സൗദിയില്‍ ചൊവാഴ്ച മുതൽ 4 പുതിയ തൊഴിൽ മേഖലകളിൽകൂടി 70 % സ്വദേശിവൽക്കരണം നടപ്പിലാകുന്നു. മടങ്ങേണ്ടിവരുന്ന പ്രവാസികളില്‍ ആയിരകണക്കിന് മലയാളികളും

അക്ബര്‍ പൊന്നാനി
Monday, September 10, 2018

ജിദ്ദ: ചൊവാഴ്ച (സെപ്റ്റംബർ പതിനൊന്ന്) പുതിയ ഹിജ്‌റ വര്ഷം സമാരംഭിക്കുമ്പോൾ സൗദി അറേബ്യയിലെ പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അത് തങ്ങളുടെ തൊഴിലിന്റെ സമാപനം കുറിക്കുന്ന തിയതി കൂടിയായിരിക്കും. ഇതിനകം സൗദി തൊഴിൽ – സാമൂഹ്യ വികസന മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞ പന്ത്രണ്ടു ചില്ലറ വില്പന മേഖലകളിലെ സൗദിവത്കരണത്തിന്റെ ആദ്യഘട്ടം നടപ്പാവുന്നത് സെപ്റ്റംബർ പതിനൊന്നിനാണ്.

നവംബർ ഒമ്പതിന് മറ്റൊരു മൂന്നു മേഖലകളിലെയും 2019 ജനുവരി ഏഴിന് പിന്നെയൊരു അഞ്ചു മേഖലകളിലെയും കൂടി തൊഴിലുകളിൽ തദ്ദേശവത്കരണം നടപ്പിലാവുന്നതോടെ നിലവിലുള്ള വിദേശതൊഴിലാളികളിൽ വലിയ ശതമാനം പേർക്കും തിരിച്ചു പോക്കായിരിക്കും മുന്നിലുള്ള മാർഗം.

സമ്പൂർണ സ്വദേശിവത്കരണമാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീടത് എഴുപതു ശതമാനമായി കുറച്ചിട്ടുണ്ട്. ഒമ്പതു മാസങ്ങൾക്കു മുമ്പായി തീരുമാനം വ്യാപാരികളെ മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യഘട്ടമായി നാല് തരം ഷോപ്പുലികളിലാണ് സൗദിവത്ക്കരണം നടപ്പാവുന്നത്.

കാർ – മോട്ടോർസൈക്കിളുകൾ ഷോപ്പുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ – കുട്ടികൾക്കുള്ള ഉടുപ്പുകൾ – പുരുഷൻമാർക്ക് വേണ്ട വസ്തുക്കൾ എന്നിവയുടെ ഷോപ്പുകൾ, വീട് – ഓഫീസ് എന്നിവിടങ്ങൾക്കുള്ള റെഡിമെയ്ഡ് ഫർണിച്ചറുകൾ ഷോപ്പുകൾ, പാത്രക്കട എന്നിവിടങ്ങളിലെ തൊഴിലുകളിലാണ് ചൊവാഴ്ച നടപ്പിലാവുന്ന ആദ്യഘട്ട തദ്ദേശവൽക്കരണം.

ഇത്തരം കടകളിൽ ജോലി ചെയ്യുന്നവരും അവയുടെ നടത്തിപ്പിൽ ഏതെങ്കിലും തരത്തിലുള്ള പങ്കുള്ളവരും പുതിയ സാഹചര്യങ്ങളെ നേരിടുന്നത് പല രീതിയിലാണ്. നാട്ടിലേയ്ക്ക് മടങ്ങാനാണ് കൂടുതൽ ആളുകൾ ഒരുങ്ങിയിട്ടുള്ളത്. മറ്റൊരു ജോലിയും ഏർപ്പാടും ഒപ്പിക്കുന്നത്തിനുള്ള ശ്രമങ്ങളിലാണ് മറ്റു ചിലർ.

സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ട് റീ എൻട്രിയിൽ നാട്ടിൽ പോയി നിൽക്കാൻ ഒരുങ്ങുന്നവരും ഉണ്ട്. അതോടൊപ്പം, നിയമത്തിന്റെ പഴുതുകളും സാധ്യതകളും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും അണിയറയിൽ ഉണ്ട്. ഇതിനകമുള്ള സന്ദർഭങ്ങളിൽ അത്തരം സാധ്യതകൾ വിജയം കണ്ടിട്ടുള്ളത് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചൊവാഴ്ച മുതൽ തന്നെ വ്യാപകമായ പരിശോധന

അതേസമയം, നിയമം പൂർണമായി നടപ്പാവുന്നുവെന്നു ഉറപ്പാക്കാൻ ചൊവാഴ്ച മുതൽ തന്നെ വ്യാപകമായ പരിശോധനകൾക്ക് അധികൃതർ രൂപം നൽകിക്കഴിഞ്ഞു. പ്രത്യേകം പരിശീലനം നേടിയ ഇരുനൂറ് പരിശോധനാ ഉദ്യോഗസ്ഥന്മാരെ രാജ്യത്തിന്റെ മുഴുവൻ മേഖലകളിലും വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റികൾ, പ്രാദേശിക തദ്ദ്വേശവത്കരണ സമിതി എന്നിവയുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയുള്ള പരിശോധനകൾക്കാണ് തൊഴിൽ മന്ത്രാലയം രൂപം കൊടുത്തിട്ടുള്ളത്.

സ്വകാര്യ മേഖലയിലെ സ്വദേശി പങ്കാളിത്തം വർധിപ്പിക്കുകയെന്നതിനു പുറമെ, സമ്പദ്ഘടനയ്ക്ക് ദോഷകരമായ വിധത്തിൽ നിലനിൽക്കുന്ന ബിനാമി ബിസിനെസ്സുകൾക്ക് അന്ത്യം കുറിക്കുകയെന്നതും വ്യാപകമായ സ്വദേശിവത്കരണത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

ബിനാമി ബിസിനസ്സുകൾ ഇല്ലാതാക്കുന്നതും ലക്‌ഷ്യം 

ചില്ലറ വില്പന മേഖലയിൽ വ്യാപകമായി ഉണ്ടെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്ന അവിഹിത ബിനാമി ബിസിനസ്സുകൾ ഇല്ലാതാക്കി സമ്പദ്ഘടനയെ ശുദ്ധീകരിക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണ്. തൊഴിൽ സ്വദേശിവത്കരണത്തിൽ അന്തർലീനമായിട്ടുള്ള പ്രധാന ലക്ഷ്യവുമാണ് അത്.

ഇതിനകം വിജയകരമായി നടപ്പിലാക്കി കഴിഞ്ഞ സമ്പൂർണ തദ്ദേശ വൽക്കരണ നടപടികളിൽ നിന്ന് ആവേശം ഉൾക്കൊണ്ട് നടത്തുന്ന പുതിയ നീക്കങ്ങളും ലക്‌ഷ്യം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സൗദി തൊഴിൽ മന്ത്രാലയം.

മൊബൈൽ ഫോൺ, സ്വർണാഭരണം, സ്ത്രീകൾക്കുള്ള വസ്തുക്കൾ എന്നിവയുടെ ഷോപ്പുകളിലെ തൊഴിലുകളാണ് സമ്പൂർണ സൗദിവത്കരണത്തിലൂടെ നിലവിൽ നീങ്ങുന്നത്. ഇതിലൂടെ ചിരകാലമായി സൗദിയിൽ ജോലി ചെയ്തുവന്നിരുന്ന അസംഖ്യം വിദേശികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടുകയും സൗദി വിടേണ്ടി വരികയും ചെയ്തു. ഇതിൽ ചില തരം ഷോപ്പുകളിൽ തൊഴിൽ നഷ്ട്ടമായവരിൽ വലിയ ശതമാനം മലയാളികളുമായിരുന്നു.

പുതിയ പന്ത്രണ്ടു മേഖലകളിൽ വരുത്തുന്ന ഊർജിത തൊഴിൽ തദ്ദേശവത്കരണത്തിലൂടെ തൊഴിൽ നഷ്ടപ്പെടുകയും നാട്ടിലേയ്ക്ക് തിരിച്ചു പോകേണ്ടി വരികയും ചെയ്യുന്നവരിലും നല്ലൊരു ശതമാനം മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർ തന്നെയായിരിക്കുമെന്നാണ് കണക്കു കൂട്ടൽ.

സ്വന്തം പൗരന്മാർക്ക് വർധിച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കാൻ സൗദി സർക്കാർ നടത്തുന്ന പ്രശംസനീയമായ ശ്രമങ്ങൾ മൂലം വിദേശികൾക്ക് വരുന്ന പ്രയാസം സ്വാഭാവികമാണ്, അതും അവരിലെ അവിദഗ്ദരായ തൊഴിലാളികൾക്ക്. ഏതായാലും, പുതു ഹിജ്റാ വർഷപ്പുലരി സൗദിയിലെ ചില്ലറ വില്പന മേഖലയിലെ വലിയൊരു എണ്ണം വിദേശ തൊഴിലാളിളോട് നേരുന്നത് ഇതാണ്: “അൺഹാപ്പി ന്യൂ ഇയർ!”.

×