Advertisment

ശബരിമല നട ഇന്ന് അടയ്ക്കും കരുതലോടെ പൊലീസ്

New Update

publive-image

Advertisment

ശബരിമല: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ഇന്നലെ രാത്രി പന്തളം കൊട്ടാരം പ്രതിനിധികൾ സന്നിധാനത്ത് എത്തി. അതേസമയം, രാത്രി തുടങ്ങിയ പൊലീസ് കരുതൽ നടപടികൾ ഇപ്പോഴും തുടരുകയാണ്.സന്നിധാനത്തുണ്ടായിരുന്ന പ്രധാന മാദ്ധ്യമ ചാനൽ പ്രതിനിധികളെയെല്ലാം ഇന്നലെ രാത്രിയോടെ ഒഴിപ്പിച്ചു. അതേസമയം, അച്ചടി മാദ്ധ്യമ പ്രതിനിധികളെ ഒഴിപ്പിച്ചിട്ടില്ല. ഇന്നലെ രാത്രി സന്നിധാനത്തെ മുഴുവൻ കടകളിലെയും ജീവനക്കാരെ സംബന്ധിച്ച കണക്കെടുപ്പും പൊലീസ് പൂർത്തിയാക്കി. ഏത് വിധനേയും ശബരിമല നട അടയ്ക്കുന്നതിന് മുമ്പ് യുവതി പ്രവേശനം സാദ്ധ്യമാക്കണമെന്ന തരത്തിൽ ചില ഇടത് സംഘടനകൾ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ഇന്റലിജൻസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഗുരുതര സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഇന്ന് വൈകിട്ട് 6.30 ഓടെ സന്നിധാനത്തെ ദീപാരാധനയ്ക്ക് ശേഷം ആരെയും മലചവിട്ടാൻ അനുവദിക്കേണ്ടെന്നാണ് പൊലീസ് നിലപാട്. രാത്രി പത്തോടെ ഹരിവരാസനം ചൊല്ലി നട അടയ്ക്കും. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് ശബരിമലയിൽ ഉള്ളത്. ഇന്ന് പന്തളം കൊട്ടാരം വകയായാണ് സന്നിധാനത്തെ പൂജകൾ.

ഒരു യുവതിയെയും പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളാണ് സന്നിധാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. നീലിമല മുതൽ സന്നിധാനം വരെയുള്ള ശരണപാതയിൽ വിവിധ ഇടങ്ങളിലായി പ്രതിരോധം തീർത്ത് പ്രതിഷേധക്കാരായ അയ്യപ്പന്മാരും നിലയുറപ്പിച്ചിട്ടുണ്ട്. നിലയ്ക്കലിൽ സംഭവിച്ചതുപോലെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറുമോയെന്ന ആശങ്ക പൊലീസിനുണ്ട്. സന്നിധാനത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സാഹചര്യത്തിന് അനുസരിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കുന്നതും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതും ശ്രമകരമാണ്.

ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

Advertisment