Advertisment

നൂറ്റാണ്ടിലെ നികുതി വെട്ടിപ്പ്, രണ്ടുപേര്‍ ചേര്‍ന്ന് വെട്ടിച്ചത് 6000 കോടി ഡോളര്‍

New Update

ബെര്‍ലിന്‍: ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ നികുതി വെട്ടിപ്പ് കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. ജര്‍മ്മനിയിലാണ് യൂറോപ്പിനെ മൊത്തം ഞെട്ടിച്ച കേസിന്റെ തുടര്‍നടപടികള്‍ ആരംഭിച്ചത്.

Advertisment

publive-image

'നൂറ്റാണ്ടിലെ കവര്‍ച്ചയെന്ന്' ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായ 2006-2011 കാലത്തെ നികുതി വെട്ടിപ്പ് കേസ് വിചാരണയ്ക്ക് എടുക്കുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളുടെ ഖജനാവിന് നഷ്ടമായ 6000 കോടി ഡോളര്‍ തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. ഈ വലിയ നികുതിവെട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ രണ്ട് ബാങ്കര്‍മാരാണ് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ന്യൂസിലാന്റ് സ്വദേശി പോള്‍ മോറയും, അയര്‍ലാന്റുകാരന്‍ മാര്‍ട്ടിന്‍ ഷീല്‍ഡുമാണ് ഈ സംഭവത്തിലെ വില്ലന്മാര്‍. കംഎക്‌സ് എന്ന ട്രേഡിംഗ് രീതിയിലൂടെയാണ് ഇവര്‍ കോടികള്‍ വെട്ടിച്ചത്. ബാങ്കര്‍മാരായ ഇവര്‍ ട്രേഡിംഗ് കമ്പനി നടത്തി അതിലൂടെ വന്‍കിടക്കാര്‍ക്ക് വേണ്ടിയും സ്വന്തം നിലയിലും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഖജനാവുകള്‍ക്ക് വലിയ നഷ്ടമാണ് ഇത് മൂലം സംഭവിച്ചത്. ജര്‍മ്മനി സര്‍ക്കാറിന് ഇത് മൂലം നഷ്ടപ്പെട്ടത് 1700 കോടി ഡോളറാണ്. ഇത്തരത്തില്‍ സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രിയ, നോര്‍വേ, ഫിന്‍ലാന്റ്, പോളണ്ട് രാജ്യങ്ങള്‍ക്ക് വലിയ തുകകള്‍ നഷ്ടമായിട്ടുണ്ട്.

2006-11 കാലഘട്ടത്തില്‍ മോറയുടെയും ഷീല്‍ഡിന്റെയും കമ്പനി വഴി വിവിധ കമ്പനികളും ബങ്കുകളും തുകകള്‍ വെട്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. വിചാരണ പൂര്‍ത്തിയാകുന്നതോടെ ഇവരോടെല്ലാം വലിയ തുക പിഴ ഈടാക്കുവാനാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ തീരുമാനം എന്ന് അറിയുന്നു. 2011 ല്‍ ജര്‍മ്മന്‍ നികുതി വകുപ്പിന്റെ പരിശോധനയാണ് ഈ തട്ടിപ്പ് പുറത്ത് എത്തിച്ചത്. തുടര്‍ന്ന് മോറയുടെയും ഷീല്‍ഡിന്റെയും കമ്പനി റെയ്ഡ് ചെയ്തു. ഇതില്‍ മാര്‍ട്ടില്‍ ഷീല്‍ഡിനെ ജര്‍മ്മന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ പിന്നീടുള്ള നിയമപ്രശ്‌നങ്ങള്‍ തീര്‍ത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് ബോണിലെ കോടതിയില്‍ ഈ കേസിന്റെ വിചാരണ ആരംഭിച്ചത്. ഷീല്‍ഡിന്റെ വിചാരണയാണ് ആദ്യം ആരംഭിച്ചത്. പിന്നീടാണ് ഡിസംബറില്‍ മോറയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. എന്നാല്‍ ഇയാള്‍ ന്യൂസിലാന്റിലേക്ക് കടന്നു. എന്നാല്‍ ന്യൂസിലാന്റില്‍നിന്ന് ഇയാള്‍ നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നാണ് പറയുന്നത്. എന്തായാലും വിചാരണയില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഇവരുടെ കക്ഷികളായ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും അടക്കം വലിയതുക പിഴ വന്നേക്കാം.

tax theft us dollar
Advertisment