Advertisment

സ്ഥലത്ത് നേരത്തേയും ഇവർ മണ്ണെടുക്കാൻ വന്നിരുന്നു ; രാത്രി ജെസിബിയും കൊണ്ടു വന്നത് കണ്ടപ്പോൾ ചാടിയിറങ്ങി തടയാൻ പോയപ്പോഴാണ് ഇടിച്ചുകൊന്നത് ; വണ്ടി നിർത്താതെ ചേട്ടനെ അവർ ഇടിച്ച് കൊന്നു'' ; സംഗീതിന്‍റെ ഭാര്യ

New Update

തിരുവനന്തപുരം : കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ മണ്ണെടുപ്പ് തടയുന്നതിനിടെ ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊന്ന ഭൂമാഫിയാ സംഘത്തെ നേരത്തേ അറിയാമെന്ന് മരിച്ച സംഗീതിന്‍റെ ഭാര്യ. സ്ഥലത്ത് നേരത്തേയും ഇവർ മണ്ണെടുക്കാൻ വന്നിരുന്നു. ഇവർ രാത്രി ജെസിബിയും കൊണ്ടു വന്നത് കണ്ടപ്പോൾ ചാടിയിറങ്ങി തടയാൻ പോയപ്പോഴാണ് ഇവർ ജെസിബി കൊണ്ട് ഇടിച്ചുകൊന്നത് എന്ന് സംഗീതിന്‍റെ ഭാര്യ പറഞ്ഞു. സ്ഥലത്ത് മണ്ണെടുക്കുന്ന ഭൂമാഫിയാ സംഘം സജീവമാണെന്ന് നാട്ടുകാരും പറയുന്നു.

Advertisment

publive-image

നേരത്തേ അനുമതിയോടെ സംഗീതിന്‍റെ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നതാണ്. എന്നാൽ ഇതിന്‍റെ മറവിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമിച്ചപ്പോൾ, സംഗീത് അത് തടയുകയായിരുന്നു. അർദ്ധരാത്രിയോടെയാണ് ഇവിടെ മണ്ണെടുക്കാൻ ഭൂമാഫിയാ സംഘം എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന തരത്തിലാണ് ഇതിൽ ചിലർ എത്തിയതെന്നും സംഗീതിന്‍റെ ഭാര്യ പറയുന്നു.

''ഇന്നലെ രാത്രി വന്നതിൽ രണ്ട് പേരെ എനിക്ക് നേരത്തേ അറിയാവുന്നവരാണ്. ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാവുന്നതാണ്. ഒരാൾ വനംവകുപ്പിന്‍റെ ഉദ്യോഗസ്ഥനാണെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. മറ്റൊരാളുടെ പേര് ഉത്തമൻ എന്നാണ്. മറ്റ് രണ്ട് പേരെയും എനിക്കറിയില്ല. ഇന്നലെ രാത്രി ഇവർ മണ്ണെടുത്ത് വേറെ ഒരു വഴിയിലൂടെ കടത്താൻ നോക്കുകയായിരുന്നു. എന്നാൽ ചേട്ടൻ ഇടപെട്ട് അത് തടഞ്ഞു.

അപ്പോഴേക്ക് നാട്ടുകാരൊക്കെ കൂടി. മണ്ണെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. നാട്ടുകാരും ഇങ്ങനെ ഗുണ്ടായിസം കാണിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ അത് സമ്മതിച്ചു. അവർ പൊയ്‍ക്കോളാം എന്ന് പറഞ്ഞു. മണ്ണെടുത്ത് വച്ച വണ്ടി ഇപ്പോൾ കൊണ്ടുപോവുകയാണെന്നും, പിന്നെ തിരിച്ചുകൊണ്ടുവന്നിടാമെന്നും അവർ പറഞ്ഞപ്പോൾ ചേട്ടൻ അത് സമ്മതിച്ചില്ല.

മണ്ണ് എടുത്ത് തിരിച്ചിടാതെ വണ്ടി കൊണ്ടുപോകാനാകില്ലെന്നും, വണ്ടി ഇവിടെ നിർത്തിയിടണമെന്നും ചേട്ടൻ പറഞ്ഞു. അത് അവർ നാട്ടുകാരുടെ മുന്നിൽ വച്ച് സമ്മതിച്ചപ്പോഴാണ് ഞങ്ങൾ തിരികെ വീട്ടിൽ കയറി കതകടച്ചത്. അപ്പോഴേക്ക് നാട്ടുകാരൊക്കെ തിരികെ പോയിരുന്നു.

കതകടച്ച് കിടക്കാൻ വന്നപ്പോഴേക്ക് പിന്നെയും വണ്ടി ഓൺ ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ചേട്ടൻ പെട്ടെന്ന് പുറത്തിറങ്ങി ജെസിബിയ്ക്ക് മുന്നിൽ നിന്നു. വണ്ടിയെടുത്ത് പോകാൻ പറ്റില്ലെന്ന് പറഞ്ഞില്ലേന്ന് ചോദിച്ചു. അവരതൊന്നും നോക്കാതെ വണ്ടിയെടുത്ത് മുന്നിലോട്ട് പോവുകയായിരുന്നു. വണ്ടി നിർത്താതെ പോയപ്പോഴേക്ക്, ചേട്ടനെ അവർ ഇടിച്ച് കൊന്നു'', എന്ന് സംഗീതിന്‍റെ ഭാര്യ.

Advertisment