Advertisment

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ വന്‍ സംഘം ; നിർമാതാവായ സ്ത്രീയെ യുവനടന്മാർ കാരവനിൽ ആക്രമിക്കാൻ ശ്രമിച്ചു ; സജി നന്ത്യാട്ട്

author-image
ഫിലിം ഡസ്ക്
New Update

ലയാള ചലച്ചിത്രമേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വൻ സംഘം തന്നെ ഉണ്ടെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ഇത്തരക്കാർക്ക് വളംവച്ചു കൊടുക്കുന്നത് സിനിമാ പാരമ്പര്യം ഇല്ലാത്ത പുതിയ നിർമാതാക്കളാണെന്നും സജി പറയുന്നു.

Advertisment

publive-image

സജി നന്ത്യാട്ടിന്റെ വാക്കുകൾ:

ഞാൻ ഇതിന് മുമ്പും ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. 2012നു ശേഷമാണ് ഇങ്ങനെയുള്ള മയക്കുമരുന്നുകളുടെ ദുരുപയോഗം സിനിമാരംഗത്തേയ്ക്കു കടന്നുവരുന്നത്. അത് ന്യൂജെൻ എന്നു പറയുന്ന പുതിയ തലമുറ, അതിൽ നടന്മാരും നടിമാരും ഉണ്ട്.

മയക്കുമരുന്ന് ഉപയോഗിച്ച് പെരുമാറുന്നവരെയും മദ്യപിച്ച് കഴിഞ്ഞ് പെരുമാറുന്നവരെയും കണ്ടാൽ മനസിലാകും. പൊതുവേ നമ്മുടെ സിനിമാ സെറ്റുകളിൽ,കാരവൻ, ഹോട്ടലുകൾ ഇവടെയൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. പൊതുജനം സിനിമയെ വെറുക്കും എന്ന ഭയം കൊണ്ടാണ് അത് പുറത്തുപറയാതിരുന്നത്. ഞങ്ങളുടെ കുടുംബത്തിൽ നടന്നൊരു പ്രശ്നം എന്തുകൊണ്ട് നേരത്തെ പൊതുജനങ്ങളോട് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരുണ്ട്.

സിനിമാ എന്ന മാധ്യമത്തെ ജനങ്ങൾ വെറുത്തുകഴിഞ്ഞാൽ തിയറ്ററിൽ ആളുകുറയും. അത് മൂലം നഷ്ടം വരുന്നത് നിർമാതാക്കൾക്കാണ്. സാമ്പത്തികമാണല്ലോ പ്രശ്നം. എത്ര കുടുംബങ്ങൾ വഴിയാധാരമാകും. പക്ഷേ സഹിച്ച് സഹിച്ച് മടുത്തു. ഷൂട്ടിങ്ങുകൾ മുടങ്ങുന്നു. പലപ്പോഴും സഹകരണമില്ല. ഒരു ഉദാഹരണം പറയാം.

യുവനടന്മാർ ഷൂട്ടിങിന് വരാതിരുന്ന സാഹചര്യത്തിൽ ഒരു സ്ത്രീ നിർമാതാവ് കാരവാനിൽ കയറി പരിശോധിച്ചു. അതിൽ ഉണ്ടായിരുന്ന നടന്മാർ ഈ യുവതിയെ അക്രമിക്കാൻ വരെ ശ്രമിച്ചു. ഇങ്ങനെ പല സംഭവങ്ങൾ. ഇതൊക്കെ ഇതിനകത്ത് പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അത് ആളിക്കത്തിയതാണ് ഇന്നലെ കണ്ടത്.

ഞങ്ങൾ എന്തുകൊണ്ട് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ചാക്കോച്ചൻ, ദിലീപ് എന്നിവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നില്ല. അവർ അത് െചയ്യുന്നില്ല. മാമാങ്കം സിനിമയുടെ സെറ്റിൽ മമ്മൂട്ടി എന്ന നടൻ രാത്രി രണ്ട് മണി വരെ നിന്ന് ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നു. അതാണ് ആത്മാർഥത.

പുതു തലമുറ സുഖത്തിൽ മാത്രം ജീവിക്കുന്നവരാണ്. പഴയപോലെ കോടംപാക്കത്തെ പട്ടിണിക്കാലമൊന്നും ഇവർക്ക് അറിയില്ല. കക്ഷപ്പെടാതെ വന്ന് സിനിമ കിട്ടുമ്പോൾ പണം കുമിഞ്ഞുകൂടുന്നു. പലതിനും അടിമയാകുന്നു. മദ്യപിക്കുന്നവരെ നമുക്ക് രക്ഷപ്പെടുത്താം. പക്ഷേ ഇങ്ങനെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എങ്ങനെ നിയന്ത്രിക്കാൻ. ഭ്രാന്തന്മാരെപ്പോെലയാണ് പെരുമാറുന്നത്. എത്രയോ തവണ ഷൂട്ട് മുടങ്ങി. ഇതിൽ പ്രതികരിച്ചാൽ നഷ്ടം വരുന്നത് നിർമാതാവിന് തന്നെയാണ്. എല്ലാം സഹിക്കുകയായിരുന്നു.

ഞങ്ങളെപ്പോലെയുള്ള പഴയ നിർമാതാക്കൾക്ക് ഇവർ സിനിമ തരുന്നില്ല. കഴിഞ്ഞ നാല് വർഷമായി ഒരു സിനിമ നിർമിക്കാൻ നടക്കുകയാണ് ഞാൻ. പക്ഷേ എന്നെപ്പോലുളള പഴയ നിർമാതാക്കൾക്ക് ഈ പുതിയ ആളുകൾ ഡേറ്റ് നൽകില്ല. ഞങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ ചോദ്യം ചെയ്യും. അതാണ് കാരണം. ഇപ്പോൾ ഈ അടുത്തിറങ്ങിയ മലയാള സിനിമകളിൽ നിർമാതാക്കളുടെ ലിസ്റ്റ് നോക്കൂ, ഇവർക്കൊന്നും സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. ഇവർക്ക് സിനിമ എന്തെന്ന് അറിയാതെ അതിന്റെ പാരമ്പര്യം എന്തെന്ന് അറിയാതെ നടന്മാർക്ക് വഴങ്ങിക്കൊടുക്കുന്ന കാഴ്ചയാണ് കാണാനാകുക.

സിനിമാ ബാനറുകൾ നോക്കൂ, പഴയ ബാനറുകൾക്കൊന്നും ഇവർ ഡേറ്റ് കൊടുക്കുന്നില്ല. പച്ചയ്ക്കു പറഞ്ഞാൽ നമ്മൾ കഞ്ചാവിന്റെയോ മയക്കുമരുന്നിന്റെയോ ഏജന്റ് ആകുകയോ ഇവരോടൊപ്പം ഇതൊക്കെ ഉപയോഗിക്കുകയോ ചെയ്താൽ മാത്രമേ ഡേറ്റ് തരൂ. അത് നടക്കില്ല.

അങ്ങനെ സിനിമയിൽ ഒരു അനുഭവസമ്പത്തുമില്ലാത്ത നിർമാതാക്കൾ ഇവിടെ വരുന്നു. അവർ നടന്മാരുടെ ചൊൽപടിയിൽ നിൽക്കുന്നു. ഇത് നിയന്ത്രിക്കാൻ അവർക്ക് അറിയില്ല. ഞങ്ങളെപ്പോലുള്ളവർക്ക് ഇങ്ങനെയുള്ള നടന്മാരെ കാത്ത് കാരവനിനു മുന്നിൽ നിൽക്കാൻ പറ്റുമോ? അവർ അകത്ത്പോലും കയറ്റില്ല.

ചില അനുയായികൾ കാരവനിനു മുന്നിൽ നില്‍ക്കും. അവരുടെ അനുവാദം കിട്ടിയതിനു ശേഷമേ ഞങ്ങളെപ്പോലും കയറ്റിവിടൂ. പഴയ നിർമാതാക്കൾ ഇതിനൊന്നും നിൽക്കില്ല. എന്നാൽ പുതിയ നിര്‍മാതാക്കൾ ഇവരോടുള്ള ആരാധന മൂത്ത് ഇതിനൊക്കെ സമ്മതിക്കുന്നു. സിനിമാ ഇൻഡസ്ട്രിയിൽ അച്ചടക്കം നശിക്കുന്നു

Advertisment