മാണി തോമസ്‌ ചാഴികാടനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുതന്നെ ! പിന്തുണച്ച് ചെന്നിത്തലയും മുല്ലപ്പള്ളിയും വിഡി സതീശനും. ബെന്നി ബഹന്നാന്‍റെ പ്രസ്താവനയില്‍ മാണി വിഭാഗം യുഡിഎഫ് നേതൃത്വത്തെ പ്രതിക്ഷേധം അറിയിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, March 12, 2019

കോട്ടയം : തോമസ്‌ ചാഴികാടനെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് നേതൃത്വവുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്. പിജെ ജോസഫ് സീറ്റിന് അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കണം എന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് യുവനേതാക്കളെ തള്ളി സ്ഥാനാര്‍ഥിത്വം തോമസ്‌ ചാഴികാടനിലേയ്ക്ക് എത്തിയതെന്നാണ് സൂചന.

പരമ്പരാഗതമായി ഇടതുപക്ഷം വിജയിച്ചിരുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ 4 തവണ തുടര്‍ച്ചയായ വിജയം നേടിയ ഉന്നതനായ നേതാവിനെ തന്നെ മത്സരിപ്പിക്കാന്‍ മാണി തീരുമാനിച്ചത് പിജെ ജോസഫിന്‍റെ അവകാശവാദങ്ങള്‍ക്ക് തടയിടാന്‍ കൂടിവേണ്ടിയാണ്. മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാക്കളൊക്കെ തോമസ്‌ ചാഴികാടന്റെ സ്ഥാനാര്‍ഥിത്വം സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട് .

കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത് മികച്ച സ്ഥാനാര്‍ത്ഥിയെതന്നെ എന്നാണ് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന ഉടന്‍ തന്നെ തോമസ്‌ ചാഴികാടനെ അഭിനന്ദനം അറിയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ യു ഡി എഫ് ചെയര്‍മാനായ ചെന്നിത്തലയുടെ പ്രതികരണം കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നായിരുന്നു.

ഇന്ന് രാവിലെ ജോസ് കെ മാണി രമേശ്‌ ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായും ചര്‍ച്ച നടത്തിയിരുന്നു. ബെന്നി ബഹന്നാന്റെ പ്രസ്താവനയില്‍ കേരളാ കോണ്‍ഗ്രസ് യു ഡി എഫ് നേതൃത്വത്തെ പ്രതിക്ഷേധം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപക്വമായ പെരുമാറ്റമാണ് ബെന്നി ബഹന്നാനില്‍ നിന്നും ഉണ്ടായതെന്ന് മാണി വിഭാഗം പരാതിപെട്ടിട്ടുണ്ട്.

അതേസമയം പി ജെ ജോസഫ് നടത്തുന്ന വിമത നീക്കങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നത് കെ സി ജോസഫ് എം എല്‍ എയാണെന്നാണ് മാണി വിഭാഗത്തിന്‍റെ ആരോപണം. കേരളാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശ്രമിക്കുന്നു എന്ന് മാണി വിഭാഗം നേതാക്കള്‍ പറയുന്നു. ഇതിന്‍റെ ഭാഗമായാണ് ബെന്നി ബഹന്നാന്റെ പ്രതികരണമെന്നും ബെന്നിയുടെ അടുത്ത സുഹൃത്തായ ജില്ലാ നേതാവ് തൊടുപുഴയില്‍ പിജെ ജോസഫിനെ കണ്ട് പിന്തുണ അറിയിച്ചതെന്നും മാണി വിഭാഗം കരുതുന്നു.

×