Advertisment

ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

New Update

ന്യൂഡൽഹി: ഐ.പി.എൽ ഒത്തുകളി ആരോപണം നേരിടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് ഡി.കെ ജെയിനാണ് ശിക്ഷ തീരുമാനിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി നിശ്ചയിക്കണമെന്നും സുപ്രീം കോടതി ബി.സി.സി.ഐ ഓംബുഡ്‌സ്മാന് നിർദേശം നൽകി.

Advertisment

publive-image

ബി.സി.സി.ഐ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ആശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവർ അദ്ധ്യക്ഷരായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

ഒത്തുകളി ആരോപിച്ച് ശ്രീശാന്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. അതേസമയം,​ വിചാരണക്കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി.സി.സി.ഐയുടെ നടപടി അനീതിയും ക്രൂരവുമാണെന്നായിരുന്നു ശ്രീശാന്തിന്റെ വാദം.

ഡൽഹി ഹൈക്കോടതിയിൽ ശ്രീശാന്തിനെതിരെ നിലവിലുള്ള ക്രിമിനൽ നടപടികൾക്ക് വിധി ബാധകമായിരിക്കില്ലെന്ന് കഴിഞ്ഞ മാസം നടന്ന വാദത്തിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീശാന്തിന് എന്തു ശിക്ഷ നൽകണമെന്ന കാര്യത്തിൽ കഴിയുമെങ്കിൽ മൂന്നു മാസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ ശിക്ഷ തീരുമാനിക്കാവൂ എന്നും ബെഞ്ച് വ്യക്തമാക്കി.

2013-ലെ ഐ.പി.എൽ. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീം അംഗമായിരുന്ന ശ്രീശാന്ത് പണം വാങ്ങി ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുൾപ്പെടെ ഇന്ത്യയിലും വിദേശത്തും കളിക്കാനാവാതായി. ബോർഡ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് 2017 ഓഗസ്റ്റിൽ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ,​ രണ്ടു മാസത്തിനകം ഡിവിഷൻ ബെഞ്ച് വിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ സൽമാന്‍ ഖുർഷിദാണ് ശ്രീശാന്തിന് വേണ്ടി വാദിച്ചത്.

Advertisment