നിരന്തരമായ ലൈംഗിക പീഡനത്തില്‍ മനം നൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു ; പ്രതി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 19, 2019

വര്‍ക്കല: പതിനാറുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണല്‍ പുരയിടത്തില്‍ ജോണ്‍(28) അറസ്റ്റില്‍. നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായതില്‍ മനംനൊന്ത് വെട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വര്‍ക്കല എസ്എച്ച്ഒ ജി.ഗോപകുമാര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 20നാണ്  വീട്ടുമുറ്റത്തെ കിണറ്റില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയായി അന്വേഷിച്ചു വന്ന കേസില്‍, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നു രാസപരിശോധനയ്ക്കു ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ മരിച്ച ദിവസവും അതിനു മുമ്പും പല തവണയായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ അന്വേഷണം നടത്തിയത്.

അറസ്റ്റിലായ ജോണുമായി പെണ്‍കുട്ടിക്ക് ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി അടുപ്പത്തിലായി. ഒരു വര്‍ഷമായി പീഡിപ്പിച്ചു വരുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ മരണശേഷം അഞ്ചുതെങ്ങില്‍ നിന്ന് ഒളിവില്‍ പോയ പ്രതി ബേപ്പൂര്‍, മുനമ്പം എന്നിവടങ്ങളില്‍ ഫിഷിങ് ബോട്ടില്‍ ജോലി ചെയ്തു വരുന്നതായി വിവരം ലഭിച്ചു. ഇവിടെ   പൊലീസ് എത്തിയെങ്കിലും ജോണ്‍ മുങ്ങി.

തുടര്‍ന്നു കന്യാകുമാരിയില്‍ ബോട്ടില്‍ ജോലിക്കു ചേര്‍ന്നു. ആഴ്ച തോറും മൊബൈല്‍ സിം കാര്‍ഡ് മാറി മാറി ഉപയോഗിച്ചിരുന്ന ജോണിനെ സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യാ പ്രേരണ, നിരന്തര ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയുമാണ് അറസ്റ്റ്.

×