്‍ ബോര്‍ഡുമാണെന്ന് കര്‍ഷകര്‍ തിരിച്ചറിയണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

Advertisment

1948ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ട ഗാട്ട് കരാറിന് മുന്നൊരുക്കമാണ് 1947-ലെ റബര്‍ ആക്ട്. അസംസ്‌കൃത റബറിന്റെയും റബറുല്പന്നങ്ങളുടെയും കയറ്റുമതി, ഇറക്കുമതി, ഉല്പാദനവര്‍ദ്ധനവ,് അടിസ്ഥാനവില എന്നിവയാണ് റബര്‍ ആക്ട് ലക്ഷ്യംവെച്ചിരുന്നതെങ്കിലും ഇതിനോടകം നടത്തിയിരിക്കുന്ന ഒട്ടനവധി ഭേദഗതികള്‍ വ്യവസായ ലോബികളുടെ സംരക്ഷണത്തിനും നിയന്ത്രണമില്ലാത്ത റബര്‍ ഇറക്കുമതിക്കും ഇടനല്‍കി.

1994-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട് 1995-ല്‍ നടപ്പിലാക്കിയ ലോകവ്യാപാരക്കരാര്‍ റബര്‍ ആക്ടിന്റെ ലക്ഷ്യം അട്ടിമറിച്ചു. 2009-ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാറും റബര്‍ ആക്ടിന്റെ ഭേദഗതികളുടെ പ്രാധാന്യം നഷ്ടപ്പെടുത്തി. ഇക്കാലങ്ങളിലൊക്കെ കേരളത്തിലെ റബര്‍മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ കര്‍ഷകരെ വഞ്ചിച്ചതിന്റെ ബാക്കിപത്രമാണ് റബര്‍ നിയമത്തിലെ കര്‍ഷകവിരുദ്ധ ഭേദഗതികളും അക്ട്തന്നെ റദ്ദ് ചെയ്യുന്നതിലുമെത്തിയിരിക്കുന്നത്.

റബര്‍ ആക്ടിന്റെ പതിമൂന്നാം വകുപ്പില്‍ റബറിന് കുറഞ്ഞവില നിശ്ചയിക്കാനും കൂടിയ വില പ്രഖ്യാപിക്കാനും രണ്ടുംകൂടി നടപ്പിലാക്കാനും സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്ത വ്യാപാരികളെ ശിക്ഷിക്കാനും വകുപ്പുണ്ട്.

കോടതിവ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിട്ടുപോലും ഇവ നേടിയെടുക്കാന്‍ കര്‍ഷകന് സാധിക്കാത്തപ്പോള്‍ ഈ ആക്ട്‌കൊണ്ട് എന്തുപ്രയോജനമെന്ന് കര്‍ഷകര്‍ ചിന്തിക്കണം. ആഭ്യന്തര റബര്‍വിപണിക്കുണ്ടായ വന്‍ വിലത്തകര്‍ച്ചയില്‍നിന്ന് കരകയറുവാന്‍ റബര്‍ ആക്ടില്‍ വ്യവസ്ഥകളില്ല. റബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനും സ്ഥാനമാനങ്ങള്‍ക്കും വ്യവസ്ഥകളുള്ള റബര്‍ ആക്ട് കര്‍ഷകരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നുള്ള പ്രചരണം തെറ്റാണ്.

വകുപ്പുകളുണ്ടായിട്ടും റബറിന് ന്യായവില ലഭ്യമാക്കുവാന്‍ റബര്‍ ആക്ട് ഉപകരിക്കുന്നില്ലെങ്കില്‍ പിന്നെ ഈ ആക്ട് കൊണ്ട് എന്തുനേട്ടം. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടത്താവളവും ശമ്പളവും സ്ഥാനമാനങ്ങളും നല്‍കുന്ന വ്യവസ്ഥകള്‍ക്കപ്പുറം കര്‍ഷകസംരക്ഷണത്തിനുതകുന്ന വ്യവസ്ഥകള്‍ റബര്‍ ആക്ടിലൂടെ നടപ്പിലാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം റബര്‍ ആക്ടിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

rubber5
Advertisment