Advertisment

ചായക്കടക്കാരന്റെ പ്രവാസിയായ മകന്‍ നാട്ടിലെത്തിയതോടെ കൊറോണയുണ്ടെന്ന് വ്യാജ പ്രചാരണം ; പതിവായി ചായ കുടിക്കാന്‍ കടയില്‍ വരാറുണ്ടായിരുന്നവര്‍ പോലും തിരിഞ്ഞു നോക്കാതായി ; കച്ചവടം പോലും പൂട്ടിച്ച വ്യാജ പ്രചാരണത്തിനെതിരെ പരാതി കൊടുക്കാന്‍ പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു ; സംഭവം പാലക്കാട്‌

New Update

പാലക്കാട് : വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയെന്നും കോവിഡ് ബാധയുണ്ടെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരേ പോലീസില്‍ പരാതി നല്‍കാന്‍ പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു.ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ ചായക്കട നടത്തുന്ന അള്ളാപിച്ചയാണ് (55) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളനിയിലെതന്നെ അരുണ്‍രാജിനെതിരേ (23) കൊല്ലങ്കോട് പോലീസ് കേസെടുത്തു.

Advertisment

publive-image

അള്ളാപിച്ചയുടെ മകന്‍ മുഹമ്മദ് അനസ് ഒന്നരവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറാണ്. കോവിഡ് ബാധിതനായി അനസ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിച്ചിരുന്നു. ഇതോടെ പതിവായി ചായകുടിക്കാനെത്തിയിരുന്ന പലരും വരാതായി.

കഴിഞ്ഞ ഒരാഴ്ചയിലധികമായി ചായക്കട അടക്കേണ്ടിവന്നു. അള്ളാപിച്ചയുടെ കുടുംബത്തിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്ന്‌ പറയുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സ്വദേശി അരുണ്‍രാജിന്റെ (23) ഫോണ്‍ പിടിച്ചെടുത്തതായും ഇയാള്‍ക്കെതിരേ കേസെടുത്തതായും കൊല്ലങ്കോട് പോലീസ് പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി 10.30-ഓടെ ആനമാറി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. കുടുംബത്തെ ഒറ്റപ്പെടുത്തിനടത്തിയ വ്യാജ പ്രചാരണത്തില്‍ മനംനൊന്ത അള്ളാപിച്ച, ഭാര്യ സിറാജുന്നീസക്കൊപ്പം വെള്ളിയാഴ്ച രാവിലെ കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കാനെത്തി. ഓണ്‍ ലൈനിലൂടെ മാത്രമേ പരാതി സ്വീകരിക്കൂ എന്ന്‌ സ്റ്റേഷനില്‍നിന്ന്‌ പറഞ്ഞെന്നുപറഞ്ഞ് ഇദ്ദേഹം ബ്ലോക്ക് ഓഫീസ് റോഡിലെ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസിലെത്തിയിരുന്നു.

ഓഫീസ് സെക്രട്ടറി ആലത്തൂര്‍ ഡിവൈ.എസ്‌.പി. ഉള്‍പ്പെടെയുള്ളവരെ ഫോണില്‍വിളിച്ച്‌ ഓണ്‍ലൈനില്‍ പരാതിനല്‍കാന്‍ കഴിയാത്ത കാര്യം ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് എഴുതിയ പരാതി സ്റ്റേഷനില്‍ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനായുള്ള കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കേ അള്ളാപിച്ച തളര്‍ന്നു വീഴുകയായിരുന്നുവത്രേ.ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കി.

തുടര്‍ന്ന്, പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു.

corona virus fake news
Advertisment