Advertisment

പിന്‍വാതില്‍ നിയമനം; സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; മാര്‍ച്ചില്‍ സംഘര്‍ഷം

New Update

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനെതിരെയും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പട്ടും ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്‍പില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ, ഒരു വിഭാഗം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisment

publive-image

സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നു എന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ആരംഭിച്ചത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ റാങ്ക് പട്ടികയിലുള്ളവരും സിവില്‍ പൊലീസ് റാങ്ക് പട്ടികയിലുള്ളവരുമാണ് മുഖ്യമായി സമരം നടത്തുന്നത്. സിവില്‍ പൊലീസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്  നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

ഇന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പൊലീസ് തടഞ്ഞു. പൊലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. അതിനിടെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ അതിക്രമിച്ചു കയറിയത്.

സെക്രട്ടേറിയറ്റിന് ചുറ്റും പൊലീസ് സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. വനിതാ പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പുരുഷ പൊലീസുകാര്‍ എത്തിയത് യുവമോര്‍ച്ച നേതാക്കള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വനിതാ പൊലീസുകാരെ സ്ഥലത്തെത്തിച്ച് പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

secretariat march
Advertisment