Advertisment

ശബരിമലയില്‍ വന്‍ തിരക്ക്, സന്നിധാനവും പരിസരവും പൊലീസ് വലയത്തില്‍; നിയന്ത്രണങ്ങളില്‍ ഇളവ്

New Update

നട തുറന്ന് രണ്ടാം ദിവസവും ശബരിമലയിലും പരിസരങ്ങളിലും അതീവ ജാഗ്രത തുടരുന്നു. പമ്പയില്‍ കനത്ത പൊലീസ് സന്നാഹമുണ്ട്. വനിതാ പൊലീസ് അടക്കമുളളവരെ വിന്യസിച്ചിട്ടുണ്ട്. സംശയം തോന്നുന്നവരെ മാത്രമാണ് പരിശോധിക്കുന്നത്. എന്തെങ്കിലും തരത്തിലുളള പ്രശ്‌നമുണ്ടാക്കാന്‍ സന്നിധാനത്തേക്ക് പോകുന്നവരാണ് എന്ന് തോന്നുന്നവരെയാണ് പൊലീസ് പരിശോധിക്കുന്നത്. പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷാ വലയമാണുളളത്.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇന്നലെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ പൊലീസ് ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തരാണ് ഇന്ന് അധികവും എത്തിചേര്‍ന്നിരിക്കുന്നത്.

ശബരിമലയില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എം പത്മകുമാര്‍ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണും. ശബരിമലയില്‍ നട അടച്ചതിന് ശേഷം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നല്‍കിയ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

നോട്ടീസിലെ നിർദേശങ്ങൾ പമ്പയിൽ ചേർന്ന ദേവസ്വംബോർഡ് യോഗം ചർച്ച ചെയ്തിരുന്നു. പൊലീസ് നിർദേശിച്ച ചില നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

രാത്രിയിലെ നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങൾ ബുദ്ധിമുട്ടാണ്. ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നിൽക്കരുതെന്ന നിർദേശം ചില ഭക്തരെയെങ്കിലും ബുദ്ധിമുട്ടിച്ചേക്കാമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. അതുപോലെ രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം - അരവണ കൗണ്ടർ തുറക്കരുതെന്നാണ് പൊലീസ് ദേവസ്വം ബോർഡിന് നിർദേശം നൽകിയിരിക്കുന്നത്. അന്നദാനകേന്ദ്രങ്ങൾ രാത്രി 11 മണിയ്ക്ക് അടക്കണം. ഹോട്ടലുകൾ അടക്കമുള്ള കച്ചവടസ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്ന് പ്രവർത്തിക്കരുത്. മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്നും ദേവസ്വംബോർഡ് അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Advertisment