Advertisment

സൂപ്പർ ബൈക്ക് വാങ്ങി നൽകണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു ; കൗമാരക്കാരൻ ആത്മഹത്യ ചെയ്തു , വീട്ടിലുള്ളത് അഞ്ച് ബൈക്കുകളും കാറും

New Update

തിരുവനന്തപുരം: സൂപ്പർ ബൈക്ക് വാങ്ങിനൽകണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിൽ മനംനൊന്ത് കൗമാരക്കാരൻ ആത്മഹത്യ ചെയ്തു. പോത്തൻകോട് കാട്ടായിക്കൊണത്ത് വാടകയ്ക്ക് താമസിക്കുന്ന അജികുമാറിന്‍റെയും ലേഖയുടെയും മകൻ അഖിലേഷ് അജിയാണ് ജീവനൊടുക്കിയത്. നെടുമങ്ങാട് ആനാടാണ് അജിയുടെ സ്വദേശം. തമ്പാനൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അഖിലേഷ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

Advertisment

publive-image

വിലകൂടിയ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും കാറും സ്വന്തമായുള്ളപ്പോഴും 14 ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിസൻ ബൈക്ക് വേണമെന്ന് അഖിലേഷ് ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇത് സാധിക്കില്ലെന്ന് അച്ഛൻ അജികുമാർ അഖിലേഷിനോട് പറഞ്ഞു. ഒരു വർഷത്തിനുശേഷം ഇത് വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇതേച്ചൊല്ലി വീട്ടിൽ അഖിലേഷ് വഴക്കുണ്ടാക്കിയിരുന്നു. അതിരാവിലെ എഴുന്നേൽക്കാറുള്ള അഖിലേഷ് കഴിഞ്ഞ ദിവസം ഒമ്പത് മണിയായിട്ടും മുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിക്കാലം മുതൽക്കേ ബൈക്കുകളോട് വലിയ ഇഷ്ടം പുലർത്തിയിരുന്നയാളായിരുന്നു അഖിലേഷ്. ഇതിനോടകം ആറ് ബൈക്കുകൾ സ്വന്തമായി ഉണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണം റോയൽ എൻഫീൽഡ് ബുള്ളറ്റ് ആയിരുന്നു.

ഇതുകൂടാതെ ഒരു ബൈക്കും രണ്ട് സ്കൂട്ടറുകളും അഖിലേഷിന് ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം അഖിലേഷിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisment