764 -)൦ ദിവസ൦ ശ്രീജിത്തിന്‍റെ സമരം വിജയത്തിലേയ്ക്ക്. സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഞായറാഴ്ച ‘മില്ല്യണ്‍ മാസ്‌ക്ക് ‘ മാര്‍ച്ച് നടത്താന്‍ സോഷ്യല്‍ മീഡീയ പ്രവര്‍ത്തകര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 13, 2018

തിരുവനന്തപുരം  764 ദിവസമായി തുടരുന്ന സമരം ശ്രീജിത്തിന്‍റെ സമര൦ ഒടുവില്‍ ലക്ഷ്യത്തിലേയ്ക്ക് . ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് കത്തയയ്ക്കും.

ആദ്യ അപേക്ഷ സിബിഐ തള്ളിയിരുന്നു. ശ്രീജിവിന് നീതിതേടി ശ്രീജിത്ത് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് സർക്കാരിന്‍റെ ഇടപെടല്‍.

പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സഹോദരനു നീതിതേടി സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരത്തിന് വലിയ പിന്തുണയാണ് ഓരോ ദിവസം ലഭിക്കുന്നത്. ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ രാഷ്ട്രീയ‌ക്കാര്‍ക്കെതിരെ പിന്തുണയുമായെത്തിയവർ ബഹളമുണ്ടാക്കി.

സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ബാനറുകള്‍ സ്ഥാപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ജനരോഷമുയര്‍ന്നത്.

2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് മില്ല്യണ്‍ മാസ്‌ക്ക് മാര്‍ച്ച് നടത്താന്‍ സോഷ്യല്‍ മീഡീയ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. ക്യാമ്പയിന്‍ തുടങ്ങിയ അന്നുമുതല്‍ വലിയ ജനപിന്തുണയാണ് ശ്രീജിത്തിന്റെ സമരത്തിനും മാര്‍ച്ചിനും ലഭിക്കുന്നത്. ഇതിനായി supportforsreejith എന്ന ഹാഷ്ടാഗിലൂടെയും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

മില്ല്യണ്‍ മാസ്‌ക്ക് മാര്‍ച്ച് സമാധാന പരമായിരിക്കണമെന്നും ശാന്തമായിരിക്കണമെന്നുമുള്ള അറിയിപ്പും സംഘാടകര്‍ തങ്ങളുടെ പേജിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക ലംഘനം കാട്ടുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം കോഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഒരു കാരണവശാലും രാഷ്ട്രീയം അനുവദനീയമായിരിക്കില്ലെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

×