Advertisment

നിലയ്ക്കലിൽ സംഘർഷാവസ്ഥ; സ്ത്രീയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു

New Update

publive-image

പത്തനംതിട്ട: ശബരി മല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ. നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുന്നു. പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംരക്ഷണസമിതിയുടെ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് ഒഴിപ്പിക്കുകയയാണ്. ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന ശ്രമം മുന്നില്‍കണ്ടാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സമരപന്തല്‍ ഒഴിപ്പിച്ച് പന്തല്‍ പൊളിച്ച് നീക്കാന്‍ എസ്പി നിര്‍ദ്ദേശിച്ചു.

രാവിലെ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി വാഹനം വരെ തടഞ്ഞ് റോഡിലിറങ്ങി. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബസില്‍ ചുരിദാര്‍ ധരിച്ചിരിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയെ പ്രതിഷേധക്കാര്‍ ബസില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി. ബസില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ബലം പ്രയോഗിക്കുകയായിരുന്നു. പിന്നീട് ഈ സ്ത്രീയെ പ്രതിഷേധക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍, പോലീസ് ഇടപെടുകയായിരുന്നു. സ്ത്രീയെ പുറത്തിറക്കിയ ശേഷം ബസ് മുന്നോട്ട് എടുത്തപ്പോള്‍ പ്രതിഷേധക്കാര്‍ ബസിന് മുന്നില്‍ കയറി നില്‍ക്കുകയും ചെയ്തു. പ്രതിഷേധം സമാധാനപരമായാണ് നടക്കുന്നതെന്നായിരുന്നു പ്രതിഷേധ സംഘടനകള്‍ രാവിലെ അറിയിച്ചത്. ഈ വാദത്തെ പൊളിക്കുന്നതാണ് ഇപ്പോള്‍ നിലയ്ക്കലില്‍ അരങ്ങേറിയത്. സ്ത്രീകളടങ്ങുന്ന പ്രതിഷേധ സംഘമാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.അതേസമയം ഇന്ന് പമ്പയിൽ തന്ത്രികുടുംബം പ്രാർത്ഥനാസമരം നടത്തും.

Advertisment