Advertisment

താജുദ്ധീന്‍ നിരപരാധിയെന്ന് തെളിഞ്ഞു : ചക്കരക്കല്‍ മോഷണക്കെസില്‍ യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

Advertisment

മോഷണക്കെസില്‍ ആള് മാറി നിരപരാധിയെ അറസ്റ്റ് ചെയ്ത ചക്കരക്കല്ലിലെ മാലമോഷണക്കേസില്‍ യഥാര്‍ഥ പ്രതി പിടിയിലായി. മാഹി അഴിയൂര്‍ സ്വദേശി ശരത് വത്സരാജ് (45) കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.

ചക്കരക്കല്ലിലെ വീട്ടമ്മയായ രാഖിയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. സി.സി.ടി.വി. ദൃശ്യത്തിലെ സാമ്യം കാരണം ഈ കേസില്‍ ആളുമാറി കതിരൂര്‍ പുല്യോട് സ്വദേശിയും പ്രവാസിയുമായ താജുദ്ദീനെ ചക്കരക്കല്‍ എസ്.ഐ. ബിജു അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ 54 ദിവസം റിമാന്‍ഡിലുമായി.

പൊലീസിന്റെ അനാസ്ഥ തനിക്കുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാട്ടി താജുദ്ധീന്റെ കുടുംബം പൊലീസിനെതിരെ പരാതി നല്‍കിയിരുന്നു. താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു,

പരാതിയെ തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ചക്കരക്കല്‍ എസ്.ഐ. ബിജുവിനെ കണ്ണൂര്‍ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി. സദാനന്ദനായിരുന്നു കേസിന്റെ ചുമതല.

ഒരു ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പ്രതിയായി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇപ്പോള്‍ കസ്റ്റഡിയിലായ അഴിയൂര്‍ സ്വദേശി ശരത്. മോഷണക്കേസില്‍ യഥാര്‍ഥ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പോലീസ് കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സി.സി.ടി.വി.യില്‍ കണ്ട വ്യക്തിക്ക് താജുദ്ദീനോട് വളരെ സാമ്യമുണ്ട്. ഇതുതന്നെയാണ് ചക്കരക്കല്‍ പോലീസിന് പിഴച്ചതും. വിശദമായ പരിശോധനയില്‍ പ്രതിയുടെ കൈയില്‍ സ്റ്റീല്‍ വളയുണ്ടെന്നും മുഖത്ത് അഞ്ച് മുറിപ്പാടുകള്‍ ഉണ്ടെന്നും കണ്ടെത്തി.

ഈ ചിത്രം സംസ്ഥാനത്തെ എല്ലാ ക്രൈം സ്‌ക്വാഡുകള്‍ക്കും അയച്ചുകൊടുത്തു. അപ്പോഴാണ് പ്രതി കോഴിക്കോട് ജയിലില്‍ മറ്റൊരു കേസില്‍ റിമാന്‍ഡിലുണ്ടെന്ന വിവരം കിട്ടിയത്. ചോദ്യംചെയ്യലില്‍ ശരത് കുറ്റം സമ്മതിച്ചു. കളവുമുതല്‍ വിറ്റ സ്ഥലവും പറഞ്ഞുകൊടുത്തു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്‌കൂട്ടര്‍ മാഹിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Advertisment