Advertisment

സ്റ്റേഷനില്‍ വച്ച് പൊലീസാണ് ഇരുമുടിക്കെട്ട് തള്ളിത്താഴെയിട്ടത്, കടകംപള്ളി പുറത്ത് വിട്ട ദൃശ്യങ്ങളിൽ ഇരുമുടിക്കെട്ട് താഴെയിടുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ല ; സര്‍ക്കാര്‍ പ്രകോപിപ്പിക്കാതിരുന്നതിനാലാണ് ശബരിമല സമരത്തിന്റെ ഊര്‍ജ്ജം കുറഞ്ഞു പോയത്: കെ. സുരേന്ദ്രന്‍

author-image
admin
Updated On
New Update

Advertisment

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നതിനാലാണ് ശബരിമല സമരത്തിന്റെ ഊര്‍ജ്ജം കുറഞ്ഞു പോയതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിനായി കെട്ടുനിറച്ച് പോയ താന്‍ ഇരുമുടിക്കെട്ട് താഴെയിട്ടെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്റ്റേഷനില്‍ വച്ച് പൊലീസാണ് ഇരുമുടിക്കെട്ട് തള്ളിത്താഴെയിട്ടത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍ താനും കണ്ടിരുന്നു. അതില്‍ ഇരുമുടിക്കെട്ട് താഴെയിടുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ല.’

വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല സമര സമയത്ത് കുമ്മനം രാജശേഖരന്റെ സാന്നിധ്യം താനടക്കം എല്ലാവരും ആഗ്രഹിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവെന്നതില്‍ ഉപരിയായി കുമ്മനം ഹിന്ദു സമൂഹത്തിന്റെ പ്രതിനിധിയാണ്. പിന്നെ പാര്‍ട്ടി ഒരു കാര്യം നിശ്ചയിച്ചാല്‍ അങ്ങനെയാണല്ലോ ചെയ്യേണ്ടത്. അതുകൊണ്ട് അതില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന ബി.ജെ.പി അധ്യക്ഷന്റെ വാക്കുകളെ കുറിച്ച് അറിയില്ല. യുവതീപ്രവേശനത്തിനെതിരായ സമരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുരേന്ദ്രന്‍ സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

Advertisment