Advertisment

ഇനി സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാം....എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇത് അയച്ചുകൊടുത്താൽ മതിയാകും....അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം എടുത്തുകളയാൻ തീരുമാനിച്ചതായി ഡിജിപി

New Update

തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആർ) രജിസ്റ്റര്‍ ചെയ്യാം. എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇത് അയച്ചുകൊടുത്താൽ മതിയാകും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം എടുത്തുകളയാൻ തീരുമാനിച്ചതായി ഡിജിപിയുടെ ഓഫീസ് വാർത്താക്കുറിപ്പിറക്കി.

Advertisment

publive-image

ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരം ഇതുവരെ കുറ്റകൃത്യം നടന്നാൽ അതേ പൊലീസ് സ്റ്റേഷൻ പരിധിയിൽത്തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമായിരുന്നു. ഇത് പലപ്പോഴും യാത്ര ചെയ്യുന്നവർക്ക് അടക്കം വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്.

ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ വെറ്ററിനറി ഡോക്ടറെ തീകൊളുത്തിക്കൊന്ന സംഭവത്തിലും, യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായി എത്തിയ ബന്ധുക്കളോട് സ്റ്റേഷൻ പരിധിയെക്കുറിച്ചുള്ള തർക്കം പറഞ്ഞ് നടപടിയെടുക്കാതിരിക്കുകയാണ് പൊലീസ് ചെയ്തത് എന്നത് വലിയ വിവാദമായിരുന്നു. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് സ്ഥലത്ത് നിർത്തി അതാത് പൊലീസ് സ്റ്റേഷനിൽ പോകണമെന്നതും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇനി മുതൽ അത് വേണ്ടി വരില്ല.

ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. പിന്നീട് ഇത് അതാത് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്താൽ മതിയാകും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിൽ വകുപ്പുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ ‍ഡിജിപി നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാൽ പൊലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Advertisment