Advertisment

ശ്യാമിനെ പുണര്‍ന്ന് അവര്‍ പറഞ്ഞു ,' ഇല്ല ..ഞങ്ങളുടെ അമ്മ എങ്ങും പോയിട്ടില്ല'..!

New Update

കൊട്ടിയം : ശ്യാമിനെ പുണർന്ന് അവർ പറഞ്ഞു, ‘ഇല്ല....ഞങ്ങളുടെ അമ്മ എങ്ങും പോയിട്ടില്ല’. സ്നേഹിച്ചു കൊതി തീരും മുൻപേ വിധി തട്ടിയെടുത്ത അമ്മയുടെ തുടിപ്പിനെ ശ്യാമിലൂടെ നവനീതും വിവേകും വീണ്ടും തൊട്ടറിഞ്ഞു. ആ കുരുന്നു ഹൃദയങ്ങളുടെ നൊമ്പരം മനസ്സിലാക്കി ശ്യാം(23) എല്ലാവരോടും നന്ദി പറഞ്ഞു.

Advertisment

അപകടത്തിൽ മരിച്ച പള്ളുരുത്തി സ്വദേശി സ്വപ്നയുടെ ഇരു വൃക്കകളും പാൻക്രിയാസുമാണ് കൊട്ടിയം തഴുത്തല പികെ ജംക്‌ഷനിൽ സൂര്യവിലാസത്തിൽ ശ്യാമിനായി ദാനം ചെയ്തത്. ജീവിതത്തിലേക്കു തിരിച്ചു വരാൻ നിമിത്തമായ സ്വപ്നയുടെ കുടുംബത്തോട് ശ്യാമിനു തീർത്താൽ തീരാത്ത കടപ്പാടാണ്.

publive-image

കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വിജയകരമായ അവയവമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തിരികെ വീട്ടിലെത്തിയ ശ്യാമിനെ കാണാൻ സ്വപ്നയുടെ ഭർത്താവ് രാജേഷും മക്കളും മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു.

2016ലാണ് ശ്യാം രോഗ ബാധിതനായത്. ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ചു. പാൻക്രിയാസ് പ്രവർത്തനവും ഇതോടൊപ്പം തകരാറിലായി. അവയവ മാറ്റമല്ലാതെ മറ്റ് മാർഗം ഇല്ലായിരുന്നു. ഇതേ തുടർന്ന് ശ്യാമിന്റെ ചികിത്സ ദൗത്യം നാട്ടുകാർ ഏറ്റെടുത്തു. 23.72 ലക്ഷം രൂപയാണ് ഇത്തരത്തിൽ സഹായ സമിതി സ്വരൂപിച്ചത്. പണം ലഭിച്ചെങ്കിലും അനുയോജ്യമായ അവയവങ്ങൾ ലഭിക്കാത്തത് ശ്യാമിന്റെ സ്വപ്നങ്ങളിൽ ‍കരിനിഴൽ വീഴ്ത്തി.

സർക്കാരിന്റെ മൃതസഞ്ജീവിനിയിൽ റജിസ്റ്റർ ചെയ്ത് 3 വർഷത്തോളമാണ് കാത്തിരുന്നത്. ഒടുവിൽ 6 മാസം മുൻപാണ് ശ്യാമിന് അനുയോജ്യമായ അവയവങ്ങൾ ലഭ്യമായത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച പള്ളുരുത്തി സ്വദേശി സ്വപ്നയുടെ അവയവം ദാനം ചെയ്യാൻ കുടുംബക്കാർ തയാറായി. ഇതോടെയാണ് ശ്യാമിന്റെ സ്വപ്നങ്ങൾക്കു ചിറകു വച്ചത്.

ശ്യാമിന്റെ ചികിത്സാർഥം പിരിച്ചു കിട്ടിയ തുകയിൽ മിച്ചം വന്നതിൽ 1 ലക്ഷം രൂപ സ്വപ്നയുടെ മക്കളുടെ പേരിൽ സ്ഥിരം നിക്ഷേപം ചെയ്യും. ബാക്കി തുക ശ്യാമിന്റെ തുടർ ചികിത്സയ്ക്കായി നൽകി.

Advertisment