Advertisment

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു; കൊവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമെന്ന് ശ്രീധന്യ

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് ജില്ലാ അസിസ്റ്റൻ്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. ഇന്ന് വൈകിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു മുന്‍പാകെയാണ് ചുമതലയേറ്റത്.

നിയമനം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറൻ്റൈനിലായിരുന്നു ശ്രീധന്യ. കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ പ്രതികരിച്ചു.

ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാര്‍ഥയോടെ അതൊക്കെ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു.

വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. 2016ല്‍ ട്രൈബൽ ഡിപ്പാര്‍ട്ട്‌മെൻ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കളക്ടറായിരുന്ന, നിലവിലെ കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദേഹത്തിൻ്റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നത് ശ്രീധന്യ സുരേഷ് പറഞ്ഞു.

എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു. പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് പൊരുതിനേടിയ ശ്രീധന്യയുടെ നേടിയ വിജയത്തില്‍ തന്റെ സന്തോഷത്തിന് അതിരില്ലായെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Advertisment