Advertisment

കോവിഡ് കണക്ക് - സർക്കാർ ധവളപത്രം ഇറക്കണം

author-image
സത്യം ഡെസ്ക്
New Update

-തിരുമേനി

Advertisment

publive-image

കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങൾ ചില കാര്യങ്ങളിൽ കുറച്ചു കൂടി ജാഗ്രത പുലർത്തണം. ഇത് എഴുതാൻ കാരണം കോവിഡ് മൂലം ഉണ്ടാകുന്ന മരണത്തിന്റെ കണക്കിൽ സർക്കാർ ബോധപൂർവം കുറവ് വരുത്തുന്നു എന്ന സംശയമാണ്.

കോവിഡാന്തര രോഗങ്ങൾ മൂലം മരിക്കുന്നവർ ആരും ഈ കണക്കിൽ പെടുന്നില്ല. ആരെ ബോധിപ്പിക്കുവാനാണ് മുഖ്യമന്ത്രീ, അങ്ങ് ഈ കള്ളം വിളയുന്നത്.

കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത് കേരള സർക്കാർ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്നും സർക്കാരിന് ഇപ്പോഴും പിആർ വർക്കിലാണ് താൽപര്യമെന്നും ആണ്.

കോവിഡിനെ ഏറ്റവും കൂടുതൽ വിൽപന ചരക്കാക്കിയത് പിണറായി വിജയന്റെ സർക്കാരാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം എന്തോ മഹാദ്ഭുതം ചെയ്തു എന്നാണ് ശൈലജ ടീച്ചർ വീമ്പിളക്കിയത്.

45 വയസിന് മുകളിലുള്ളവർക്ക് ഇതുവരെ 21 ശതമാനത്തിനാണ് വാക്സിനേഷൻ ഇവിടെ നടത്തിയത്. കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും എന്ന് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപനം നടത്തി. പിന്നീട് എന്താണ് പറഞ്ഞത്?

കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണം എന്ന്. മുഴുവൻ സൗജന്യമായി നൽകാൻ കഴിയില്ല എന്ന് കേന്ദ്രം അറിയിച്ചപ്പോൾ പിന്നീട് പണം നൽകി വാങ്ങാൻ ശ്രമം തുടങ്ങി. അപ്പോഴേക്കും വളരെ താമസിച്ച് പോയിരുന്നു.

പണം നൽകി വാക്സിനേഷൻ നടത്താൻ തയ്യാറായവരുടെ അവസരവും ഇതോടെ നഷ്ടപ്പെട്ടു. ഇത് സർക്കാരിന്റെ അപക്വമായ തീരുമാനത്തിന്റെ ഫലമായി ഉണ്ടായ സ്ഥിതി വിശേഷം.

ഇപ്പോൾ വാക്സിൻ ഇല്ലാതെ കൈയ്യും കെട്ടി നോക്കിയിരിക്കുന്നു.

ഏത് പ്രതിസന്ധി ഉണ്ടായാലും കേന്ദ്ര സർക്കാരിനെ പഴി പറഞ്ഞ് രക്ഷപ്പെടാനുള്ള ഒരു പ്രവണതയാണ് ഇവിടെ കാണുന്നത്. കേന്ദ്രത്തിന്റെ പണം വേണം എന്നാൽ ചിലവായ കണക്ക് ചോദിക്കാനും പാടില്ല. ഇതാണ് കേരള സർക്കാരിന്റെ നിലപാട്.

കേന്ദ്രം പണം നൽകണം, അരി സൗജന്യമായി നൽകണം, വാക്സിൻ സൗജന്യമായി നൽകണം. കേന്ദ്രം നൽകുന്നതിനെ മാത്രം ആശ്രയിച്ച് ഭരണം നടത്താനാണെങ്കിൽ എന്തിനാണ് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ?

ഈ ഒളിച്ചോട്ടം നിർത്തി സത്യസന്ധമായി സർക്കാർ പ്രവർത്തിക്കണം. കോവിഡ് രോഗികളുടെ യഥാർത്ഥ കണക്ക്, യഥാർത്ഥ കോവിഡ് മരണ സംഖ്യ, വാക്സിനേഷന്റെ യഥാർത്ഥ കണക്ക് ഇതെല്ലാം ഉൾപ്പെടുത്തി സർക്കാർ ഉടൻ ഒരു ധവളപത്രം ഇറക്കണം.

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മിടുക്ക് മൂലമാണ് കുറെയെങ്കിലും കാര്യങ്ങൾ നടക്കുന്നത്. പിആർ വർക് മൂലം ഇത് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നത് ഇവരോട് കാണിക്കുന്ന വഞ്ചനയാണ്.

കോവിഡ് മൂലവും കോവിഡാനന്തര അസുഖങ്ങൾ മൂലവും പ്രതിദിനം മരിക്കുന്നവരുടെ യഥാർത്ഥ കണക്ക് പുറത്ത് വരുന്നില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രതിദിന പരിശോധനയുടെ എണ്ണം കുറച്ചതുമൂലം രോഗികളുടെ എണ്ണവും കുറഞ്ഞു.

പിന്നീട് എണ്ണം കൂടി. നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ വീണ്ടും പരിശോധന കുറച്ചു. എണ്ണവും കുറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീണ്ടും എണ്ണം കൂടി. ഇത്തരം തട്ടിപ്പാണ് ഇവിടെ നടക്കുന്നത്.

കേരളത്തിലെ മാധ്യമങ്ങൾ ഇതെല്ലാം കണ്ടില്ല എന്ന് നടിക്കുകയാണ്. ഇത് വിശ്വാസവഞ്ചനയാണ്. മാധ്യമങ്ങൾക്ക് പ്രതിബദ്ധത വേണ്ടത് സമൂഹത്തോടാണ്. സർക്കാരിനോടല്ല. കൃത്യമായ കണക്ക് സമൂഹത്തെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയും തയ്യാറാവണം.

നരേന്ദ്രമോദി 138 കോടി ജനങ്ങളുടെ കാര്യമാണ് നോക്കുന്നതെങ്കിൽ മിസ്റ്റർ പിണറായി, താങ്കൾ വെറും മൂന്നേകാൽ കോടി ജനങ്ങളുടെ കാര്യം മാത്രമാണ് നോക്കേണ്ടത്. അതുകൊണ്ട് സത്യസന്ധനായ ഭരണാധികാരി എന്ന് കേരളത്തെക്കൊണ്ട് താങ്കൾ പറയിപ്പിക്കണം.

voices
Advertisment