Advertisment

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് സ്വഭാവിക നടപടി, അതില്‍ രാഷ്ട്രീയ ദുരുദ്ദേശ്യം കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി; പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയത് പരാതിക്കാരി; ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ അത് വിമര്‍ശനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് സ്വഭാവിക നടപടിയെന്നും അതില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ പല കേസുകളും സിബിഐയ്ക്കു വിട്ടിട്ടുണ്ട്. വാളയാർ കേസ് സിബിഐയ്ക്കാണു വിട്ടത്. കസ്റ്റഡി മരണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്.

പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി സർക്കാരിനു അപേക്ഷ നൽകി. ഇരയുടെ പരാതിയാണ്, അതു സ്വീകരിച്ചില്ലെങ്കിൽ വിമർശനത്തിന് ഇടയാക്കും. പൊലീസ് അന്വേഷണത്തിൽ കുറവുണ്ടായതു കൊണ്ടല്ല കേസ് സിബിഐയ്ക്കു വിട്ടത്.

പരാതിക്കാരിക്കു പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നു പറയുമ്പോൾ അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ല എന്ന നിലപാട് സർക്കാർ സ്വീകരിക്കേണ്ടതില്ല. യുഡിഎഫ് നേതാക്കളോടു പ്രതികാര ചിന്തയോടെ ഇരിക്കുന്നവരല്ല സർക്കാർ.

ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ല എന്നു വിജിലൻസ് പറഞ്ഞപ്പോൾ ഡയറക്ടറെ യുഡിഎഫ് സർക്കാർ മാറ്റി. പിന്നാലെ കേസ് സിബിഐയ്ക്കു വിട്ടു. യുഡിഎഫ് സർക്കാർ ഏകപക്ഷീയമായി എടുത്ത നടപടിയായിരുന്നു അത്.

ആലപ്പുഴ ബൈപാസിന്റെ പണി 40 വർഷമായി മുടങ്ങി കിടക്കുകയായിരുന്നു. എൽഡിഎഫ് സർക്കാർ വലിയതോതിൽ ഇടപെട്ടു പണി പൂർത്തിയാക്കി. പ്രതിപക്ഷം എന്തു അവകാശവാദം ഉന്നയിച്ചാലും ആലപ്പുഴക്കാർക്ക് അവസ്ഥ അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment