Advertisment

എന്റെ ലക്ഷ്യങ്ങള്‍ പലപ്പോഴും അസംഭവ്യമെന്ന് തോന്നിയേക്കാം; പക്ഷെ, ഭൂരിഭാഗം കായികതാരങ്ങളും അങ്ങനെയാണ്, അസാധ്യമായ ലക്ഷ്യങ്ങള്‍ മുന്നിലില്ലെങ്കില്‍ നമ്മള്‍ വെറും ശരാശരിക്കാരനായി പോവും; ഇന്ത്യക്കായി വീണ്ടും കളിക്കാനാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് ശ്രീശാന്ത്

New Update

കൊച്ചി: ഇന്ത്യക്കായി വീണ്ടും കളിക്കാനാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് മലയാളി താരം എസ് ശ്രീശാന്ത്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് ശ്രീശാന്ത് ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Advertisment

publive-image

എന്റെ ലക്ഷ്യങ്ങള്‍ പലപ്പോഴും അസംഭവ്യമെന്ന് തോന്നിയേക്കാം. പക്ഷെ, ഭൂരിഭാഗം കായികതാരങ്ങളും അങ്ങനെയാണ്. അസാധ്യമായ ലക്ഷ്യങ്ങള്‍ മുന്നിലില്ലെങ്കില്‍ നമ്മള്‍ വെറും ശരാശരിക്കാരനായി പോവും. ജിവിതത്തിലെ പ്രതിസന്ധികാലത്ത് ആത്മഹത്യയെപ്പറ്റിപ്പോലും ചിന്തിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം തിരിച്ചുവരാനായത് കുടുംബത്തിന്റെ പിന്തുണയിലാണ്.

ഐപിഎല്‍ ഒത്തുകളി വിവാദത്തിനുശേഷം എപ്പോഴും ആത്മഹത്യയെക്കുറിച്ചായിരുന്നു എന്റെ ചിന്ത. അതായിരുന്നു അപ്പോള്‍ എന്റെ മുന്നിലെ എറ്റവും എളുപ്പവഴി. ഞാനതിന്റെ വക്കത്തായിരുന്നു. പക്ഷെ, ഞാന്‍ തിരിച്ചു നടന്നു. കാരണം ഞാന്‍ ആത്മഹത്യ ചെയ്താല്‍ എന്നെ വിശ്വസിക്കുന്നവരെയും സ്നേഹിക്കുന്നവരെയും അത് എത്രമാത്രം ബാധിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ കുടുംബമാണ് എനിക്ക് ആ തിരിച്ചറിവു നല്‍കിയത്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അവര്‍ക്കെന്നെ വേണമായിരുന്നു. അതുകൊണ്ടുതന്നെ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണവാര്‍ത്ത എന്നെ ഉലച്ചുകളഞ്ഞു. എല്ലാറ്റിനുമപരി സുശാന്ത് എന്റെ നല്ല സുഹൃത്ത് കൂടിയായിരുന്നു-ശ്രീശാന്ത് പറഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധികാലത്ത് ആത്മരോഷവും സമ്മര്‍ദ്ദവും മറികടക്കാനായി മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലിച്ചിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. എനിക്കെന്റെ ദേഷ്യം ആരോടെങ്കിലും തീര്‍ക്കണമായിരുന്നു. അതിനായി ഞാന്‍ മാര്‍ഷ്യല്‍ ആര്‍ട്സിലും ഒരുകൈ നോക്കി. ദേഷ്യമടക്കാനായി എനിക്കാരെയും പോയി തല്ലാനാവില്ലല്ലോ. അതുകൊണ്ട് പഞ്ചിംഗ് ബാഗിലും മാറ്റിലുമെല്ലാം ഇടിച്ച് എന്റെ ദേഷ്യമടക്കി-ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ശ്രീശാന്തിന് ഐപിഎല്‍ ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ഏഴ് വര്‍ഷമായി കുറച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ വിലക്ക് കാലാവധി തീരുന്ന ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

sports news s.sreesanth sreeanth
Advertisment