Advertisment

പാലാക്കാരുടെ കള്ളിന്‍റെയും ഷാപ്പിലെ കറിയുടെയും രുചിയൊന്നു വേറെ തന്നെ, ചരിത്രവും ! മരപ്പട്ടിയും വാവലും വിത്ത് പാകി, പ്രകൃതി താലോലിച്ച് 'പനപോലെ' വളര്‍ത്തി, പൂങ്കുലയിലൊളിപ്പിച്ച കൊതിപ്പിയ്ക്കുന്ന 'മധുരസലഹരി' യുമായി ചൂണ്ടപ്പനയുടെ കള്ളിന്‍റെ കഥയിങ്ങനെ .... !!

New Update

publive-image

Advertisment

പാലാ . മധുരംകിനിയുന്ന ഒരുതരം മണമായിരുന്നു ഷാപ്പുകള്‍ക്ക്. വലിയ കവുങ്ങിന്‍ പാള ഈര്‍ക്കിലി കൊണ്ട് അരികുകള്‍ തുന്നിക്കെട്ടി, ജാറാക്കി അതിലായിരുന്നു കള്ള് ചെത്തി ഷാപ്പിലെത്തിച്ചിരുന്നത്.

കള്ളും പാളയെന്നാണ് അതിന് പറഞ്ഞിരുന്നത്. കള്ള് നിറഞ്ഞ് തുളുമ്പുന്ന പാളയുടെ വാവട്ടത്തില്‍ നിന്നും നുരയും പതയും ഒലിച്ചിറങ്ങുന്നുണ്ടാവും.

ഷാപ്പിനു മുന്നിലൂടെ കടന്നുപോകുമ്പോള്‍ കയര്‍വലയില്‍ സുരക്ഷിതനായി ഇരിയ്ക്കുന്ന വലിയ ചില്ലുഭരണികളില്‍ കള്ള് നിറച്ച് വച്ചിരിയ്ക്കുന്നത് കാണാമായിരുന്നു. നാട്ടിലെ പ്രധാന കവലകളോട് ചേര്‍ന്ന്, അല്ലങ്കില്‍ റോഡിന് അഭിമുഖമായി ആണ് കള്ള്ഷാപ്പുകള്‍ മിക്കതും.

publive-image

കള്ള് എന്നാല്‍ കോട്ടയത്തിന് കിഴക്കോട്ടുള്ളവര്‍ക്ക് ചൂണ്ടപ്പനയുടെ കള്ളാണ്. തെങ്ങിന്‍കള്ള് വളരെ അപൂര്‍വ്വമായിരുന്നു.

രാവിലെയും വൈകുന്നേരവും ഷാപ്പുകള്‍ക്ക് ഊര്‍ജ്ജവും പ്രസരിപ്പും നല്‍കാന്‍ സ്ഥലത്തെ പ്രധാന കുടിയന്‍മാര്‍ ഹാജരാകും. സൂര്യനുതാഴെയുള്ള സകലമാന വിഷയവും തലനാരിഴകീറി ചികയും.

നാടന്‍ പാട്ടുകള്‍, അല്‍പം അശ്ലീലം കലര്‍ന്ന പാട്ടുകള്‍, നാട്ടിലെ ചില പെണ്ണൊരുമ്പെട്ടവളുമാരുടെ കഥകള്‍ എരിവും പുളിയും ചേര്‍ത്തത്, പിന്നെ തെറിപാട്ടുകളും ഒക്കെ ആയി സജീവമായിരുന്നു ഷാപ്പുകള്‍.

കള്ള് വില്‍ക്കാന്‍ എക്സൈസ് ഡിപ്പാര്‍ട്മെന്റ് വക ലൈസന്‍സ് വേണമല്ലോ. ഇങ്ങനെ ലൈസന്‍സ് എടുക്കുന്നവര്‍ കപ്പയും കറിയും ഉണ്ടാക്കി കൊടുക്കാന്‍ മെനക്കെടാറില്ല. പകരം പുറത്ത് നിന്ന് ആരെയെങ്കിലും വിളിച്ച് ഭക്ഷണം ഉണ്ടാക്കി കൊടുക്കാന്‍ സൗകര്യം ഷാപ്പിനോടനുബന്ധിച്ച് കൊടുക്കും. ഈ സൗകര്യം മിയ്ക്കപ്പോഴും സൗജന്യവുമാണ്.

കറിക്കാരെന്നാണ് ഇവരെ വിളിയ്ക്കുന്നത്. ചില ഷാപ്പിലെ കറികള്‍ക്ക് അതീവരുചിയുണ്ടായിരുന്നു. നല്ല എരിവോടെ കുടംപുളിയിട്ടു വറ്റിച്ച മത്തിയുടെയും അയലയുടെയും സ്വന്തമായി പൊടിച്ചെടുക്കുന്ന മസാലയില്‍ വേകുന്ന പോത്തിറച്ചിയും പന്നിയും കപ്പപുഴുക്കും ഷാപ്പിലെ കള്ളിനെ കുടിച്ച് വറ്റിയ്ക്കും.

വെളുത്ത കളിമണ്‍ കറിപ്ലെയിറ്റ് നിറയെ കപ്പപുഴുക്ക് വടിച്ചെടുത്ത്, അതിനുമുകളില്‍ മുളകരച്ചുവച്ച മീന്‍കറി ഒഴിച്ച് വിളമ്പുമ്പോള്‍ മഞ്ഞക്യാന്‍വാസില്‍ ആരോവരച്ച ചിത്രങ്ങളായി തോന്നിപ്പിയ്ക്കും.

കപ്പയ്ക്ക് മീന്‍ചാറ് സൗജന്യമായിരുന്നു. കഷ്ടിച്ച് കള്ളിന്റെയും കപ്പപുഴുക്കിന്റെയും പൈസ മാത്രമേ മിയ്ക്കവാറും പേരുടെ കൈയില്‍ ഉണ്ടാകുമായിരുന്നള്ളു. പോത്ത് കറിയും ഫ്രൈയും പന്നി ഫ്രൈയും മീന്‍ കറിയും സാമ്പത്തിക ശേഷിയുള്ള കുടിയന്‍മാരെ ഉദ്ദേശിച്ചായിരുന്നു.

publive-image

ഗ്ലാസ്സിലെ പനങ്കള്ള് കണ്ണടച്ച് ഒറ്റവലിയ്ക്ക് കുടിച്ചിട്ട് തള്ളവിരലും നടുവിരലും ചൂണ്ടാണിവിരലും കൂട്ടി മീന്‍ചാറില്‍ കുതിര്‍ന്ന കപ്പപ്പു ഴുക്ക് എടുത്ത് നാവിന്റെ നടുവിലോട്ട് തേച്ച്, ചവച്ച് വിഴുങ്ങികഴിയുമ്പോള്‍ നാക്ക്കൊണ്ട് ഞൊട്ടിനുണഞ്ഞ് ഒരു സീല്‍ക്കാരരാഗം പലബെഞ്ചില്‍ നിന്നും ഉയരുമായിരുന്നു.

കള്ള്കുടി തീരുന്നതുവരെ പലതാളത്തിലും ശ്രുതിയിലും സംഗതിയിലും സീല്‍ക്കാരരാഗം തുടരും.

കള്ള് കുടിയന്‍മാരുടെ വലിയ കൊമ്പന്‍മീശ കള്ളിലെ പുഴുക്കളെയും പ്രാണികളെയും ഉറുമ്പുകളെയും അരിച്ച് കുടിയ്ക്കാനാണ് എന്ന് കളിയായി പറയുന്നത് കേട്ടിട്ടുണ്ട്. പാലാക്കാരുടെ  വലിയ കൊമ്പന്‍മീശ പേടിപ്പിയ്ക്കുന്നതായിരുന്നു എങ്കിലും അവരൊക്കെ പരമസാധുക്കളായിരുന്നു.

കള്ള് കുടിയ്ക്കാനായി ചെറുപ്പക്കാരൊന്നും ഷാപ്പില്‍ അധികം വരാറില്ല. കള്ള്കുടി ഒരു മോശം കലാപരിപാടിയാണന്ന തോന്നല്‍ പലരിലും ഉണ്ടായിരുന്നു. എന്ന് മാത്രമല്ല ഷാപ്പിന്റെ പരിസരത്തെങ്ങാനും ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടാല്‍ അടുത്തനിമിഷം വീട്ടിലറിയുമെന്ന പേടിയും.

കള്ള് കുടിയ്ക്കാന്‍ വന്നവരാണങ്കിലും മുതിര്‍ന്നവരോട് ഇളം തലമുറയ്ക്ക് പേടികലര്‍ന്ന ബഹുമാനവും യുവതലമുറയെ ഷാപ്പില്‍ നിന്നും അകറ്റി. ആരും അറിയാത്ത ദൂരസ്ഥലങ്ങളിലെ ഷാപ്പുകളില്‍ പോകുമായിരുന്നു ചില പിള്ളേരൊക്കെ.

ആണുങ്ങളോടൊപ്പം കൂലിപ്പണിയ്ക്ക് പോകുന്ന ചില പെണ്ണുങ്ങളും കള്ള്കുടിയ്ക്കാന്‍ ഷാപ്പിലെത്തുമായിരുന്നു. കള്ള് കുടിച്ച് ഇത്തിരി വൃത്തം തെറ്റുമ്പോള്‍ ഈ പെണ്ണുങ്ങളെ കാണുമ്പോള്‍ അറിയാതെ പാടിപോകുന്നവരുമുണ്ട്.

പണ്ട് ഏതോ രസികന്‍ കുടിയന്‍ രചിച്ച്, അദ്ദേഹം തന്നെ ഈണമിട്ട കള്ളിഷ്ടപ്പെടുന്ന ഓരോ മലയാളിയും ഇന്നും പാടുന്ന പാട്ട്, കള്ളിന്റെ ഉണര്‍ത്തുപാട്ട്. കാലദേശ ഭേദമനുസരിച്ച് അല്‍പസ്വല്‍പ വ്യത്യാസങ്ങള്‍ വരാം.

'' കള്ളോളം നല്ലൊരു പാനീയം

ഭൂലോകത്തിലില്ലടി മറിയേ..!

തെല്ലോളമകത്തുചെന്നാല്‍ പിന്നെ

തക്കിട തരികിട തിത്തി തെയ്യ്.! ''

publive-image

വാശിയ്ക്ക് കള്ള്‌ കുടിയും, കള്ളുകുടിമത്സരവും ഷാപ്പില്‍ മാത്രമായി അരങ്ങേറിയിരുന്ന ചില വിനോദങ്ങളായിരുന്നു. കൈലിമുണ്ടും തോളത്ത് അലക്ഷ്യമായി കിടക്കുന്ന തോര്‍ത്തുമായിരുന്നു കുടിയ്ക്കാന്‍ വരുന്നവരുടെ യൂണിഫോം.ചിലരുടെ ഒക്കെ എളിയില്‍ തിരുകിയ മലപ്പുറം കത്തിയും പേനക്കത്തിയും കാണാം.

ഒരുകാലത്ത് കോട്ടയം ജില്ലയിലെ പ്രത്യേകിച്ച് മീനച്ചില്‍ താലുക്കിലെ പനങ്കള്ളിന്റെയും ഷാപ്പിന്റെയും പുരാവൃത്തമാണിത്. മറ്റ് ജില്ലകളിലും പനങ്കള്ളും ഷാപ്പും ഇല്ലന്നല്ല പറഞ്ഞ് വരുന്നത്. ഷാപ്പും ഷാപ്പിലെ കറിയും അതിനടുത്തുള്ള മുറുക്കാന്‍കടകളും നാടിന്റെ സ്പന്ദനമാപിനിയിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ചിരുന്നു.

ഇന്ന് ഷാപ്പുകള്‍ പലതും അപ്രത്യക്ഷമായി. ചിലത് സ്ഥാനം മാറി.  ഷാപ്പുകള്‍ കോലം കെട്ടു.  കറികള്‍ നാവിനിണങ്ങാത്ത സീല്‍ക്കാരരാഗം മൂളാന്‍ തുടങ്ങി. പേടിയില്ലാതെ പുതിയ തലമുറ ഷാപ്പിലേയ്ക്ക് വരാന്‍ തുടങ്ങിയപ്പോള്‍ ചൂണ്ടപ്പനയുടെ നല്ല കള്ള് ദുര്‍ലഭമായി.

പനങ്കള്ള് ചേര്‍ത്ത് ഉണ്ടാക്കുന്ന കള്ളപ്പവും, വെള്ളേപ്പവും ഒക്കെ കോട്ടയംകാരുടെ സ്വകാര്യ അഹങ്കാരമാണ്. അത് ചുട്ടെടുക്കുമ്പോള്‍ പടരുന്ന മണം നാവിലെ കൊതിഗ്രന്ഥികളില്‍ ഉറവച്ചാലുകള്‍ പൊട്ടിയ്ക്കും. പനങ്കള്ളിന്റെ വിനാഗിരി ചേര്‍ത്ത അച്ചാറുകളുടെ കാര്യം പറയാനുമില്ല.

പാലാ, രാമപുരം, വലവുര്‍, മരങ്ങാട്ടുപള്ളി, ഏഴാച്ചേരി, കടപ്ലാമറ്റം, കുടക്കച്ചിറ, ഉഴവൂര്‍ തുടങ്ങി മീനച്ചില്‍ താലൂക്കില്‍ മിയ്ക്ക സ്ഥലങ്ങളിലും പനങ്കള്ളില്‍ നിന്നും ഉണ്ടാക്കുന്ന ഒരു കിടിലന്‍ ഐറ്റമുണ്ട്, പാനി. പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്ത രുചിയുടെ, മധുരരസകാവ്യം. ഇതിന് പകരം വയ്ക്കാന്‍ ലോകത്ത് മറ്റൊരു മധുരം കണ്ടുപിടിയ്ക്കേണ്ടിയിരിയ്ക്കുന്നു.

publive-image

പാലായിലും പരിസരപ്രദേശങ്ങളിലും പനങ്കള്ളുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനമുണ്ട്. പാലായിലൂടെ പോയിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും. പനയുടമ സംഘം.

പുരയിടങ്ങളിലെ മുക്കിലും മൂലയ്ക്കും മരപ്പട്ടിയും വാവലും കാഷ്ടിയ്ക്കുന്ന പനങ്കുരു പ്രത്യേകിച്ച് ആരുടെയും പരിചരണമില്ലാതെ വളര്‍ന്ന് വലുതായി കുലയ്ക്കുമ്പോള്‍ പനചെത്താന്‍ കൊടുക്കുന്നു. നല്ല കള്ളുള്ള ഒരു പനയില്‍ നിന്നും പത്ത് ലിറ്റര്‍ മുതല്‍ പതിനഞ്ച് ലിറ്റര്‍ വരെ.. ചിലതില്‍ നിന്ന് ഇരുപത് ലിറ്റര്‍ വരെ കള്ള് കിട്ടാറുണ്ട്.

ഇങ്ങനെ ലഭിയ്ക്കുന്ന കള്ളിന് ലിറ്ററിന് അഞ്ച് രൂപാ വച്ച് പനയുടമയ്ക്ക് കിട്ടാറുണ്ട്. ഈ തുക ഷാപ്പില്‍ പോയി വാങ്ങാന്‍ പലര്‍ക്കും ബുദ്ധിമുട്ടായതുകൊണ്ട് പനയുടമകള്‍ ചേര്‍ന്ന് പല സ്ഥലങ്ങളിലും പനയുടമ സംഘം ഉണ്ടാക്കിയിട്ടുണ്ട്.

അതിന് പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന കമ്മറ്റിയും ഉണ്ട്. ഷാപ്പില്‍ നിന്നും കിട്ടുന്ന പനങ്കള്ളിന്റെ തുക സെക്രട്ടറി വാങ്ങി സംഘാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. സംഘത്തിന്റെ പ്രവര്‍ത്തനം ഇത്രയേ ഉള്ളൂ എന്ന് കുടക്കച്ചിറ പനയുടമ സംഘം സെക്രട്ടറി മനോജ് പറഞ്ഞു. സ്വന്തം കെട്ടിടമുള്ള പനയുടമ സംഘങ്ങളുമുണ്ട്.

പനങ്കള്ള് മാറ്റി നിര്‍ത്തേണ്ട ഒരു പാനീയമാണോ? ബിയറിനേക്കാളും വീര്യവും ആള്‍ക്കഹോളും കുറഞ്ഞ കള്ള് ആരോഗ്യകരവുമാണ്. സര്‍ക്കാര്‍ നല്ല കള്ള്കൊടുക്കാന്‍ പ്രതിഞ്ജാബദ്ധരായതുകൊണ്ടാണല്ലോ ഷാപ്പിന് ലൈസന്‍സ് കൊടുത്തിരിയ്ക്കുന്നത്.

ചൂണ്ടപ്പന ശാസ്ത്രീയമായി കൃഷിചെയ്ത് നല്ല കള്ള് ഉല്‍പാദിപ്പിയ്ക്കാനും വിതരണം ചെയ്യാനും കൃഷിവകുപ്പും എക്സൈസ് വകുപ്പും ഏകോപനം ഉണ്ടാക്കണം.

കള്ള് ചെത്താന്‍ ആ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ കുറഞ്ഞ് വരികയാണ്. അതിനും പരിഹാരം കാണേണ്ടിയിരിയ്ക്കുന്നു.

പനങ്കൈ ആനയ്ക്ക് ഇഷ്ടവിഭവമാണ്. പനയുടെ തടി ചെത്തി മിനുക്കി കാര്‍ഷിക ഉപകരണങ്ങള്‍ ആയ തൂമ്പയുടെയും കോടാലിയുടെയും കൈകള്‍ക്ക് ഉപയോഗിയ്ക്കാറുണ്ട്.

പനമൊഴികള്‍

...................

പെണ്ണ് പനപോലെ വളര്‍ന്നു

പനങ്കുല പൊലത്തെ മുടിയുള്ള പെണ്ണ്

പയ്യെതിന്നാല്‍ പനയും തിന്നാം

ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും

bar bribery case
Advertisment