Advertisment

'രോഗിയാണ്‌' എന്ന്‌ കാണിക്കാൻ പച്ച മാസ്‌ക്‌ ധരിച്ച്‌ ഇന്റിക്കേറ്ററിടുകയൊന്നും വേണ്ട. ആര്‌ ധരിക്കുമ്പോഴും പച്ച ഭാഗം പുറത്തായിരിക്കുന്നതാണ്‌ ശരി ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

New Update

കേരളവും കൊറോണ വൈറസ് ഭീതിയിലാണ്. മൂന്നുപേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പൊതുജനത്തിന് വേണ്ട നിർദേശങ്ങളും മുന്നറിയിപ്പുകളും ആരോഗ്യപ്രവർത്തകർ നൽകുന്നുണ്ട്. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ ആളുകളെ പരിഭ്രാന്തരാക്കാൻ തെറ്റായ വാർത്തകളും പ്രചരിക്കുന്നുണ്ട്.

Advertisment

publive-image

രോഗം പകരുന്നത് തടയാൻ ഉപയോഗിക്കുന്ന മാസ്‌കിന്റെ പച്ചഭാഗം പുറത്ത്‌ ധരിക്കുന്ന ആൾ രോഗിയും അകത്തെ ഭാഗം പുറത്തേക്കാക്കി ധരിച്ചാൽ അയാൾ രോഗം തടയാനുമാണെന്ന ‌രീതിയിലാണ് വ്യാജ സന്ദേശങ്ങൾ പരക്കുന്നത്. ഈ വിഷയത്തെപ്പറ്റി ഡോക്ടർ ഷിംന അസീസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

കൊറോണ വൈറസ്‌ എന്നുവേണ്ട വായുവിലൂടെ പകരുന്ന ഏത്‌ രോഗവും ഒരു പരിധി വരെ തടയാനുള്ള ശേഷി മാസ്‌കിനുണ്ട്‌. സാധാരണ നമ്മളുപയോഗിക്കുന്ന പുറത്ത്‌ പച്ച കളറുള്ള മാസ്‌കാണ്‌ സർജിക്കൽ മാസ്‌ക്‌. ഇത്‌ ആറ്‌ മണിക്കൂർ വരെ ഉപയോഗിച്ച ശേഷം മാറ്റി വേറെയിടണം.

നിപ്പ സമയത്ത്‌ നമ്മൾ പരിചയപ്പെട്ട താരതമ്യേന കൂടുതൽ സുരക്ഷ തരുന്ന മാസ്‌കാണ്‌ N95 മാസ്‌ക്‌. കട്ടി കൂടിയ, ധരിച്ചാൽ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന ഈ മാസ്‌കിന്‌ വില കൂടുതലാണ്‌. ഓരോ ദിവസവും വെവ്വേറെ മാസ്‌ക്‌ ധരിക്കണമെന്നത്‌ ചിലവേറിയ പരിപാടിയാണ്‌. മാത്രമല്ല, ധരിക്കാനുള്ള ബുദ്ധിമുട്ടും (N95 മാസ്‌ക്‌ വച്ചിട്ടും ഈസിയായി ശ്വാസം കിട്ടുന്നുണ്ടെങ്കിൽ വച്ചിരിക്കുന്ന രീതി തെറ്റാണ്‌). നിലവിലെ സാഹചര്യത്തിൽ രോഗികളുമായി നേരിട്ട്‌ ഇടപെടുന്നവർക്കൊഴികെ ഇത്‌ ആവശ്യമില്ല എന്നതും N95 മാസ്‌കിനെ ഒരത്യാവശ്യം അല്ലാതാക്കുന്നു.

ഇനീം കുറേ ടൈപ്പ്‌ മാസ്‌കുണ്ട്‌. അത്‌ പരിചയപ്പെടുത്താനല്ല ഈ പോസ്‌റ്റ്‌. മാസ്‌കിന്റെ പച്ച ഭാഗം പുറത്ത്‌ ധരിക്കുന്ന ആൾ രോഗിയും അകത്തെ ഭാഗം പുറത്തേക്കാക്കി ധരിച്ചാൽ അയാൾ രോഗം തടയാനാണ്‌ മാസ്‌ക്‌ ധരിക്കുന്നത്‌ എന്നും പറഞ്ഞൊരു മെസേജ്‌ പരക്കുന്നുണ്ട്‌. ഇങ്ങനൊരു സംഗതിക്ക്‌ യാതൊരു ശാസ്‌ത്രീയ അടിസ്‌ഥാനവുമില്ല.

സർജിക്കൽ മാസ്‌ക്‌ ഏത്‌ രീതിയിൽ ധരിച്ചാലും ഫലം ഒന്നാണ്‌. പുറത്തേക്ക്‌ ധരിച്ചിരുന്ന ഭാഗം ശ്രദ്ധിക്കാതെ പിന്നീട്‌ അകത്തേക്ക്‌ ആക്കി ധരിക്കുകയൊന്നും ചെയ്‌തേക്കരുത്‌, നേരെ വിപരീതഫലം ചെയ്യും. ഇടക്കിടക്ക്‌ മാസ്‌ക്‌ താഴ്‌ത്തിയിട്ട്‌ വീണ്ടും ധരിക്കുകയോ നിലത്ത്‌ വീണ മാസ്‌ക്‌ വീണ്ടുമിടുകയോ ഒക്കെ ചെയ്‌താൽ മാസ്‌ക്‌ ധരിക്കുന്ന ഫലം കിട്ടുകയില്ല താനും.

ഇനിയിപ്പോ മെസേജ്‌ കണ്ട്‌ 'രോഗിയാണ്‌' എന്ന്‌ കാണിക്കാൻ പച്ച മാസ്‌ക്‌ ധരിച്ച്‌ ഇന്റിക്കേറ്ററിടുകയൊന്നും വേണ്ട. ആര്‌ ധരിക്കുമ്പോഴും പച്ച ഭാഗം പുറത്തായിരിക്കുന്നതാണ്‌ ശരി. നിങ്ങൾക്ക്‌ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന മെസേജ്‌ ഫേക്കാണ്‌. പണിയില്ലാത്തോർ ഉണ്ടാക്കി വിട്ട ഒന്നാന്തരം ഫേക്ക്‌. പോവാമ്പ്ര..

Advertisment