Advertisment

കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണത്തെ തള്ളിയ മന്ത്രി തോമസ് ഐസക്കിന്റെ നിലപാട് പ്രതിസന്ധിയിലാക്കുക സിപിഎമ്മിനെയും സര്‍ക്കാരിനെയും ! മന്ത്രി തന്നെ വിജിലന്‍സിനെ തള്ളിയതോടെ ഏജന്‍സിയുടെ വിശ്വാസ്യത ഇല്ലാതായി ! പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തെ ഇനി പ്രചാരണ വിഷയമാക്കിയാല്‍ തിരിച്ചടിക്കുമെന്ന് സിപിഎമ്മിന് ഭയം. സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ പകപോക്കലിന് ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തിയേറുന്നു. തോമസ് ഐസക്കിന്റെ പ്രസ്താവന ബൂമറാങ് ആകുമ്പോള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനു പിന്നാലെ വിജിലന്‍സിനെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചതോടെ പ്രതിസന്ധിയിലാകുന്നത് സര്‍ക്കാരും സിപിഎമ്മും. വിജിലന്‍സിന്റെ അന്വേഷണത്തെയും റെയ്ഡിനെയും മന്ത്രിതന്നെ വിമര്‍ശിച്ചതോടെ കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം തന്നെ വലിയ പ്രചാരണവിഷയമാക്കിയ പല വിജിലന്‍സ് അന്വേഷണങ്ങളും ഇനി എങ്ങനെ ഉയര്‍ത്തിക്കാണിക്കുമെന്ന വലിയ പ്രതിസന്ധിയിലേക്ക് സിപിഎം എത്തിച്ചേരുകയാണ്.

സംസ്ഥാനത്ത് അഴിമതി അന്വേഷിക്കുന്ന ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ. പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പല ആരോപണങ്ങളും ഇടതു സര്‍ക്കാര്‍ തന്നെ അന്വേഷണത്തിന് ഏല്‍പ്പിച്ചിരിക്കുന്നത് വിജിലന്‍സിനെയാണ്. പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്ന ബാര്‍കോഴ കേസ്, വിഡി സതീശനെതിരെ പുനര്‍ജനി അന്വേഷണം, കെഎം ഷാജിക്കെതിരെ ഉയര്‍ന്ന പ്ലസ്ടു കോഴയാരോപണം തുടങ്ങി നിരവധി കേസുകളാണ് ഈ സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് അന്വേഷിക്കുന്നത്.

ഈ കേസന്വേഷണത്തിന്റെ കൂടി വിശ്വാസ്യതയാണ് ഐസക്കിന്റെ ആരോപണത്തോടെ ഇല്ലാതാകുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഒന്നും വിജിലന്‍സ് ചെയ്യരുതെന്ന് ഒരു മന്ത്രി പറയുന്നത് ഭരണഘടനാ ലംഘനവും സ്വതന്ത്രമായ അന്വേഷണത്തിന്‍മേലുള്ള കടന്നുകയറ്റവുമാണ്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ച് മാത്രം സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് ധനമന്ത്രിയുടെ വാദം ശക്തി പകരുന്നുമുണ്ട്.

നാളെ പ്രതിപക്ഷം ധനമന്ത്രിയുടെ വാക്കുകളെ ആയുധമാക്കിയാല്‍ അവരെ തെറ്റു പറയാനും ആകില്ല. തങ്ങള്‍ക്കെതിരെ വരുന്ന ഏതന്വേഷണ ഏജന്‍സികളെയും തള്ളിപ്പറയുകയും എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നു ഇതിനകം വിമര്‍ശനം ഉയര്‍ന്നിരുന്നു. സിഎജി അടക്കമുള്ള കേന്ദ്ര സ്ഥാപനങ്ങളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികളെയും നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ വിമര്‍ശനത്തില്‍ മൂടിയിരുന്നു.

ഇതിനു പിന്നാലെയാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയ സംസ്ഥാന അന്വേഷണ ഏജന്‍സിയായ വിജിലന്‍സിനെതിരെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം തന്നെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ധനകാര്യസ്ഥാപനം പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യം കെഎസ്എഫ്ഇയിലെ റെയ്ഡില്‍ വിജിലന്‍സ് പാലിച്ചില്ലെന്നും ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.

വിജിലന്‍സ് വിശ്വാസ്യത ഇല്ലാതാക്കരുത്. വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്നായിരുന്നു റെയ്ഡ് നടന്ന ദിവസം തന്നെ മന്ത്രി പ്രതികരിച്ചത്.

എന്തായാലും തോമസ് ഐസക്കിന്റെ പ്രതികരണം വെട്ടിലാക്കിയത് സിപിഎമ്മിനെ തന്നെയാണ്. നാളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം എന്നു പറഞ്ഞ് പ്രചാരണം നടത്തിയാല്‍ ഐസക്കിന്റെ വാദങ്ങള്‍ ഉയര്‍ത്തിയാകും അവര്‍ മറുപടി പറയുക. അതു സിപിഎമ്മിന് തന്നെ തിരിച്ചടിയാകും.

Advertisment