Advertisment

പാതി തുറന്ന ഫ്രിഡ്ജ്; കതകിൽ ഉടക്കിയ ശിരോവസ്ത്രം;  അന്വേഷിച്ചവര്‍ ആത്മഹത്യ ചെയ്തു, സംശയിച്ച് ചോദ്യം ചെയ്തവരെ കാണാതായി, തെളിവുകള്‍ അട്ടിമറിക്കപ്പെട്ടു, രഹസ്യമൊഴി നൽകിയ സാക്ഷികൾ അടക്കം കൂറുമാറി; ദൂരുഹത നിറഞ്ഞ കേസിൽ വിധി ഉടൻ 

New Update

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ ഏറെ നാളത്തെ വ്യവഹാരത്തിനു ശേഷം ഒരു വർഷവും മൂന്നര മാസവും കൊണ്ടു വിചാരണ പൂർത്തിയാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്നു വിധി പറയുന്നത്. കൊലപാതകമെന്ന് സിബിഐയും ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചും ആവര്‍ത്തിക്കുന്ന മരണത്തിന്റെ പൊരുളറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്.

Advertisment

ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയുമാണ് കേസിലെ പ്രതികൾ. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയ ഉത്തരം. ഇത് ശരിയോയെന്ന് കോടതി വിധിക്കും.

publive-image

സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് സി.ബി.ഐയ്ക്ക് ആശ്രയം. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷണത്തിനെത്തിയപ്പോൾ പ്രതികളെ കണ്ടെന്ന അടയക്കാ രാജുവിന്റെ മൊഴിയും കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജൻമാരുടെ മൊഴിയും നിർണായകമായി.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു.2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി.

തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി ,കെ .ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു.രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല.2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.

പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ പിന്നീട് തിരിച്ച് മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്കു അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിഡ്‌ജ് പാതി തുറന്നനിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു.

വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടക്കുന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കള വാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു. അടുക്കളയുടെ വാതിൽമുതൽ കിണർവരെയുള്ള ഭാഗങ്ങൾ അലങ്കോലമായി. കിടന്നു. ഫയർ ഫോഴ്‌സിന്റെ പരിശോധനയിലാണ് കിണറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്.

ദുരൂഹതകളില്‍ വലംവെച്ച് 17 ദിവസം ലോക്കൽ പൊലീസും ഒൻപതു മാസം ക്രൈം ബ്രാഞ്ചും അന്വേഷിച്ചു. മാനസിക അസ്വാസ്‌ഥ്യംമൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കണ്ടെത്തലില്‍ ഇരു അന്വേഷണങ്ങളും അവസാനിച്ചു.

അഭയയുടെ ശിരോവസ്‌ത്രം, മൃതദേഹത്തിൽ കണ്ട വസ്‌ത്രം, അടുക്കളയിൽ കണ്ട പ്ലാസ്‌റ്റിക് കുപ്പി, ചെരുപ്പുകൾ, ഡയറി തുടങ്ങിയ സുപ്രധാന വസ്‌തുക്കൾ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകിയ ഉടൻ ക്രൈംബ്രാഞ്ച് കത്തിച്ചുകളഞ്ഞു.

അഭയയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തുന്നത് സിബിഐയാണ്. അഭയക്കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചിന് രണ്ട് വൈദികരെ കോണ്‍വന്‍റില്‍ കണ്ടു എന്ന നിര്‍ണായക മൊഴി മോഷ്ടാവായ അടയ്ക്ക രാജുവില്‍ നിന്ന് സിബിഐക്ക് ലഭിച്ചു.

sr abhaya murder case
Advertisment