Advertisment

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

New Update

Advertisment

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

ശബരിമല മതേതര ക്ഷേത്രമാണ്. ശബരിമലയില്‍ എത്തുന്നവര്‍ വാവര് പള്ളിയില്‍ പ്രാര്‍ത്ഥിച്ചാണ് വരുന്നത്. ഓരോ വര്‍ഷവും നിരവധി മുസ്‌ലിം, ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. കേസില്‍ മുസ്‌ലിം ക്രിസ്ത്യന്‍ മതവിശ്വാസികളേയും കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അഹിന്ദുക്കളെ വിലക്കണമെന്ന ഹര്‍ജിയില്‍ കോടതി ഉടന്‍ തീരുമാനമെടുക്കരുത്. തീരുമാനമെടുക്കും മുമ്പ് വഖഫ് ബോര്‍ഡ്, മുസ്‌ലിം സംഘടനകള്‍, ക്രിസ്ത്യന്‍ സംഘടനകള്‍, ആദിവാസി സംഘടനകള്‍ എന്നിവരുടെ അഭിപ്രായം തേടണം. പൊതുജനതാല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ പത്രപ്പരസ്യങ്ങളിലൂടെ പൊതുജനങ്ങളുടെ അഭിപ്രായവും തേടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ ഉമടസ്ഥാവകാശം സംബന്ധിച്ച് നിരവധി വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രം മലയരയരുടേതാണെന്ന വാദമുണ്ട്. ബുദ്ധ ക്ഷേത്രമാണെന്ന വാദവുമുണ്ട്. ജന്മംകൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്ന കാര്യവും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ശബരിമല എല്ലാവരുടേയുമാണെന്നും ശബരിമലയുടെ പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും പറഞ്ഞിരുന്നു.

Advertisment