Advertisment

വീട്ടിൽ നിന്നു കവർന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തത് മോഷ്ടാവിന്റെ ഭാര്യാപിതാവിന്റെ കുഴിമാടത്തിൽ നിന്ന് ; തിരുവനന്തപുരത്ത് നടന്നത്‌

New Update

ചിറയിൻകീഴ് : കടയ്ക്കാവൂരിൽ വീട്ടിൽനിന്നു കവർന്ന സ്വർണാഭരണങ്ങൾ മോഷ്ടാവിന്റെ ഭാര്യാപിതാവിന്റെ കുഴിമാടത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. പ്രവാസിയായ മണമ്പൂർ പാർത്തുക്കോണം എഎസ് ലാൻഡിൽ അശോകന്റെ അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് കടത്തിയ 40 പവനിലേറെ വരുന്ന സ്വർണാഭരണങ്ങളാണു കേസിലെ രണ്ടാംപ്രതിയും മുഖ്യസൂത്രധാരനുമായ കണ്ണപ്പൻ എന്നുവിളിക്കുന്ന ആറ്റിങ്ങൽ ആർ.എസ്. നിവാസിൽ രതീഷി(35)ന്റെ ഭാര്യാ പിതാവിനെ സംസ്കരിച്ച കവലയൂരിലെ കുഴിമാടത്തിൽ നിന്നു കണ്ടെത്തിയത്.

Advertisment

publive-image

ഇക്കഴിഞ്ഞ ജനുവരി എട്ടിന് രാത്രി വീടു കുത്തിത്തുറന്ന പ്രതികൾ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും യുഎഇ ദിർഹമടക്കം വിദേശകറൻസിയുൾപ്പെടെ 50,000ത്തോളം രൂപയും അപഹരിച്ചു. കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ രതീഷുൾപ്പെടെ പെരുങ്കുളം തൊപ്പിച്ചന്ത റോഡുവിളവീട്ടിൽ സിയാദ്(27), മണനാക്ക് പെരുംകുളം എം.വി.പി.ഹൗസിൽ സെയ്ദലി(21), വക്കം വലിയപള്ളി മേത്തരുവിളാകം വീട്ടിൽ സിയാദ്(20) എന്നിവരടങ്ങുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യ പ്രതി രതീഷിനെ ചോദ്യം ചെയ്തപ്പോഴാണു സ്വർണാഭരണങ്ങളടക്കം പുരയിടത്തിൽ ഒളിപ്പിച്ചിരിക്കുന്നെന്നു സൂചന കിട്ടിയത്. പൊലീസ് സ്ഥലങ്ങൾ കിളച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപത്ത് ഒരാഴ്ച മുൻപു സംസ്കാരം നടന്ന കുഴിമാടത്തിൽ മണ്ണിളകിക്കിടന്നതു പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്

പിടിയിൽ പെടുമ്പോഴെല്ലാം പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞു പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും മോഷണവസ്തുക്കളെക്കുറിച്ചു അവ്യക്തതയുണ്ടാക്കുകയുമാണ് രതീഷിന്റെ രീതിയെന്നു പൊലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി പി.എ.ബേബിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ സിഐ എസ്.എം.റിയാസ്, എസ്ഐ വിനോദ് വിക്രമാദിത്യൻ, ഗ്രേഡ് എസ്ഐ വിജയകുമാർ, സിപിഒമാരായ ദിലീപ്, മഹേഷ് എന്നിവരുൾപ്പെട്ട അന്വേഷണസംഘത്തിന്റെ നീക്കങ്ങളാണു മോഷണമുതലുകൾ കണ്ടെത്തുന്നതിനു വഴിയൊരുക്കിയത്.

കിളിമാനൂരിൽ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലും കടയ്ക്കലിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കടന്നുകയറി 500പവനിലേറെ പണയസ്വർണാഭരണങ്ങൾ കൊള്ളയടിച്ച കേസിലും പൊലീസ് അന്വേഷിച്ചുവന്ന പ്രതിയാണു രതീഷ്.

അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് ഉൾപ്പെടെ വൻതോതിൽ ലഹരിവസ്തുക്കൾ ജില്ലയിലെത്തിച്ച് യുവാക്കളടങ്ങുന്ന സംഘത്തെ നിയോഗിച്ചു വിൽപനനടത്തുന്ന സംഘത്തിന്റെ തലവൻ കൂടിയാണു പ്രതിയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം വെഞ്ഞാറമൂടിനു സമീപം തേമ്പാംമൂട് സ്വദേശിയുടെ വീട്ടിൽ കവർച്ച നടത്തി ഒളിവിൽ പോയ രതീഷിനെ ഗോവയിൽ നിന്നാണു അന്നു പൊലീസ് പിടികൂടിയത്.

Advertisment