Advertisment

‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതിയില്‍ തൃശൂരിലെ ചുണക്കുട്ടികള്‍ക്ക് നൂറ് ശതമാനം വിജയം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍ : എന്‍ട്രന്‍സ്‌ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്‍റെ ആഭിമുഖ്യത്തില്‍ രണ്ട് വര്‍ഷം മുമ്പ് തൃശൂരില്‍ ആരംഭിച്ച ‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതിയിലൂടെ സൗജന്യ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം നേടിയ എല്ലാ കുട്ടികള്‍ക്കും പ്ലസ് ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.

Advertisment

 

publive-image

സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പ്രചോദിതരായി റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് തൃശൂര്‍ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എന്നാല്‍ പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 2018ൽ ആരംഭിച്ച ഈ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ പഠിച്ച 41 കുട്ടികളില്‍ 37 കുട്ടികളും 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയപ്പോള്‍ നാല് കുട്ടികള്‍ക്ക് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടാനായി. ഇവരില്‍ ആറു കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 41 കുട്ടികളില്‍ എടവിലങ്ങ് സ്വദേശി ദുര്‍ഗ ആര്‍. എസ്. 1165 മാര്‍ക്ക് നേടി ഒന്നാമത് എത്തി.

തൃശൂര്‍ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ആരംഭിച്ച സൗജന്യ പ്ലസ് ടു വിദ്യാഭ്യാസ പദ്ധതിയില്‍ 10 പെണ്‍കുട്ടികളും 31 ആണ്‍കുട്ടികളുമാണ് വിദ്യാഭ്യാസം നേടിയത്. സ്‌റ്റേറ്റ് സിലബസിൽ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 41 കുട്ടികളെ എന്‍ട്രന്‍സ്‌ പരീക്ഷയിലൂടെ തെരഞ്ഞെടുത്ത് പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌ക്കൂളിൽ ചേർത്ത് റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസിന്‍റെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ചാണ് കുട്ടികളെ സൗജന്യമായി പഠിപ്പിച്ചത്. 41 കുട്ടികള്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു കാലയളവില്‍ സൗജന്യ എന്‍ട്രന്‍സ്‌ പരിശീലനവും നല്‍കി വരുന്നു.

നമുക്കുയരാം പദ്ധതിയുടെ രണ്ടാം ബാച്ചിൽ (2019) 22 കുട്ടികളാണുള്ളത്. അർഹരായ കുട്ടികളെ കിട്ടാത്തതാണ് കഴിഞ്ഞ വര്‍ഷം എണ്ണം കുറയാൻ കാരണം. ബീഹാറിൽ ആനന്ദ് കുമാർ നടപ്പിലാക്കിയ ‘ബീഹാർ തേർട്ടി’ മോഡലിൽ നിന്നാണ് ‘സൂപ്പർ ഫോർട്ടി വണ്‍’ എന്ന തരത്തിൽ ‘നമുക്കുയരാം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്ന്‍ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടര്‍ പി. സുരേഷ്കുമാര്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് മറ്റൊരു പ്രചോദനം. അതിനാലാണ് സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികളെ കണ്ടെത്തി സർക്കാർ സ്‌ക്കൂളിൽ തുടർ പഠനം സാദ്ധ്യമാക്കുന്നത്. പOനത്തിനൊപ്പം മെഡിക്കൽ - എഞ്ചിനീയറിംഗ് എൻട്രൻസ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുകയും ചെയ്തു വരുന്നു. പ്ലസ് ടു കഴിഞ്ഞുള്ള മത്സര പരീക്ഷകളിൽ ഇവരെ വിജയിപ്പിച്ച് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം, പി. സുരേഷ്കുമാര്‍ പറഞ്ഞു.

scholorship
Advertisment