Advertisment

തേജസ് ദിനപത്രം അടച്ചു പൂട്ടുന്നു; ഡിസംബര്‍ 31ന് അച്ചടി നിര്‍ത്തും

New Update

publive-image

കോഴിക്കോട്- പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം ഡിസംബര്‍ 31ന് അച്ചടി നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി പരസ്യം നിഷേധിക്കുന്നത് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് പത്രം അടച്ചു പൂട്ടാന്‍ കാരണം. അതേസമയം പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ തുടരാനും തീരുമാനിച്ചു. പത്രത്തിന് ഞായറാഴ്ച അവധി നല്‍കി എല്ലാ ജീവനക്കാരേയും ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്താണ് മാനേജ്‌മെന്റ് പത്രം അച്ചടി നിര്‍ത്തുന്ന കാര്യം അറിയിച്ചത്. നിലവില്‍ അച്ചടിച്ചു വരുന്ന തേജസ് ദ്വൈവാരിക വാരികയാക്കി പരിഷ്‌ക്കരിക്കാനും ഓണ്‍ലൈന്‍ എഡീഷന്‍ വിപുലപ്പെടുത്താനും കമ്പനി തീരുമാനിച്ചു.

മാനേജ്‌മെന്റ് തീരുമാനം ഇരുന്നൂറോളം ജീവനക്കാരെ ബാധിക്കും. ഇവര്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടാന്‍ ധാരണയായിട്ടുണ്ട്. കുറച്ചു ജീവനക്കാരെ വാരികയിലും ഓണ്‍ലൈനിലുമായി നിലനിര്‍ത്തുമെങ്കിലും ഭൂരിപക്ഷം ജീവനക്കാര്‍ക്കും മറ്റു തൊഴില്‍ തേടേണ്ടി വരും. 2006 ജനുവരി 26നാണ് തേജസ് ദിനപത്രം കോഴിക്കോട് ആസ്ഥാനമായി അച്ചടി ആരംഭിച്ചത്. കോഴിക്കോടിനു പുറമെ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്. സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ എഡിഷനുകള്‍ ഒന്നര വര്‍ഷം മൂമ്പ് പൂട്ടിയിരുന്നു.

Advertisment