Advertisment

റബര്‍ ബോര്‍ഡിന്റെ ഉല്പാദന കണക്കുകള്‍ വിലയിടിക്കാനുള്ള കുതന്ത്രം: വി.സി.സെബാസ്റ്റ്യന്‍

New Update

കൊച്ചി: റബര്‍ ബോര്‍ഡിന്റെ റബറുല്പാദന കണക്കുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉല്പാദനം ഉയര്‍ത്തിക്കാട്ടി വിലയിടിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കാലങ്ങളായുള്ള കര്‍ഷകദ്രോഹം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഉല്പാദനം ഉയര്‍ത്തിക്കാണിക്കേണ്ടത് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനുവേണ്ടി അടിസ്ഥാനമില്ലാത്ത ഉയര്‍ന്ന ഉല്പാദനക്കണക്കുകള്‍ നിരന്തരം നിരത്തുന്നത് നീതികേടാണ്. കാലാവസ്ഥാ വ്യതിയാനവും ഇലക്കേടുംമൂലം റബര്‍ ഉല്പാദനം കുറഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബറിന് ഏതാനും ദിവസങ്ങളില്‍ ശരാശരി 158 രൂപവരെ കര്‍ഷകന് ലഭ്യമാക്കിയത് രാജ്യാന്തര വിപണിയിലുണ്ടായ വിലവര്‍ദ്ധനവുമൂലം ഇറക്കുമതി അസാധ്യമായിരുന്നതുകൊണ്ടാണ്. എന്നിട്ടുപോലും ഇതിന് ആനുപാതികമായുള്ള വില കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ റബര്‍ബോര്‍ഡിന് സാധിച്ചില്ല.

വരാന്‍പോകുന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിനു മുന്നൊരുക്കമായുള്ള ഫെബ്രുവരി ബജറ്റില്‍ നിലവിലുള്ള റബര്‍ വിലസ്ഥിരതാപദ്ധതി 150 രൂപയില്‍ നിന്ന് 200 രൂപയാക്കി ഉയര്‍ത്തേണ്ടത് രാഷ്ട്രീയപരമായിട്ടും ഈ സര്‍ക്കാരിന് ആവശ്യമാണ്. സിയാല്‍ മോഡല്‍ റബര്‍ കമ്പനിയ്ക്കും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക തുടക്കം കുറിക്കും. കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും മുഖംതിരിഞ്ഞു നില്‍ക്കുമ്പോള്‍ റബര്‍ കര്‍ഷകര്‍ രാഷ്ട്രീയ നിലപാടുകളെടുക്കേണ്ടിവരുമെന്നും കര്‍ഷകരെ സംരക്ഷിക്കാത്തവരെ പുറന്തള്ളുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

rubberboad
Advertisment