Advertisment

ആലപ്പുഴയിൽ അപ്രതീക്ഷിത കടലാക്രമണം: തീരപ്രദേശത്ത് വ്യാപക നാശം: വെള്ളം കയറിയ വീടുകളില്‍ സുരക്ഷ മുന്‍ നിര്‍ത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു

New Update

ആലപ്പുഴ: അപ്രതീക്ഷിത കടലാക്രമണത്തില്‍ ജില്ലയുടെ തീരപ്രദേശത്ത് വ്യാപക നാശം. തോട്ടപ്പള്ളി മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളിലാണ് കടല്‍ കനത്തത്. ഇന്നലെ രാത്രി മുതലാണ് കടല്‍ ആഞ്ഞടിച്ചത്.

Advertisment

publive-image

പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. പാതിരപ്പള്ളി ചെട്ടിക്കാട് ഭാഗത്തും മാരാരിക്കുളത്തും കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

മാരാരിക്കുളത്ത് വീട് തകര്‍ന്നു. പല വീടുകളിലും ചെളിയും വെള്ളവും നിറഞ്ഞിരിക്കുകയാണ്. ആളുകളെ ബന്ധു വീടുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ സുരക്ഷ മുന്‍ നിര്‍ത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

രാത്രിയായതിനാല്‍ പല കുടുംബങ്ങളും എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായിരുന്നു. രാവിലെ കടല്‍ നേരിയ തോതില്‍ ശാന്തമായെങ്കിലും വീടുകളുടെ മുറ്റത്തു ചെളിയും വെള്ളവും ഇപ്പോഴുമുണ്ട്.

ഒപ്പം മഴയുമെത്തിയതോടെ ആശങ്കയിലാണ് തീര ദേശവാസികള്‍. ജില്ലയില്‍ കനത്ത കടല്‍ക്ഷോഭമുണ്ടായ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പുത്തന്‍നട പ്രദേശങ്ങളില്‍ കലക്ടര്‍ എ. അലക്സാണ്ടര്‍ സന്ദര്‍ശനം നടത്തി. ചിലസ്ഥലങ്ങളില്‍ കടല്‍ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയിക്കാനും കൂടുതല്‍ കല്ല് എത്തിച്ച് കടല്‍ ഭിത്തി നിര്‍മിക്കാനും മേജര്‍ ഇറിഗേഷന്‍ വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Advertisment