Advertisment

മുന്‍ പൊതുമരാമത്തുവകുപ്പ് മന്ത്രിയും ഇപ്പോഴും എംഎല്‍എയുമായ ഒരു മാന്യ ദേഹത്തിന്‍റെ ബൈപ്പാസ് വിരോധം - കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെതിരെ നാട്ടുകാരനായ എസ്.പി നമ്പൂതിരിയുടെ പ്രതികരണം

New Update

publive-image

Advertisment

രാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണന്‍റെ പേരില്‍ സ്റ്റേറ്റ് ഹൈവേയ്ക്ക് ഒരുബൈപ്പാസ് അദ്ദേഹത്തിന്‍റെ നാട്ടില്‍ നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നു. കെ.ആര്‍ നാരായണന്‍റെ സുഹൃത്തുക്കളായ (ഉഴവൂര്‍വിജയനും, ഈ ലേഖകനും ഉള്‍പ്പെടെ) ആണ് അതിനുവേണ്ടി ശ്രമിച്ചത്. ഇക്കാര്യം ഇടതുപക്ഷ ഗവണ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതും ഞങ്ങളാണ്.

ഇരുപത്തഞ്ച് കോടി രൂപാ ബജറ്റില്‍ അനുവദിച്ച് കിട്ടുകയും ചെയ്തു. ഈ തുക ഈ റോഡില്‍ ചിലവാക്കാതെ അദ്ദേഹത്തിന് സവിശേഷ താല്‍പര്യമുളള മറ്റ് ചിലറോഡുകളിലേക്ക് വകമാറ്റിയെന്നതാണ് ഈ എം.എല്‍.എ നിര്‍വ്വഹിച്ച വിശിഷ്ടസേവനം. ഈ ദേശസേവനം വിലയിരുത്തുവാനുളള സുവര്‍ണ്ണാവസരമാണ് കടുത്തുരുത്തിക്കാര്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

അതേസമയം രാഷ്ട്രീയം മറന്നും വികസനത്തില്‍ ശ്രദ്ധിക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്ന ബി.ജെ.പി. എം.എല്‍.എ ഒ.രാജഗോപാലിന്‍റെ ഹൃദയവിശാലതയേയും നാം കാണാതിരുന്നുകൂടാ. നാട്ടുകാരനായ രാഷ്ട്രപതിയുടെ സ്മാരകമായ രാജപാതയ്ക്ക് വേണ്ടി നാടാകെ ഒന്നിച്ചപ്പോള്‍ ആ സ്മാരകപദ്ധതി പൊളിച്ചടുക്കിയ എം.എല്‍.എ.യുടെ ജനസേവനത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. കാലം വിധിയെഴുതട്ടെ.

പൊതുതിരഞ്ഞെടുപ്പ് ഒരു ധര്‍മ്മയുദ്ധമാണ് - ധര്‍മ്മയുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു - ആവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്‍റേയും ജനങ്ങളുടേയും സാര്‍വ്വത്രികപുരോഗതി നേടാനുതകുന്ന ഒരു പഞ്ചവത്സരപദ്ധതിയാണ് ഓരോ പാര്‍ട്ടിയും പ്രകടനപത്രികയായി ജനസമക്ഷം അവതരിപ്പിച്ചുകൊണ്ട് സമ്മതിദായകരെ അഭിമുഖീകരിക്കുന്നത്.

ഓരോ കക്ഷിയുടേയും വാഗ്ദാനപരിപാലനത്തിലെ കഴിഞ്ഞകാല റിക്കോര്‍ഡുകളും സ്വാഭാവികമായി ജനം പരിശോധിക്കും. ഓരോ കക്ഷിയുടേയും പ്രകടനപത്രികയ്ക്ക് ആശയപരമായ ഒരടിത്തറയുണ്ടാകും - ഒരു രാഷ്ട്രീയദര്‍ശനമുണ്ടാവും. സമ്മതിദായകര്‍ക്ക് അത് പഠിക്കാനും വിലയിരുത്താനുമുളള ഒരവസരമാണ് തിരഞ്ഞെടുപ്പുകള്‍ - രാഷ്ട്രീയവിദ്യാഭ്യാസം നേടുന്നതിനുളള ഒരവസരവും.

ആസന്നമായ തിരഞ്ഞെടുപ്പിന്‍റെ മത്സരവേദിയില്‍നിന്ന് ഇന്ന് കേള്‍ക്കാനിടയായ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ എന്തൊക്കെയാണ്? ആരുടെ പക്ഷത്തുനിന്നാണ് അതുണ്ടായത്? കേരള നിയമസഭയിലെ ഏക ബി.ജെ.പി.അംഗമായ ഒ.രാജഗോപാലിന്‍റെ വെളിപ്പെടുത്തലുകളാണ് എന്നിലെ രാഷ്ട്രീയവിദ്യാര്‍ത്ഥിക്ക് ഏറെ ആകര്‍ഷകമായിത്തീര്‍ന്നത്.

ഏതൊരു യുദ്ധത്തിലും പൊതുശത്രുവിനെതിരെ അഭിപ്രായഭേദങ്ങള്‍ മറന്ന് വിവിധ ശക്തികളുടെ ഐക്യം സംഭവിക്കാറുണ്ട്. ഈ പ്രതിഭാസത്തിന്‍റെ രാഷ്ട്രീയത്തിലെ പുതിയ പേരാണ് ഐക്യമുന്നണി. ഹിറ്റലര്‍ എന്ന പൊതു ശത്രുവിനെ തോല്‍പ്പിക്കുന്നതിനുവേണ്ടി അതുവരെ പരസ്പരം പോരടിച്ചിരുന്ന കമ്യൂണിസ്റ്റ് റഷ്യയും, സഖ്യശക്തികളും ഒന്നിച്ചണിനിരന്നതിന് ലോകചരിത്രം സാക്ഷിയാണ്.

ഇതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസസിന്‍റെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് ജയിക്കാന്‍ കഴിഞ്ഞതെന്നും രാജഗോപാല്‍ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ഈ വോട്ട് കൈമാറ്റം നടന്നതെന്ന രഹസ്യവും രാജഗോപാല്‍ പരസ്യപ്പെടുത്തുന്നു. ഇതൊരു പുതിയസംഭവമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

വിമോചനസമരത്തിന് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇ.എം.എസ്സിനെ പരാജയപ്പെടുത്താന്‍വേണ്ടി കോണ്‍ഗ്രസ്സും, മുസ്ലീംലീഗും, ആര്‍.എസ്സ്.എസ്സും. ഒരു സംയുക്തമുന്നണിയായി പട്ടാമ്പിയില്‍ പടനയിച്ചിരുന്നു. ഗാന്ധിജിയ്ക്കെതിരെ ആര്‍.എസ്സ്.എസ്സ്. ഉയര്‍ത്തിക്കാണിക്കുന്ന ആദര്‍ശപുരുഷനായ ദീനദയാല്‍ ഉപാദ്ധ്യായ വരെയുളള അഖിലേന്ത്യാ നേതാക്കള്‍ പട്ടാമ്പിയില്‍ ക്യാമ്പ് ചെയ്ത് ഈ യുദ്ധസന്നാഹങ്ങള്‍ക്ക് നേതൃത്വം കൊടുത്തതാണ്.

അന്യാദൃശമായ സ്വന്തം വ്യക്തിത്വസിദ്ധികള്‍കൊണ്ട് മാത്രമാണ് അന്നവിടെ ഇ.എം.എസ്സ്. ജയിച്ചത്. തുടര്‍ന്ന് പല സന്ദര്‍ഭങ്ങളിലും, പലസ്ഥലങ്ങളിലും കോലീബി സഖ്യം എന്ന പരിഹാസപ്പേരില്‍ അറിയപ്പെടാനിടയായ ആ അവിശുദ്ധ ബാന്ധവം നടന്നിട്ടുണ്ടത്രേ. യുദ്ധത്തിലും പ്രേമത്തിലും ജയമാണ് ന്യായം എന്നത് പ്രസിദ്ധമാണല്ലോ.

പ്രതിപക്ഷ എം.എല്‍.എ.യുടെ നിയോജകമണ്ഡലമാണെങ്കിലും നേമത്തിന് അര്‍ഹതപ്പെട്ട പരിഗണനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പിണറായി മന്ത്രിസഭയെ അഭിനന്ദിക്കുന്നുവെന്നും രാജഗോപാല്‍ പറയുന്നുണ്ട്. ആശയപരമായി രാജഗോപാലുമായുളള ഭിന്നതകള്‍ എന്തുമാവട്ടെ, ഈ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച ധീരോചിതമായ നിലപാടിന് ഒരു ബിഗ് സല്യൂട്ട്.

മഹാപ്രളയം മുതല്‍ കരാളമായ കൊറോണദുരിതങ്ങള്‍ വരെയുളള കഷ്ടകാലങ്ങള്‍ക്കിടയിലും കിഫ്ബി എന്ന ബദല്‍ സംവിധാനത്തിലൂടെ അറുപത്തിമൂവായിരംകോടി രൂപായുടെ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ഈ സര്‍ക്കാരിനെ പ്രതിപക്ഷം എങ്ങിനെയാണ് വിലയിരുത്തുന്നത്:

സര്‍വ്വത്ര അഴിമതി. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ കിഫ്ബി പിരിച്ചുവിടും. ഇതില്‍പരം നിഷേധാത്മകമായ ഒരു നിലപാട് ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് സ്വീകരിക്കാന്‍ കഴിയുമോ?

ഈ സന്ദര്‍ഭത്തില്‍ ഒരു മുന്‍ മന്ത്രിയും, കടുത്തുരുത്തി എം.എല്‍.എ.യും, വീണ്ടും കടുത്തുരുത്തിയുടെ ഭൈമീകാമുകനുമായ മോന്‍സ് ജോസഫ് എന്ന ജനപ്രതിനിധിയുടെ ജനസേവനവും പഠനവിധേയമാക്കേണ്ടതുണ്ട്.

കെ.ആര്‍. നാരായണന്‍ റോഡ്

ഈ നിയോജകമണ്ഡലത്തിന്‍റെ മഹാധമനിയെന്ന് പറയാവുന്ന ഒരു സുപ്രധാന റോഡാണിത്. രാജാ കേശവദാസന്‍റെ നായര്‍ പട്ടാളം ടിപ്പുവിനെയും,സൈന്യത്തേയും നേരിടാന്‍ ആലുവായ്ക്ക് മാര്‍ച്ച് ചെയ്തത് ഈ പാതയിലൂടെയാണെന്നത് ഈ റോഡിന്‍റെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നതാണ്.

കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ ഈ റോഡിന്‍റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് രാഷ്ട്രപതിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചതാണ്. അതിനുവേണ്ടി ഡല്‍ഹിയ്ക്ക് പോയത് ഉഴവൂര്‍ വിജയനും, ഞാനുമാണ്. മാണിസാറും മറ്റും ചെയ്യുന്നതുപോലെ അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യം എടുത്തില്ല. കേന്ദ്രത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഔപചാരികമായി കൈമാറുകമാത്രം ചെയ്തു. എന്നാലദ്ദേഹം ഇതെന്‍റെ നാട്ടില്‍ കൂടി കടന്നുപോകുന്ന റോഡാണെന്ന് അന്നാ മന്ത്രിയോട് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ഈ റോഡ് ഒരു രാജപാതയാകുമായിരുന്നു.

ചുരുക്കത്തിലൊന്നും നടന്നില്ല. പിന്നീട് ഈ റോഡിന് കെ.ആര്‍. നാരായണന്‍ റോഡെന്ന് നാമകരണം ചെയ്യാന്‍ മുന്‍കൈയ്യെടുത്തതും ഞങ്ങളാണ്. ഡോ. തോമസ് ഐസക്കിന്‍റെ ബജറ്റില്‍ ഈ റോഡിന് ഇരുപത്തഞ്ച്കോടി രൂപാ വകയിരുത്താനിടയായതും ഞങ്ങളുടെ ഒരു നിര്‍ദ്ദേശം മൂലമാണ്. ഈ ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പി.ഡബ്ലു.ഡി. തയ്യാറാക്കിയ എസ്റ്റിമേറ്റ് ഇരുപത്തെട്ടുകോടിയോട് അടുത്താണ്.

ഇതില്‍ രണ്ടേകാല്‍ കോടി രൂപാ മാത്രം മുടക്കി ഈ റോഡില്‍ ചെറിയ മിനുക്കുപണികള്‍ നടത്തുകയും ബാക്കി തുക എം.എല്‍.എ. യ്ക്ക് സവിശേഷതാല്‍പര്യങ്ങളുളള മറ്റ് ചില റോഡുകളിലേക്ക് വക മാറ്റി ചിലവഴിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഞങ്ങള്‍ കോടതിയെ സമീപിച്ചത്. ജയിസണ്‍ സക്കറിയയാണ് ഹൈക്കോടതിയില്‍ റിട്ടു സമര്‍പ്പിച്ചത്.

നിയമപരമായ ഈ നടപടികള്‍ തുടരുന്നതിനൊപ്പം കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിളളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ വിപുലമായ ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കണം. ഈ റോഡിന്‍റെ വികസനത്തില്‍ താല്‍പര്യമുളള എല്ലാവരേയും കക്ഷിപരിഗണനയ്ക്കതീതമായി ഇതില്‍ സഹകരിപ്പിക്കണം. കിടങ്ങൂര്‍ മുതല്‍ വെളിയന്നൂര്‍ വരെ ഒരു പദയാത്ര നടത്തണം.

ഈ എം.എല്‍.എ. കടുത്തുരുത്തിയുടെ കരംപിടിക്കാന്‍ കൊതിച്ചുകൊണ്ട് ഈ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കെ.ആര്‍.നാരായണന്‍ ബൈപ്പാസ് പദ്ധതിയെ വെട്ടിത്തിരുത്തി വകമാറ്റിയ എം.എല്‍.എ.യെ എങ്ങനെ സ്വീകരിക്കണമെന്ന് ജനം വിധിയെഴുതട്ടെ.

ദീര്‍ഘകാലമായി പരിഗണനയിലുളള കടുത്തുരുത്തി ബൈപ്പാസിന്‍റെ കാര്യത്തിലും, ഈ നല്ല കിഫ്ബിക്കാലത്തുപോലും ഈ മുന്‍മന്ത്രിയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വാര്‍ത്താതല വാചകങ്ങളിലൂടെ വികസനനായകനാവാനുളള കുറുക്കുവഴികളിലാണ് അദ്ദേഹത്തിന് താല്‍പര്യം. കുറുക്കുവഴികളെന്ന ബൈപ്പാസില്‍ മാത്രമാണ് അദ്ദേഹം അഭിരമിച്ചുകൊണ്ടിരിക്കുന്നത്.

voices
Advertisment