ന്യൂയോര്‍ക്ക്: അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ. ഹംസയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഹംസ ലാദന്‍ തീവ്രവാദത്തിന്റെ മുഖമായി വളര്‍ന്ന് വരുകയാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ നടപടി.
ഹംസയുടെ താവളം കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് കോടി രൂപയാണ് അമേരിക്ക പരിതോഷികം പ്രഖ്യാപിച്ചത്. ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
2011ല്‍ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായി അമേരിക്ക ആരോപിച്ചു. അതിനിടയില്‍ 2015ല്‍ സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ ഹംസയുടേതായി പുറത്ത് വന്നിരുന്നു.
ഒസാമ ബിന്‍ലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹംസയുടെ കാര്യത്തില്‍ അപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. വര്‍ഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.
പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണുള്ളത്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനില്‍ വീട്ടു തടങ്കിലിലോ ആണ് ഹംസ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.