Advertisment

രാത്രിയില്‍ പേടിയാകുന്നുവെന്ന് മക്കള്‍ പറഞ്ഞതോടെ അച്ഛന്‍ വീടിനു മുന്നില്‍ കാവലിരിക്കാന്‍ തുടങ്ങി ; കുട്ടികള്‍ പഠിച്ചു കഴിയും വരെ ഒരു പോള കണ്ണടക്കില്ല, അവര്‍ ഉറങ്ങിക്കഴിഞ്ഞും മക്കള്‍ക്ക് കാവലായി ഉറങ്ങാതിരിക്കും ; നേരം പുലരുമ്പോള്‍ തിണ്ണയിലെ ബഞ്ചില്‍ കിടന്ന് അല്‍പ്പനേരം ഉറങ്ങും ; പെണ്‍മക്കള്‍ക്ക് വേണ്ടി കാവലിരിക്കുന്ന ഈ അച്ഛന്റെ കഥ അറിയാതെ പോകരുത്..

New Update

ഇടുക്കി: തകര്‍ന്നുകിടക്കുന്ന, വാതിലില്ലാത്ത വീട്ടില്‍ പെണ്‍മക്കളുള്ളപ്പോള്‍ ഈ അച്ഛന് ഉറങ്ങാനാവില്ല. ഈ അച്ഛന്‍ ഉമ്മറത്ത് കണ്ണടയ്ക്കാതെ രാത്രി വെളുപ്പിക്കും.

Advertisment

ചെറുതോണി ടൗണിനോടു ചേര്‍ന്നുള്ള ആറുസെന്‍റ് കോളനിയില്‍ താമസിക്കുന്ന പാറേപ്പറമ്പിൽ സജീവന്‍ തിണ്ണയിലിട്ടിരിക്കുന്ന ബെഞ്ചിലിരുന്ന് നേരംവെളുപ്പിക്കാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. പഴയതായിരുന്നെങ്കിലും ഹോളോബ്രിക്സും ഷീറ്റും കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുകൂര കൂലിപ്പണിക്കാരനായ സജീവനുണ്ടായിരുന്നു. 2018 ഓഗസ്റ്റിലുണ്ടായ പ്രളയം വീടിന്റെ ഒരു ഭാഗം തകര്‍ത്തു. അന്ന് ഇടിഞ്ഞുവീണ മണ്ണ് ഇപ്പോഴും വീടിനുള്ളില്‍ കിടക്കുകയാണ്.

publive-image

വീടിന്റെ തകര്‍ന്നഭാഗത്ത് ഫ്ളക്സ് കെട്ടിമറച്ച്‌ ബാക്കിയുള്ള ഒറ്റമുറിയിലാണ് രോഗിയായ ഭാര്യയും പത്തിലും ഏഴിലും പഠിക്കുന്ന പെണ്‍മക്കളും ആറുവയസ്സുകാരന്‍ മകനും കഴിയുന്നത്. പട്ടികജാതിവിഭാഗക്കാരനായ സജീവന് പ്രളയം കഴിഞ്ഞ് രണ്ടുവര്‍ഷമാകാറായിട്ടും ഒരു സഹായവും എവിടെനിന്നും ലഭിച്ചില്ല.

രാത്രിയില്‍ പേടിയാകുന്നുവെന്ന് കുട്ടികള്‍ പറഞ്ഞതോടെയാണ് സജീവന്‍ വീടിനു മുമ്പിൽ കാവലിരിക്കാന്‍ തുടങ്ങിയത്. കുട്ടികള്‍ പഠിച്ചുകഴിയുംവരെ സജീവന്‍ ഒരുപോള കണ്ണടയ്ക്കാതെ കാവലിരിക്കും. അവര്‍ ഉറങ്ങിക്കഴിഞ്ഞും അവിടെയിരിക്കും. പുലര്‍ച്ചയോടടുക്കുമ്ബോള്‍ തിണ്ണയിലെ ബെഞ്ചില്‍ക്കിടന്ന് അല്പമൊന്നുറങ്ങും. വീട്ടുസാധനങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഇവിടെയാണ്. വീടിനോടുചേര്‍ന്ന് ഒരു ചായ്‌പ്പിറക്കിയാണ് ആഹാരം പാകംചെയ്യുന്നത്. ഇവിടിരുന്നാണ് കുട്ടികള്‍ പഠിക്കുന്നതും.

കുടുംബത്തിന് ആറുസെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും ഒരു സര്‍ക്കാര്‍സഹായവും ലഭിച്ചിട്ടില്ല. വീടിന്റെ തകര്‍ന്നഭാഗം നന്നാക്കിത്തരണമെന്ന അപേക്ഷയും ഉദ്യോഗസ്ഥര്‍ പരിഗണിച്ചിട്ടില്ല. 2017-ല്‍ ലൈഫ് ഭവനപദ്ധതിപ്രകാരം വീട് അനുവദിച്ചിരുന്നു. എന്നാല്‍, അതും ശരിയായില്ല.

Advertisment