Advertisment

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളിയും സുധീരനും പിജെ കുര്യനും ! കഴിഞ്ഞ ദിവസം വരെ തിരുവല്ലയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച പിജെ കുര്യന്റെ പിന്മാറ്റത്തിലും അമ്പരപ്പ് ! മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേത്. മത്സരിക്കുന്നത് സ്വന്തം താല്‍പ്പര്യത്തിനല്ല മറിച്ച് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണെന്നു പറയാനുള്ള മുതിര്‍ന്നവരുടെ നാടകമാണോ ഇതെന്ന് സംശയിച്ച് യുവജനങ്ങളും. ഇന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നടന്നത് വെറും ചര്‍ച്ചകള്‍ മാത്രം ! സ്ഥാനാര്‍ത്ഥി നിര്‍ണയം വീണ്ടും ഗ്രൂപ്പ് വീതംവയ്‌പ്പെന്ന ആരോപണത്തിനും ശക്തിയേറുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പിജെ കുര്യന്‍, വിഎം സുധീരന്‍ എന്നിവരാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയോഗത്തെ അറിയിച്ചത്.

നിലവില്‍ താന്‍ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ നയിക്കുകയാണ്. മുന്നണിയെ നയിക്കുക എന്നതാണ് തന്റെ ചുമതലയെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്‍റേത് തന്നെയാവും അന്തിമ തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നേതൃത്വത്തില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടെങ്കിലും മത്സരിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലോ കോഴിക്കോട്ടെ ഒരു സീറ്റിലോ വിഎം സുധീരനെ മത്സരിപ്പിക്കണമെന്നാണ് എഐസിസി നേതൃത്വത്തിനുള്ളത്.

ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാര്‍ നേരത്തെ സുധീരനെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. നേരത്തെ തിരുവല്ല സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച പിജെ കുര്യന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്വീകരിച്ചത്. പതിവുപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതംവയ്പ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പിസി ചാക്കോ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.

യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം കെപിസിസി ഓഫീസില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി നേതാക്കള്‍ ഒരോരുത്തരും പ്രത്യേകമായി ചര്‍ച്ച നടത്തി.

 

trivandrum news
Advertisment