Advertisment

”രാഹുല്‍ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തില്‍ പ്രോത്സാഹന സമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് ചെന്നിത്തലയെങ്കിലും ഉണര്‍ത്തിക്കണം; പട്ടയം കിട്ടാത്തത് മുതല്‍ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവര്‍ഷം നിരവധി മനുഷ്യര്‍ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ബോധിപ്പിക്കണം; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്‍

New Update

വയനാട്‌: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി നടത്തിയത് പ്രച്ഛന്നവേഷ മത്സരത്തില്‍ പ്രോത്സാഹനസമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Advertisment

publive-image

ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍:

”രാഹുല്‍ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തില്‍ പ്രോത്സാഹനസമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് രമേശ് ചെന്നിത്തലയെങ്കിലും രാഹുല്‍ ഗാന്ധിയെ ഉണര്‍ത്തിക്കണം. പട്ടയം കിട്ടാത്തത് മുതല്‍ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവര്‍ഷം നിരവധി മനുഷ്യര്‍ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ടിയാനെ ബോധിപ്പിക്കണം.”

”സ്വകാര്യ കമ്പനികള്‍ക്ക് കാര്‍ഷിക മേഖല തീറെഴുതി കൊടുത്ത മന്‍മോഹന്‍ സിങ്ങിന്റെ പാവ സര്‍ക്കാരിനെതിരെ 2009 ഓഗസ്റ്റില്‍ കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ നടത്തിയ സമരം രാഹുലിന് ഓര്‍മ്മയുണ്ടാകണമെന്നില്ല. പാര്‍ലമെന്റിലെ രാഹുലിന്റെ നിദ്രാപൂര്‍ണ്ണമായ പ്രവര്‍ത്തനം ദേശിയ മാധ്യമങ്ങള്‍ ക്യാമറയില്‍ ഒപ്പിയിട്ടുള്ളതാണല്ലോ.

അന്നില്ലാത്ത പ്രതിഷേധം താങ്ങുവില നിരന്തരം ഉയര്‍ത്തുകയും, കര്‍ഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, APMC കള്‍ നിര്‍ത്തലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ട്രാക്ടറോടിച്ച് നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണെന്ന് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കണം.

ഇത്രയും പറഞ്ഞ് കഴിഞ്ഞിട്ട് ശംഖുമുഖം കടപ്പുറത്ത് നാളെ പ്രസംഗിക്കാന്‍ വേദിയൊരുക്കുമ്പോള്‍ കടല് ചൂണ്ടിക്കാട്ടി ഇനി ഓടിയൊളിക്കാന്‍ മറ്റൊരു സ്ഥലമില്ല എന്നുകൂടി പറഞ്ഞ് മനസ്സിലാക്കണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രമെങ്കിലും പഠിക്കട്ടെ.”

മണ്ടാട് മുതല്‍ മുട്ടില്‍ വരെ മൂന്ന് കിലോമീറ്റര്‍ സ്വയം ട്രാക്ടര്‍ ഓടിച്ചാണ് രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കുചേര്‍ന്നത്. എഴുപതോളം ട്രാക്ടറുകള്‍ റാലിയില്‍ അണിനിരന്നു. കെ.സി വേണുഗോപാല്‍ എംപി, ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ പങ്കെടുത്തു.

കര്‍ഷകരുടെ വേദന ലോകം മുഴുവന്‍ കാണുമ്പോഴും നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതാനുമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

rahul gandhi sobha surendran
Advertisment