Advertisment

കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ലഭിക്കും; പൂഞ്ഞാറിൽ സിപിഎമ്മുമായി ഉള്ളത് ഉഷ്മള ബന്ധം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

New Update

publive-image

Advertisment

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇടതു മന്ത്രിസഭയിൽ കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നു പൂഞ്ഞാറിലെ നിയുക്ത എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.

കഴിഞ്ഞ വർഷം കേരള കോൺഗ്രസുകൾ ഒന്നിച്ചു മത്സരിച്ചപ്പോൾ ആറു സീറ്റാണ് ലഭിച്ചത്. ഇത്തവണ ചിലരൊക്കെ പിരിഞ്ഞു പോയിട്ടു പോലും കേരള കോൺഗ്രസിന് അഞ്ചു സീറ്റുകൾ നില നിർത്താൻ സാധിച്ചിട്ടുണ്ട്.

മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ചു വ്യക്തമായ തീരുമാനം ഇനിയും എടുത്തിട്ടില്ല. ഉചിതമായ വേദിയിൽ ചർച്ച ചെയ്തു പാർട്ടി നേതൃത്വവും ഇടതു മുന്നണിയും വ്യക്തമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത പൂഞ്ഞാർ എംഎൽഎയുമായി കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് നടപ്പിലാക്കി വന്നിരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച അഗീകാരവും ഒപ്പം വർഗീയ ചേരിതിരിവിലൂടെ രാഷ്ടീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചവർക്കുള്ള കനത്ത തിരിച്ചടിയും മത സൗഹാർദ്ദത്തിന്റെ വിജയവുമാണ് ഈ ജനവിധി.

അപവാദ പ്രചരണങ്ങളും, വ്യക്തിഹത്യയും നടത്തുന്നവർ സ്വയം അപഹാസ്യരാകുമെന്നും ജനം തള്ളിക്കളയുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. എല്ലാ കുപ്രചരണങ്ങളെയും വർഗീയ പ്രചരണങ്ങളെയും തള്ളിക്കളത്ത പൂഞ്ഞാർ ജനത അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ കാലങ്ങളായി പൂഞ്ഞാർ ജനത കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുമ്പിൽ അപമാനിതരാകുന്ന സാഹചര്യം ഉണ്ടായിരുന്നു. പൂഞ്ഞാർ, സാംസ്‌ക്കാരിക അധ:പതനത്തിന്റെയും, മൂല്യച്യുതിയുടെയും, നിലവാര തകർച്ചയുടെയും പ്രതീകമായി ചിത്രീകരിക്കപ്പെട്ടിരുന്നു.

ഈ തെറ്റായ ധാരണകൾ തിരുത്തി പൂഞ്ഞാർ ജനതയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും സാംസ്‌ക്കാരിക മൂല്യവും അന്തസ്സും മഹത്വവും വെളിവാക്കുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് നേതൃത്വം നൽകും. ജനപ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം വികസനമാണ് എന്ന ശരിയായ കാഴ്ചപ്പാട് മുൻനിർത്തി എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകുന്നതിന് പരിശ്രമിക്കും.

നിയോജകമണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ഏകോപിപ്പിക്കുന്നതിനും ആയിരിക്കും പ്രഥമ പരിഗണന. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്‌സിനേഷനുള്ള നടപടികൾ സ്വീകരിക്കും.

പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നു കഴിഞ്ഞ് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മുടങ്ങിക്കിടക്കുന്ന വിവിധ വികസന പദ്ധതികൾ ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും.

ഇതിൽ ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണം, മുണ്ടക്കയം ശുദ്ധജലവിതരണ പദ്ധതി വിപുലീകരണം, എരുമേലി സൗത്ത് വാട്ടർ സപ്ലൈ സ്‌കീം പൂർത്തീകരിക്കൽ, തിടനാട് - ഭരണങ്ങാനം റോഡ് പുനരുദ്ധാരണം, എരുമേലി ഫയർ സ്റ്റേഷൻ സ്ഥാപിക്കൽ, മുണ്ടക്കയം സബ് ട്രഷറി നിർമ്മാണം തുടങ്ങിയവ അടിയന്തിര പ്രാധാന്യത്തോടെ ആരംഭം കുറിക്കും.

നിയോജക മണ്ഡലത്തിലെ മുഴുവൻ ഭവനരഹിതരായ ആളുകൾക്കും വീട് നിർമ്മിച്ച് നൽകൽ, സമഗ്ര ശുദ്ധജല വിതരണ പദ്ധതികൾ ആവിഷ്‌കരിക്കൽ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സമയത്തെ മുഴുവൻ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കും.

നിയോജക മണ്ഡലത്തിലെ മത സാഹോദര്യം കാത്തു സൂക്ഷിക്കുന്നതിനും വികസന രംഗത്ത് സുതാര്യതയും സംശുദ്ധിയും ഉയർത്തിപ്പിടിക്കുന്നതിനും പരിശ്രമിക്കും. നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും, രാഷ്ടീയത്തിനതീതമായി വികസന കാഴ്ച്ചപ്പാട് ഉയർത്തി പിടിക്കുന്നതിനും പരിശ്രമിക്കും.

നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം മുൻനിർത്തി പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും പൂഞ്ഞാർ താലൂക്ക്, മുക്കൂട്ടതറ പഞ്ചായത്ത്, ശബരി വിമാനത്താവളം, സിയാൽ മോഡൽ റബർ കമ്പനി, ശബരി റയിൽപ്പാത, മുണ്ടക്കയത്തും ഈ രാറ്റുപേട്ടയിലും മിനി സിവിൽ സ്റ്റേഷനുകൾ, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പദവി ഉയർത്തൽ, എരുമേലി ടൗൺഷിപ് നടപ്പിലാക്കൽ, നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങൾ, വിവിധ ടൂറിസം പദ്ധതികൾ, എല്ലാ പഞ്ചായത്തിലും ഓരോ മിനി സ്റ്റേഡിയം, സൗജന്യ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ പദ്ധതി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കൽ ഇവയ്ക്ക് മുന്തിയ പരിഗണന നൽകി വികസന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും.

kottayam news
Advertisment