Advertisment

ഓൺലൈൻ ക്ലാസിന്റെ പേരിൽ സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ നടത്തുന്നത് തീവെട്ടികൊള്ള: താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ മാനേജ്മെന്റിനെതിരെ രക്ഷിതാക്കൾ രം​ഗത്ത്

New Update

കൊച്ചി: കിഴക്കമ്പലം താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ മാനേജ്മെന്റിനെതിരെ രക്ഷിതാക്കൾ രം​ഗത്ത്. ഒരു കൂട്ടം രക്ഷിതാക്കൾ സ്കൂളിനെതിരെ വ്യാജപ്രചാരണം നടത്തുന്നു എന്ന മാനേജ്മെന്റിന്റെ ആരോപണമാണ് രക്ഷിതാക്കളെ ചൊടിപ്പിച്ചത്. സ്കൂളിന്റെ സൽപ്പേരിന് കളങ്കം വരാതെ രക്ഷിതാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ മാത്രമൊതുങ്ങി ഫീസിനത്തിൽ നിശ്ചയിച്ച ഭീമമായ തുകയിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് മാത്രം ഉള്ള ചർച്ചയാണ് മാനേജ്മെന്റ് വളച്ചൊടിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

Advertisment

publive-image

സ്കൂളിൽ തുടങ്ങിയ കാലം മുതൽ മാനേജ്മെന്റ് ആവശ്യപ്പെടുന്ന ഏതൊരു തുകയും യാതൊരു മടിയും കൂടാതെ നൽകിവരുന്ന രക്ഷിതാക്കളെ സ്കൂൾ മാനേജ്മെന്റ് പൊതുസമൂഹത്തിനു മുന്നിൽ തെറ്റായി ചിത്രീകരിച്ചതെന്നും രക്ഷിതാക്കൾ പറയുന്നു.

10 ശതമാനം മുതൽ 30 ശതമാനം വരെ ഇളവ് നൽകാമെന്ന് മാനേജ്മെൻറ് പ്രഖ്യാപിക്കുമ്പോഴും ഓരോ രക്ഷിതാക്കളും മുൻ വർഷത്തേക്കാൾ കൂടുതൽ തുക നൽകേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നും രക്ഷിതാക്കളുടെ കൂട്ടായ്മ പറയുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി കഴിഞ്ഞവർഷം ആദ്യഘട്ടത്തിൽ നൽകിയ 8500 രൂപ എന്നത് ഈ വർഷം 8860 രൂപയാക്കി.

കഴിഞ്ഞവർഷം ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്നും ട്യൂഷൻ ഫീസ് ഇനത്തിൽ 19,100 രൂപ ഈടാക്കിയ സ്ഥാനത്ത് ഈ വർഷം മറ്റ് ഹെഡുകൾ ഒഴിവാക്കി ഫീസ് എന്ന പേരിൽ 26,580 രൂപയാണ് അടയ്ക്കുവാൻ ആവശ്യപ്പെട്ടത്. അതായത് 37 ശതമാനം അധിക തുക ഓരോ രക്ഷിതാവും നൽകേണ്ടിവരുന്നു. അധ്യാപകർക്ക് 50 ശതമാനമാണ് ശമ്പളം നൽകുന്നത് എന്ന് മാനേജ്മെന്റ് പറയുന്നു. അതിനുശേഷം ഇറക്കിയ സ്ട്രക്ചറിൽ ഭീമമായ തുകയാണ് രക്ഷകർത്താക്കൾക്ക് അടിച്ചേൽപ്പിക്കുന്നത് എന്നതിൽ നിന്നും കച്ചവട തന്ത്രമാണ് പ്രകടമാവുന്നത് എന്നും രക്ഷിതാക്കൾ പറയുന്നു,

ഈ കൊറോണ കാലയളവിൽ ഉള്ള ഫീസിളവ് മാത്രമാണ് രക്ഷകർത്താക്കൾ സ്കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ അക്കാദമിക് ഇയറിന്റെ അവസാനഘട്ടത്തിൽ ഫീസ് ഇളവ് നൽകും എന്ന് മാനേജ്മെന്റ് പറയുന്നത് എത്രയോ നിരാശാജനകമാണെന്നും രക്ഷിതാക്കൾ പറയുന്നു. ഇപ്പോഴത്തെ കൊറോണ സാഹചര്യം മുൻനിർത്തി മാനേജ്മെന്റ് നിർബന്ധിത ഫീസ് പിരിവ് നടത്തുന്നത് എന്നാണ് രക്ഷകർത്താക്കളുടെ ആരോപണം. രക്ഷിതാക്കളുടെ പരാതികൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാതെ മുന്നോട്ടുപോകാനാണ് മാനേജ്മെന്റ്ഭാവമെങ്കിൽ മറ്റു മാർഗങ്ങളുമായി മുന്നോട്ടു പോകുവാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും രക്ഷകർത്താക്കൾ ഓർമിപ്പിക്കുന്നു.

THAMARACHAL STMARYS PUBLIC SCHOOL
Advertisment