Advertisment

ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ 'അറസ്റ്റ് ' ചെയ്യാന്‍ വിജിലന്‍സ് സംഘം പാലാ വരെയെത്തി ? പുലര്‍ച്ചെ അറസ്റ്റിനായിരുന്നു നീക്കം ! ചരടുവലിച്ചത് അന്നത്തെ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് നേരിട്ട് ! അര്‍ധരാത്രി വിവരം ചോര്‍ന്നതോടെ അറസ്റ്റ് തടഞ്ഞത് പിണറായി നേരിട്ട് ! അന്നുവരെ മിത്രങ്ങളായിരുന്ന പിണറായിയും ജേക്കബ് തോമസും തമ്മില്‍ തെറ്റിയതും മാണിയുടെ 'അറസ്റ്റ് ' നീക്കത്തില്‍ !

New Update

publive-image

Advertisment

കോട്ടയം: ബാര്‍ കോഴ കേസിന്‍റെ പിന്നാമ്പുറങ്ങളിലെ ഏറ്റവും നിര്‍ണായക നാടകങ്ങളിലൊന്നാണ് കെ.എം മാണിസാറിനെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് നടത്തിയ നീക്കം. കെ.എം മാണി പ്രതിപക്ഷത്തായിരിക്കെ ആയിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ നേതൃത്വത്തില്‍ നിര്‍ണായക നീക്കം നടന്നത്.

ബാര്‍ കോഴ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്തപ്പോള്‍ വിജിലന്‍സ് ഉപമേധാവിയായിരുന്ന ജേക്കബ് തോമസ് അന്നുതന്നെ ധനമന്ത്രിയായിരുന്ന കെ.എം മാണിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ സീനിയോറിറ്റി പ്രകാരം വിജിലന്‍സ് ഡയറക്ടറായതും ജേക്കബ് തോമസായിരുന്നു. ഇതോടെ ബാര്‍ കോഴ കേസ് ശക്തമായി അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു.

ജേക്കബ് തോമസിന് കെ.എം മാണിയോടുള്ള വ്യക്തിവിരോധം സ്വാഭാവികമായും കേസില്‍ പ്രതിഫലിച്ചുവെന്നായിരുന്നു ഇടതുപക്ഷത്തിന്‍റെ നിരീക്ഷണം. അതിനാല്‍ തന്നെ തെളിവുണ്ടെങ്കില്‍ മാത്രമേ നടപടി പാടുള്ളു, തെളിവുണ്ടെങ്കില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകണം എന്നായിരുന്നു വിജിലന്‍സിനുള്ള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം.

എന്തായാലും സര്‍ക്കാര്‍ പോലും അറിയാതെ സംസ്ഥാനത്തെ പ്രമുഖനായ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ 2016 അവസാനം വിജിലന്‍സ് ഡ‍യറക്ടര്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഇതുപ്രകാരം വിജിലന്‍സിന്‍റെ 8 വാഹനങ്ങളിലായി 32 അംഗ സംഘം ഒരു ദിവസം പാലായിലും കോട്ടയത്തുമായി തമ്പടിച്ചു. കോട്ടയം വിജിലന്‍സ് എസ്.പി പോലും അറിയാതെയായിരുന്നു നീക്കം. പുലര്‍ച്ചെ വീട്ടിലെത്തി കെ.എം മാണിയെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്തായാലും രാത്രി വൈകി ഈ അറസ്റ്റ് നീക്കം കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ ചെവിയിലെത്തി.

മാണിസാറിന്‍റെ യാത്രാ പരിപാടിയും അദ്ദേഹം വീട്ടിലുള്ള സമയവുമൊക്കെ വിജിലന്‍സിന് ചോര്‍ത്തി നല്‍കിയതും അന്ന് മാണിസാറിന്‍റെ നിഴലായിരുന്നവരായിരുന്നു. എന്തായാലും രാത്രി വിവരം അറിഞ്ഞ ഉടന്‍ ഈ 'നിഴലുകള്‍' പോലും അറിയാതെ മാണി സാറിനെ വീട്ടില്‍ നിന്നും മാറ്റി. ആദ്യം പിണറായിയുടെ പ്രതികാര നടപടി എന്നായിരുന്നു കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ സംശയം. എന്നാല്‍ ഇത് ജേക്കബ് തോമസിന്‍റെ നീക്കമാണെങ്കില്‍ അക്കാര്യം പിണറായിയെ അറിയിക്കണമെന്ന് കരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ തീരുമാനിച്ചു.

അര്‍ധരാത്രിയിലാണ് വിവരം പിണറായിയുടെ ചെവിയിലെത്തുന്നത്. ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസിന്‍റെ അറസ്റ്റിനു തക്ക തെളിവ് ഉണ്ടോ എന്ന് തിരക്കി. യാതൊന്നുമില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ ഉന്നതങ്ങളില്‍ നല്‍കിയ മറുപടി. ഉടന്‍ അര്‍ധരാത്രിതന്നെ ജേക്കബ് തോമസിന്‍റെ ഫോണിലേയ്ക്ക് മുഖ്യമന്ത്രിയുടെ വിളിയെത്തിയെന്ന് പറയുന്നു.

'താങ്കള്‍ക്ക് ഞങ്ങള്‍ വാഹനം ഓടിക്കാനുള്ള ലൈസന്‍സാണ് നല്‍കിയത്. അല്ലാതെ വാഹനം ഓടിച്ച് ആളെ കൊല്ലാനുള്ള ലൈസന്‍സല്ലത്. അത്തരം വല്ല ഉദ്ദേശ്യവുമുണ്ടെങ്കില്‍ അങ്ങ് മാറ്റി വച്ചേക്കണം' എന്നായിരുന്നു ആ സന്ദേശമെന്നാണ് ഉന്നതകേന്ദ്രങ്ങള്‍ പുറത്തുവിട്ടത്.

എന്തായാലും ആ രാത്രിതന്നെ അന്ന് പാലായിലും കോട്ടയത്തുമായി രാവിലെതന്നെ 'കെ.എം മാണി ഓപ്പറേഷനുവേണ്ടി' തയ്യാറായി നിന്ന ഉദ്യോഗസ്ഥരോട് മടങ്ങിപ്പോരാന്‍ ഉന്നതന്‍റെ നിര്‍ദ്ദേശമെത്തി.

യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ അറിയാതെയായിരുന്നു അന്നത്തെ വിജിലന്‍സിന്‍റെ ഈ നീക്കം. തെളിവില്ലാതെ അറസ്റ്റ് ചെയ്താല്‍ തിരിച്ചടിയാകില്ലെ എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ ഉന്നതനോട് തിരക്കിയപ്പോള്‍ അതൊക്കെ അഞ്ചോ ആറോ വര്‍ഷം കഴിഞ്ഞല്ലേ, അന്ന് ഞാനും താനും സര്‍വ്വീസില്‍ ഉണ്ടാകില്ലല്ലോ... എന്നായിരുന്നുവത്രെ വിജിലന്‍സ് ഉന്നതന്‍റെ മറുപടിയത്രെ !

അന്നു മുതലാണ് മുഖ്യമന്ത്രി പിണറായി വിജയനും ജേക്കബ് തോമസും തമ്മില്‍ രണ്ട് തട്ടിലാകുന്നതത്രെ. ജേക്കബ് തോമസിന്‍റെ ഒരു വലിയ ആഗ്രഹമായിരുന്നു കെ.എം മാണിയുടെ അറസ്റ്റ്.

km mani
Advertisment