Advertisment

ഓക്‌സിജന്‍ ഷോറൂമിലെ കവര്‍ച്ച: മുഖ്യസൂത്രധാരനായ ബംഗളൂരുവിലെ മൊബൈല്‍ ഷോറൂം ഉടമ പിടിയില്‍....കവര്‍ന്നത് 15 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍

New Update

കോട്ടയം: നഗരമധ്യത്തിലെ ഓക്‌സിജന്‍ ഷോറൂമില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍. ബംഗളൂരുവിലെ മൊബൈല്‍ ഫോണ്‍ ഷോറൂം ഉടമയായ മുസ്ലിം കോളനിയില്‍ ഷബാസ് (27) ആണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

Advertisment

publive-image

ഒക്ടോബര്‍ ആദ്യമാണ് തിരുനക്കര മൈതാനത്തിന് സമീപത്തെ ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പില്‍ കവര്‍ച്ച നടന്നത്. ഷോപ്പിലെ ഷട്ടറില്‍ വിടവ് ഉണ്ടാക്കി ഉള്ളില്‍ കയറി മൊബൈല്‍ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. 15 ലക്ഷത്തോളം രൂപ വിലവരുന്ന 65 മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്.

വെളുപ്പിന് ഷട്ടര്‍ ഉയര്‍ത്തി മോഷണം നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു, ഡിവൈ.എസ്.പി: ആര്‍.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്യ സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

മോഷണം നടത്തുന്നതിന് പ്രതികള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്ത് നല്‍കിയത് അറസ്റ്റിലായ ഷബാസ് ആണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ മോഷണത്തിന് തയ്യാറെടുക്കുകയാണ് അറിഞ്ഞുകൊണ്ടുതന്നെയാണ് വ്യാജ സിം കാര്‍ഡുകള്‍ നല്‍കിയത്. മോഷണത്തിനെത്തിയ പ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഷബാസിനെ കുടുക്കിയത്.

അഞ്ചു പ്രതികളാണ് കേസിലുള്ളത്. പിടിയിലായ ഷബാസ് ആണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. മറ്റു നാലു പ്രതികള്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. സമാനരീതിയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈ സംഘം കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ വെസ്റ്റ് എസ്.ഐ: ടി.ശ്രീജിത്ത്, എസ്.ഐ: വി.എസ്. ഷിബിക്കുട്ടന്‍, എ.എസ്.ഐ: പി.എന്‍. മനോജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബൈജു, ശ്യാം, സൈബര്‍ സെല്ലിലെ സീനിയര്‍ സി.പി.ഒ: മനോജ് എന്നിവരും ഉണ്ടായിരുന്നു.

steel case
Advertisment