Advertisment

ഇന്ത്യയിൽ ടിക് ടോക്ക് നിരോധിക്കുന്നു: കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

New Update

ചെന്നൈ: കൊലയാളി ആപ്ലിക്കേഷനായ ബ്ലൂ വെയിലിന് നിരോധനം കൊണ്ടു വന്നതു പോലെ ടിക് ടോക്ക് ആപ്പിനും നിരോധനം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഏപ്രിൽ 16ന് മുൻപ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നുമാണ് ആവശ്യം.

Advertisment

ടിക്‌ ടോക് ആപ്ലിക്കേഷനു വിലക്കേർപ്പെടുത്തണം എന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണു കോടതിയുടെ നിരീക്ഷണം.

publive-image

സ്വകാര്യത ലംഘിക്കുന്നതിനാൽ ആളുകൾ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വിഡിയോകൾക്കു മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിച്ചു നിർമ്മിച്ച വിഡിയോകൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി പരിഗണിച്ചത്.

കുട്ടികൾക്കെതിരെയുളള ലൈംഗിക ചൂഷണവും സൈബർ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാസ്യപരിപാടികൾക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വിഡിയോകൾ സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറിയുള്ള ചിത്രീകരണം ആത്മഹത്യയ്ക്കു കാരണമായ സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണു പ്രാങ്ക് വിഡിയോകൾ കോടതി വിലക്കിയത്.

സർക്കാർ ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ച കോടതി ബ്ലൂ വെയിൽ ആപ്പ് നിരോധിച്ചതു പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ട് നിരോധനം ഏർപ്പെടുത്തും എന്ന് വിചാരിക്കരുത്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടു.

ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചത്. സ്വകാര്യത മുൻനിർത്തി അമേരിക്കയും ഇന്തൊനീഷ്യയും ടിക്‌ ടോക്കിന് നിരോധനം ഏർപ്പെടുത്തിയത് പോലെ ഇന്ത്യയിലും നിരോധനം കൊണ്ടു വരണമെന്നാണു ഹർജിക്കാരന്റെ ആവശ്യം.

വീഡിയോകൾ അപ്‌ലോഡ് ചെയ്യാനായി നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് ടിക് ടോക്. ലക്ഷക്കണക്കിന് വീഡിയോകളാണ് ദിവസവും ഇതിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അഞ്ച് കോടിയിലധികം പേരാണ് നിലവിൽ ഇന്ത്യയിൽ ടിക് ടോക് ആപ്പ് ഉപയോഗിക്കുന്നത്.

Advertisment