Advertisment

‘എന്നെ ഈ ബാഡ്ജ് ഏൽപിച്ചാണു ശ്രീഭദ്ര യാത്ര പോയത്. ഇതു മടക്കി വാങ്ങാൻ ഇനി അവൾ വരില്ലല്ലോ?’ ; മഞ്ഞുമലകളുടെ നാട്ടിലേക്കുള്ള യാത്ര തുടങ്ങും മുൻപു ക്ലാസ് ലീഡറുടെ ഉത്തരവാദിത്തം ശ്രീഭദ്ര കൈമാറിയത്‌ ഉറ്റ കൂട്ടുകാരിയ്ക്ക്‌ '

New Update

കൊച്ചി :  മഞ്ഞുമലകളുടെ നാട്ടിലേക്കുള്ള യാത്ര തുടങ്ങും മുൻപു ക്ലാസ് ലീഡറുടെ ഉത്തരവാദിത്തം ഉറ്റ കൂട്ടുകാരി ആർദ്രയ്ക്കു കൈമാറിയിരുന്നു ശ്രീഭദ്ര. ഒരിക്കലും മടങ്ങി വരാത്ത യാത്രയായിരുന്നു അതെന്ന തിരിച്ചറിവു നൽകിയ ഞെട്ടലിൽ നിന്ന് അധ്യാപകരും വിദ്യാർഥികളും മുക്തരായിട്ടില്ല.

Advertisment

publive-image

‘എന്നെ ഈ ബാഡ്ജ് ഏൽപിച്ചാണു ശ്രീഭദ്ര യാത്ര പോയത്. ഇതു മടക്കി വാങ്ങാൻ ഇനി അവൾ വരില്ലല്ലോ?’’ ക്ലാസ് ലീഡറുടെ ബാഡ്ജ് ഉയർത്തിക്കാട്ടി മൂന്നാം ക്ലാസ് വിദ്യാർഥിനി ആർദ്രയുടെ ചോദ്യം ഒരു വിതുമ്പലിനൊപ്പം പുറത്തേക്കു തുളുമ്പിയപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനായി.

എളമക്കര സരസ്വതി വിദ്യാനികേതനിൽ ഇന്നലെ സങ്കടവർഷം തോരാതെ പെയ്തു. നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം കവർന്നെടുത്ത 3 കൂട്ടുകാരുടെയും നിരത്തിവച്ച ചിത്രങ്ങൾക്കു മുന്നിൽ സഹപാഠികളും അധ്യാപകരും കണ്ണീരും പൂക്കളുമർപ്പിച്ചു. ദുരന്തത്തിൽ മരിച്ച ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവർ സരസ്വതി വിദ്യാനികേതനിലെ വിദ്യാർഥികളായിരുന്നു.

പഠിക്കാൻ മിടുക്കിയായിരുന്ന ശ്രീഭദ്രയായിരുന്നു മൂന്നാം ക്ലാസിലെ ലീഡർ. ഹിമാലയത്തിലേക്കു യാത്ര പോകുന്നതിന്റെ സന്തോഷം എല്ലാ കൂട്ടുകാരുമായും പങ്കിട്ട ശേഷമാണ് അവൾ പോയതെന്നു ക്ലാസ് ടീച്ചറായ ലൈല പറയുന്നു.

മടങ്ങി വരും വരെ ഉത്തരവാദിത്തങ്ങൾ ആർദ്രയെ ഏൽപിക്കുകയായിരുന്നു. ചിരിച്ചു യാത്രപറഞ്ഞു പോയ കൂട്ടുകാരിയുടെ മരണമുണ്ടാക്കിയ ആഘാതത്തിലായിരുന്നു ആർദ്രയും സഹപാഠികളും. ശ്രീഭദ്രയുടെ സഹോദരങ്ങളായ ആർച്ച ഒന്നാം ക്ലാസിലും അഭിനവ് എൽകെജിയിലുമാണു പഠിച്ചിരുന്നത്.

Advertisment