Advertisment

അണുവിട വിട്ടുവീഴ്ചയില്ലാതെ ജോസഫ് - ജോസ് വിഭാഗങ്ങള്‍ ! മാണി വിരുദ്ധരായ കോട്ടയം കോണ്‍ഗ്രസുകാര്‍ക്കുവേണ്ടി പി.ജെ. ജോസഫിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം. ജോസ് പക്ഷത്തെ പുറത്താക്കിയാല്‍ ഒഴിവാകുന്ന സീറ്റുകള്‍ക്കായും ചരടുവലികള്‍ ? ജോസിനെ കിട്ടിയാല്‍ 8 യുഡിഎഫ് സീറ്റുകളില്‍ വിജയം ഉറപ്പെന്ന നിരീക്ഷണത്തില്‍ ഇടതുപക്ഷവും. കേരളാ കോണ്‍ഗ്രസുകളിലൊരു ഗ്രൂപ്പ് ഇടതുപക്ഷത്തെത്തുമെന്നുറപ്പിച്ച് യുഡിഎഫും. ചരടുവലികള്‍ ശക്തം ?

New Update

publive-image

Advertisment

കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തെ ഹൈജാക്ക് ചെയ്യാനൊരുങ്ങി പാര്‍ട്ടിയിലെ മാണി വിരുദ്ധ കോട്ടയം ലോബി രംഗത്ത്. ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലും പി ജെ ജോസഫിന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടത്.

ജില്ലാ പഞ്ചായത്ത് തര്‍ക്കത്തില്‍ ന്യായം പി.ജെ. ജോസഫിന്‍റെ പക്ഷത്തിനെന്ന് പാര്‍ട്ടിയെ ബോധിപ്പിക്കാനുള്ള നീക്കമാണ് ഐ, എ ഗ്രൂപ്പുകളിലെ മാണി വിരുദ്ധ ലോബിയുടേത്. ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയാല്‍ ഒഴിവു വരുന്ന കോട്ടയം ജില്ലയിലെ നിയമസഭാ, ലോക്സഭാ സീറ്റുകളില്‍ കണ്ണും വച്ചാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഈ ലോബിയുടെ നീക്കം.

അതേസമയം ജില്ലാ പഞ്ചായത്തില്‍ ന്യായം തങ്ങളുടെ പക്ഷത്താണെന്ന് അക്കമിട്ടു വാദിക്കുന്ന ജോസ് കെ. മാണി പക്ഷം ഇതുമൂലമുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ശക്തമായി തന്നെ നേരിടുമെന്ന നിലപാടിലാണ്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ യഥാര്‍ഥ വിവാദം !

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി അവശേഷിക്കുന്ന കാലയളവില്‍ തങ്ങള്‍ക്കു വേണമെന്നാണ് ജോസഫിന്‍റെ വാദം. സത്യത്തില്‍ കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് രണ്ടംഗങ്ങള്‍ ഉള്ളത് ഒരു വര്‍ഷം മുമ്പത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തലേദിവസം ജോസ് പക്ഷത്തുനിന്ന് കൂറുമാറി ജോസഫ് പക്ഷത്തെത്തിയവരാണ്.

അങ്ങനെ കൂറുമാറി വന്ന രണ്ടില്‍ ഒരാള്‍ക്കു വേണ്ടിയാണ് പി.ജെ. ജോസഫ് പ്രസിഡന്‍റു പദവി ആവശ്യപ്പെട്ടത് . കോണ്‍ഗ്രസും അതിനെ പിന്താങ്ങി. എന്നാല്‍ അതംഗീകരിക്കില്ലെന്ന് ജോസ് പക്ഷം നിലപാടെടുത്തു . പിറ്റേ ദിവസം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ധാരണ ഉണ്ടായിരുന്നെന്നു പറയുന്നതിന്‍റെ യഥാര്‍ഥ സംഭവം.

publive-image

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പണ്ടേ ജോസഫിനെ ഉപേക്ഷിച്ചത് !

കോട്ടയം ജില്ലയില്‍ ജോസഫ് ഗ്രൂപ്പിന്‍റെ പ്രധാന നേതാക്കളിലൊരാളായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പക്ഷെ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഇദ്ദേഹം ജോസഫിനെ ഉപേക്ഷിച്ച് കെ.എം. മാണിക്കൊപ്പം ചേര്‍ന്നു. ജില്ലാ പഞ്ചായത്തിലെ സീനിയോറിറ്റി പറഞ്ഞ് പ്രസിഡന്‍റു പദവിയില്‍ ഒരു ടേം സ്വന്തമാക്കുകയായിരുന്നു സെബാസ്റ്റ്യന്‍റെ തന്ത്രം. അത് വിജയിക്കുകയും ചെയ്തു.

അതല്ലെങ്കില്‍ ജോസഫ് ഗ്രൂപ്പിന്‍റെ പ്രതിനിധിക്ക് മാണിയുടെ തട്ടകമായ കോട്ടയത്ത് പ്രസി‍ഡന്‍റ് സ്ഥാനം കിട്ടില്ലെന്ന് സെബാസ്റ്റ്യന് അറിയാമായിരുന്നു. അതിനുള്ള ശക്തി കോട്ടയത്ത് ജോസഫിനില്ല. അതറിഞ്ഞുതന്നെയാണ് സെബാസ്റ്റ്യന്‍ ജോസഫിനെ തഴഞ്ഞ് മാണിക്കൊപ്പം കൂടിയത്.

ജോസഫിന്‍റെ അവകാശവാദം ഒന്നര വര്‍ഷം മുമ്പ് ചാക്കിട്ടുപിടിച്ച 2 പേര്‍ക്കുവേണ്ടി

കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 8, കേരളാ കോണ്‍ഗ്രസ് 6 എന്നതാണ് യുഡിഎഫ് കക്ഷിനില. ഇതില്‍ 6- ഉം ജോസ് കെ.മാണി പക്ഷത്തായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പ്രതിനിധി സണ്ണി പാമ്പാടി അധ്യക്ഷ പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് മുന്‍ ധാരണ പ്രകാരം സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡന്‍റ് ആക്കാന്‍ തീരുമാനിച്ചശേഷമാണ് ജോസ് പക്ഷത്തുനിന്നും രണ്ടു പേരെ ജോസഫ് അടര്‍ത്തി മാറ്റുന്നത്.

പകരം അവരിലൊരാള്‍ക്ക് പ്രസിഡന്‍റ് പദവി വാഗ്ദാനം ചെയ്തു. അജിത് മുതിരമലയും മേരി സെബാസ്റ്റ്യനുമാണ് ജോസഫിനൊപ്പം കൂടിയ രണ്ടുപേര്‍. ഇതില്‍ മുതിരമലയ്ക്കുവേണ്ടിയാണ് ജോസഫ് പ്രസി‍‍ഡന്‍റു പദവി ചോദിക്കുന്നത്.

publive-image

ചതിച്ചവരെ പിന്തുണയ്ക്കില്ലെന്ന് ജോസ് പക്ഷം !

പ്രസി‍ഡന്‍റു പദവിക്കായി ജോസ് പക്ഷത്തുനിന്നും കൂറുമാറിയതാണ് അജിത് മുതിരമല. അതിനാല്‍ തങ്ങളെ ചതിച്ചിട്ടുപോയ ഒരാള്‍ക്കുവേണ്ടി രാജി വയ്ക്കുകയോ തങ്ങളുടെ പിന്തുണയില്‍ അയാളെ പ്രസിഡന്‍റ് ആക്കുകയോ ഇല്ലെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.

മാത്രമല്ല ജില്ലാ പഞ്ചായത്തില്‍ യുഡിഎഫുമായും കേരളാ കോണ്‍ഗ്രസിനുള്ളിലെ വീതം വയ്പിലും ഉള്ളത് എഴുതി തയ്യാറാക്കിയ കരാറുകളാണ്. അതേസമയം പി.ജെ. ജോസഫ് ഇപ്പോള്‍ പറയുന്നത് വാക്കാല്‍ ഉണ്ടാക്കിയ കരാര്‍ എന്നതാണ്. അങ്ങനൊരു വാക്ക് തങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. എഴുതിയുണ്ടാക്കിയ കരാറുകള്‍ അവര്‍ പുറത്തുവിട്ടിട്ടുമുണ്ട്.

കോണ്‍ഗ്രസിന്‍റെ മുമ്പിലെ വെല്ലുവിളികള്‍ !

പ്രസി‍ഡന്‍റ് സ്ഥാനത്തെ ചൊല്ലി ജോസ്, ജോസഫ് വിഭാഗങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. കോട്ടയത്തുനിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഡിസിസി പ്രസിഡന്‍റും ജോസഫിന് അനുകൂല നിലപാടിലാണ്. 'എ' ഗ്രൂപ്പുകാരനായ കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്‍റ്  ജോഷി ഫിലിപ്പ്, ഐ ഗ്രൂപ്പ് നേതാവും കെപിസിസി വൈസ് പ്രസി‍ഡന്‍റുമായ ജോസഫ് വാഴയ്ക്കന്‍, കോട്ടയത്തുനിന്നുള്ള ഫിലിപ്പ് ജോസഫ് എന്നിവരാണ് ജോസഫിനായി ശക്തമായി വാദിക്കുന്നത്. മറ്റു രണ്ടു പ്രമുഖരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയും പക്ഷം ചേരാതെയും നില്‍ക്കുന്നു.

തൊട്ടാല്‍ പൊള്ളുന്നത് മുന്നണിക്ക് !

രണ്ടില്‍ ആര്‍ക്കൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നാലും മറ്റേ ഗ്രൂപ്പ് മുന്നണി വിടുന്നതാണ് നിലവിലെ സാഹചര്യം. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ 90 ശതമാനവും ജോസ് കെ, മാണിക്കൊപ്പമാണ്. നേതാക്കള്‍ ഭൂരിപക്ഷവും ജോസഫിനൊപ്പവും.

അതിനാല്‍തന്നെ ജോസഫിന്‍റെ ശക്തികേന്ദ്രം നിലവില്‍ തൊടുപുഴ മാത്രമാണ്. പിന്നെ പറയാവുന്നത് കോതമംഗലവും. മോന്‍സ് ജോസഫിന്‍റെ കടുത്തുരുത്തിയില്‍ പോലും ജോസ് കെ. മാണിയുടെ പാര്‍ട്ടിയാണ് ഒന്നാം പാര്‍ട്ടി. പാലായിലേതിലും ജോസ് പക്ഷത്തിന്‍റെ ശക്തികേന്ദ്രം കടുത്തുരുത്തിയാണ്.

publive-image

ജോസഫ് പോയാല്‍ ?, ജോസ് കെ. മാണി പോയാല്‍ !

കോട്ടയത്ത് കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും രണ്ടിലൊരു വിഭാഗം യുഡിഎഫ് വിടുമെന്ന നിരീക്ഷണം ശക്തമാണ്. അതില്‍ ജോസ് പക്ഷത്തിനൊപ്പമാണ് ഇടതുപക്ഷത്തിന്‍റെ മനസ്. ജോസ് പക്ഷത്തെ കിട്ടിയാല്‍ യു ഡി എഫ് സ്വാധീനമുള്ള 8 സീറ്റുകള്‍ ഉറപ്പിക്കാമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍.

പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, ഇടുക്കി, തിരുവല്ല സീറ്റുകളില്‍ ജോസ് പക്ഷം ശക്തമാണെന്ന് എല്‍ഡിഎഫ് കരുതുന്നു. ഇതില്‍ പാലാ, ഏറ്റുമാനൂര്‍, തിരുവല്ല എന്നിവ നിലവില്‍ അവര്‍ക്കുണ്ട്. പക്ഷെ ഉറച്ച സീറ്റുകളല്ല അവ. അതുള്‍പ്പെടെ 8 സീറ്റുകള്‍ ഉറപ്പിക്കാം എന്ന് സിപിഎം കരുതുന്നു.

എന്നാല്‍ ജോസഫിനൊപ്പം ചേര്‍ന്നാല്‍ തൊടുപുഴ മാത്രമാണ് ഉറച്ചകോട്ടയായി സിപിഎം കാണുന്നത്. ഫ്രാന്‍സീസ് ജോര്‍ജ് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കോതമംഗലം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്.

സിപിഎം കരുതുന്നതുപോലെ മധ്യകേരളത്തില്‍ യുഡിഎഫ് കോട്ടയില്‍ നിന്നും 5 മുതല്‍ 8 വരെ സീറ്റുകള്‍ ഇടതുപക്ഷം പിടിച്ചെടുത്താല്‍ യുഡിഎഫ് ഭരണത്തില്‍ വരാനുള്ള സാധ്യത മങ്ങും. അതാണ്‌ ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത്. ഇനി യു ഡി എഫില്‍ നിന്നും ഉടക്കി പിരിയുന്നത് ജോസഫ് ആണെങ്കിലും അവരെ സ്വീകരിക്കാന്‍ ഇടതുമുന്നണി ഒരുക്കമാണ്. ഇതിനായി ആദ്യ ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞതുമാണ്.

അതിനാല്‍ തന്നെ ജോസഫിനൊപ്പമാണ് കോണ്‍ഗ്രസിന്‍റെ മനസെങ്കിലും കെ. എം. മാണിയുടെ മകനെ പിണക്കിയാല്‍ അത് പണ്ടേ മാണിയുടെ ബദ്ധശത്രൃക്കളായ കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നതുപോലെ അത്ര ബുദ്ധിപരമായ രാഷ്ട്രീയ നീക്കമാകില്ല. പകരം പരിഹരിക്കാനാകാത്ത നഷ്ടവുമാകും ?

എന്നാല്‍ രണ്ട് കേരളാ കോണ്‍ഗ്രസുകാരും തമ്മില്‍തല്ലി മുന്നണിയില്‍ തുടരുന്നതും കോണ്‍ഗ്രസിന് നഷ്ടമാണ്. ഇവരുടെ തല്ലില്‍ നാലോ അഞ്ചോ സീറ്റുകള്‍ നഷ്ടമായേക്കാം.

ഇതിനിടെ കേരള കോണ്‍ഗ്രസ് വിഷയത്തില്‍ ശക്തമായ ഒരു നിലപാടെടുക്കാന്‍ രാഷ്ട്രീയ കാര്യ സമിതിയിലും കഴിഞ്ഞില്ല . പ്രവര്‍ത്തക പിന്തുണ ജോസ് കെ മാണിക്കാണെന്ന പൊതു അഭിപ്രായമാണ് നേതാക്കളും ഉയര്‍ത്തിയത് . ഈ സാഹചര്യത്തില്‍ കടുത്ത നിലപാടെടുത്ത് ജോസ് പക്ഷത്തെ പിണക്കിയാല്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലും നേതാക്കള്‍ മുന്നോട്ടു വച്ചു. അതിനാല്‍ കോണ്‍ഗ്രസിന്‍റെ ഭാവി നീക്കങ്ങള്‍ കരുതലോടെയാകും.

pj joseph and jose k mani
Advertisment