ഐപിഎല്‍ താരലേലം: സഞ്ജു സാംസനെ 8 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

സ്പോര്‍ട്സ് ഡസ്ക്
Saturday, January 27, 2018

ബെംഗളൂരു:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം എഡിഷണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ലേലം പുരോഗമിക്കുന്നു. മലയാളി താരം സഞ്ജു സാംസനെ 8 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.

ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണ് ഇതുവരെയുള്ളതിലെ വിലകൂടിയ താരം. സ്റ്റോക്സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

ബെംഗളൂരുവില്‍ രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം നടക്കുക. 361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ടീമുകള്‍ മൊത്തം ഉടച്ചുവാര്‍ത്തതിനാല്‍ ടീമുകളുടെ ഘടന തന്നെ മാറുന്നതാണ് ഇത്തവണത്തെ ലേലത്തിലെ പ്രത്യേകത.

ഓരോ ടീമുകള്‍ക്കും ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം. ഇതിനായി 80 കോടി രൂപയാണ് ടീമുകള്‍ക്ക് ചെലവഴിക്കാനാകുന്നത്. ടീമുകള്‍ ഇതിനകം തന്നെ ചില താരങ്ങളെ നിലനിര്‍ത്തിയതു വഴി ഈ തുകയില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ട്.

×